നികേഷിന്റെ വിധി പിണറായിയുടെ കൈകളില്‍; കണ്ണൂരില്‍ ‘ജയരാജ’ യുഗത്തിന് അന്ത്യം? വെട്ടിനിരത്തലുമായി ഗോവിന്ദന്‍ മാസ്റ്റര്‍

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സി.പി.എം. സ്ഥാനാര്‍ത്ഥി പട്ടിക അന്തിമഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ കണ്ണൂര്‍ സിപിഎം രാഷ്ട്രീയത്തില്‍ പൊട്ടിത്തെറിയ്ക്ക് സാധ്യത. മാധ്യമരംഗത്തുനിന്നും സജീവ രാഷ്ട്രീയത്തിലേക്ക് എത്തിയ എം.വി. നികേഷ് കുമാറിന് ഇത്തവണ സീറ്റ് ലഭിക്കണമെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള ഇടപെടല്‍ അനിവാര്യമാകും. നിലവിലെ ജില്ലാ നേതൃത്വത്തിന്റെ പട്ടികയില്‍ നികേഷിന് പച്ചക്കൊടി ലഭിച്ചിട്ടില്ലെന്നാണ് സൂചന. ഇതോടെ നികേഷിന്റെ പാര്‍ലമെന്ററി മോഹങ്ങള്‍ ഇനി മുഖ്യമന്ത്രിയുടെ തീരുമാനത്തെ ആശ്രയിച്ചിരിക്കും.

കണ്ണൂര്‍ രാഷ്ട്രീയത്തിലെ അതികായന്മാരായ ഇ.പി. ജയരാജന്‍, പി. ജയരാജന്‍, എം.വി. ജയരാജന്‍ എന്നീ മൂന്ന് ജയരാജന്മാരും ഇത്തവണ മത്സരരംഗത്തുണ്ടാകില്ലെന്ന് ഏകദേശം ഉറപ്പായി. ജില്ലയിലെ പാര്‍ട്ടിയെ പൂര്‍ണ്ണമായും തന്റെ നിയന്ത്രണത്തിലാക്കാനുള്ള എം.വി. ഗോവിന്ദന്റെ നീക്കമാണിതെന്ന് വിലയിരുത്തപ്പെടുന്നു. ജയരാജന്മാരെ വെട്ടിനിരത്തുന്നതിലൂടെ പാര്‍ട്ടിയിലെ ഒരു കാലഘട്ടത്തിനാണ് തിരശ്ശീല വീഴുന്നത്. പകരം വിശ്വസ്തരെയും യുവാക്കളെയും അണിനിരത്തി പുതിയൊരു ‘കണ്ണൂര്‍ മോഡല്‍’ സൃഷ്ടിക്കാനാണ് സംസ്ഥാന സെക്രട്ടറിയുടെ ശ്രമം.

റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിച്ച കെ.കെ. ശൈലജ ടീച്ചറെ മട്ടന്നൂരില്‍ നിന്ന് മാറ്റാനുള്ള തീരുമാനം പാര്‍ട്ടിയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ഇത്തവണ ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി വി.കെ. സനോജിനെ മട്ടന്നൂരില്‍ പരീക്ഷിക്കാനാണ് നീക്കം. മറ്റ് ജില്ലകളില്‍ സിറ്റിംഗ് എം.എല്‍.എമാര്‍ക്ക് ഇളവ് നല്‍കുമ്പോഴും ജനപ്രിയ നേതാവായ ശൈലജ ടീച്ചറെ മാറ്റിനിര്‍ത്തുന്നത് പാര്‍ട്ടിയിലെ ഒരു വിഭാഗത്തെ ഞെട്ടിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉള്‍പ്പെടെ ടീച്ചറുടെ പേര് ഉയര്‍ന്നു വന്നത് തടയാനാണ് ഈ കരുനീക്കമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

തളിപ്പറമ്പ് സീറ്റില്‍ പികെ ശ്യാമള ടീച്ചര്‍ മത്സരിക്കുമെന്നാണ് വിവരം. ഗോവിന്ദന്റെ ഭാര്യയാണ് ശ്യാമള. പ്രമുഖ നേതാക്കളെ മാറ്റിനിര്‍ത്തുന്നതിലൂടെ ശ്യാമള ടീച്ചറുടെ മന്ത്രിപദത്തിലേക്കുള്ള വഴി സുഗമമാക്കുകയാണ് ലക്ഷ്യം. വിവാദങ്ങള്‍ക്കിടയിലും പയ്യന്നൂരില്‍ ടി.ഐ. മധുസൂദനന്‍ തന്നെ വീണ്ടും ജനവിധി തേടും. ഫണ്ട് വിവാദത്തില്‍ അച്ചടക്ക നടപടി നേരിട്ട മധുസൂദനന് വീണ്ടും സീറ്റ് നല്‍കുന്നതിനെതിരെ പയ്യന്നൂരിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത അമര്‍ഷമുണ്ട്. വി. കുഞ്ഞിക്കൃഷ്ണനെ പോലുള്ള നേതാക്കള്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങളെ തള്ളിക്കൊണ്ട് വിശ്വസ്തനായ മധുസൂദനനെ കൈവിടാന്‍ നേതൃത്വം തയ്യാറായില്ല.

കണ്ണൂര്‍ ജില്ലാ കമ്മിറ്റി തയ്യാറാക്കിയ ഈ പട്ടിക സംസ്ഥാന സെക്രട്ടറിയേറ്റില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കും. ശൈലജ ടീച്ചറെയും നികേഷ് കുമാറിനെയും പോലുള്ളവരെ മാറ്റിനിര്‍ത്തുന്നത് വോട്ടുകളെ ബാധിക്കുമോ എന്ന ആശങ്ക നേതൃത്വത്തിനുണ്ട്. ഇതില്‍ മുഖ്യമന്ത്രിയുടെ ഇടപെടലായിരിക്കും ഇനി നിര്‍ണ്ണായകമാകുക.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.