വീട്ടില്‍ കയറി താലിമാല പൊട്ടിച്ചു, മുഖത്തടിച്ചു; ബിജെപി കൗണ്‍സിലര്‍ സുഗതന്റെ അറസ്റ്റില്‍ പോലീസിനെതിരെ ഭാര്യ; ഒളിവിലായിരുന്നില്ല, ചിക്കന്‍പോക്‌സിന് ചികിത്സയിലെന്ന് വാദം; സുഗതനെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി

തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ ആര്‍. സുഗതനെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. വട്ടിയൂര്‍ക്കാവ് വാഴോട്ടുകോണത്തെ വീട്ടില്‍ വനിതാ പോലീസില്ലാതെ അതിക്രമിച്ചു കയറിയ പോലീസ് സംഘം, താലിമാല വലിച്ചുപൊട്ടിച്ചതായും മുഖത്തടിച്ചതായും സുഗതന്റെ ഭാര്യ അശ്വതി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, അറസ്റ്റിനിടെ പോലീസിനെ ആക്രമിച്ചതിന് സുഗതനെതിരെ മറ്റൊരു കേസ് കൂടി പോലീസ് രജിസ്റ്റര്‍ ചെയ്തു. കരുതല്‍ തടങ്കല്‍ ഉത്തരവുള്ളതിനാല്‍ കോടതിയില്‍ ഹാജരാക്കാതെ സുഗതനെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. വട്ടിയൂര്‍ക്കാവ് സ്റ്റേഷന്‍ പരിധിയില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ കന്റോണ്‍മെന്റ് സ്റ്റേഷനിലെത്തിച്ചാണ് തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കിയത്.
പോലീസ് നടപടിക്കെതിരെ കടുത്ത പ്രതിഷേധവുമായാണ് സുഗതന്റെ ഭാര്യ രംഗത്തെത്തിയത്. ‘എന്റെ പതിനാലും എട്ടും വയസ്സുള്ള മക്കളുടെ മുന്നിലിട്ടാണ് പോലീസ് തള്ളിക്കയറി വന്ന് ഉപദ്രവിച്ചത്. അവര്‍ എന്നെ അസഭ്യം പറയുകയും മുഖത്തടിക്കുകയും മുതുകില്‍ ചവിട്ടുകയും ചെയ്തു. കഴുത്തിലുണ്ടായിരുന്ന താലിമാല വലിച്ചുപൊട്ടിച്ചാണ് പോലീസ് കൊണ്ടുപോയത്, അത് ഇതുവരെ തിരികെ തന്നിട്ടില്ല. സുഗതന്‍ ഒളിവിലായിരുന്നില്ല. ചിക്കന്‍പോക്‌സ് ബാധിച്ച് വീട്ടില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.’ – അശ്വതി പറഞ്ഞു.
അതിനിടെ, വധശ്രമം ഉള്‍പ്പെടെ പത്തോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സുഗതനെതിരെ പോലീസ് കാപ്പ ചുമത്തിയിരുന്നു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെയാണ് വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒ വിപിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടാനെത്തിയത്. ഈ സമയത്ത് സുഗതന്റെ അനുയായികള്‍ പോലീസിനെ വളയുകയും ആക്രമിക്കാന്‍ മുതിരുകയും ചെയ്തു. തുടര്‍ന്ന് സ്വയരക്ഷയ്ക്കായി എസ്എച്ച്ഒ ആകാശത്തേക്ക് വെടിവെക്കുകയായിരുന്നു.
സംഘര്‍ഷത്തില്‍ എസ്എച്ച്ഒ വിപിന്‍, എസ്‌ഐ അഭിജിത്ത് എന്നിവര്‍ക്ക് പരിക്കേറ്റു. സിഐ വിപിനെ നിലവില്‍ സ്‌കാനിംഗിന് വിധേയനാക്കിയിരിക്കുകയാണ്. മുന്‍പ് റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്ന സുഗതന്‍ ബിജെപി ടിക്കറ്റില്‍ കൗണ്‍സിലര്‍ സ്ഥാനാര്‍ത്ഥിയായതു തന്നെ മുന്‍പ് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.