നിയമസഭാ സമ്മേളനം നാളെ മുതൽ; ജനുവരി 29-ന് ബജറ്റ്; തിരഞ്ഞെടുപ്പിന് മുൻപ് സഭയിൽ പോരാട്ടം മുറുകും

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കേരള നിയമസഭയുടെ സമ്മേളനം നാളെ ആരംഭിക്കും. പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാമത് സമ്മേളനമാണ് നാളെ തുടങ്ങുന്നത്.
ഗവർണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കുന്ന സമ്മേളനത്തിൽ 2026 -27 സാമ്പത്തിക വർഷത്തെ ബജറ്റ് സഭയിൽ അവതരിപ്പിക്കുകയും ചർച്ച ചെയ്തു പാസാക്കുകയും ചെയ്യും. ജനുവരി 20 മുതൽ മാർച്ച് 26 വരെയാണ് സഭാസമ്മേളനം ഉണ്ടാവുക. ഈ കാലയളവിൽ ആകെ 32 ദിവസം സഭ ചേരും.
ജനുവരി 29 വ്യാഴാഴ്ചയാണ് അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരണം. ഫെബ്രുവരി 2, 3, 4
തീയതികളിൽ ബജറ്റിൻമേലുള്ള പൊതു ചർച്ച നടക്കും. തെരഞ്ഞെടുപ്പിന് തൊട്ടു മുൻപുള്ള നിയമസഭാ സമ്മേളനം എന്ന നിലയിൽ കാറും കോളും നിറഞ്ഞതായിരിക്കും ഈ  സമ്മേളനം.  ഭരണപക്ഷത്തിനെതിരെ ഉപയോഗിക്കാവുന്ന എല്ലാ ആയുധങ്ങളും പ്രതിപക്ഷം ഉപയോഗിക്കുകയും അത്  പറ്റുന്നത്ര വിധത്തിൽ ഭരണപക്ഷം തടുക്കുകയും ചെയ്യും.
സർക്കാരിന്റെ ഭരണപരമായ വീഴ്ചകൾ, സാമ്പത്തിക അച്ചടക്കമില്ലായ്മ, ധൂർത്ത്, അഴിമതി, പോലീസ് അതിക്രമം തുടങ്ങിയവയെല്ലാം സഭയിൽ എത്തിക്കാൻ പ്രതിപക്ഷം നീക്കംനടത്തും. അതേസമയം പ്രതിപക്ഷത്തിനെതിരെ ഉപയോഗിക്കാനുള്ള ആയുധങ്ങളുമായിട്ടായിരിക്കും ഭരണപക്ഷത്തിന്റെ വരവ്. ജമാഅത്ത് ഇസ്ലാമിയുമായി യു ഡി എഫ് നുള്ള ബന്ധം തന്നെയായിരിക്കും പ്രതിപക്ഷത്തിനെതിരെയുള്ള ഭരണപക്ഷത്തിന്റെ മുഖ്യ ആയുധം. സമ്മേളനത്തിന്റെ ആദ്യദിനം തന്നെ സഭ പ്രക്ഷുബ്ധ മാകാനാണ് സാധ്യത.
കോൺഗ്രസ് പാർട്ടിയിൽ നിന്നും മാറ്റിനിർത്തപ്പെട്ട എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോൾ ജയിലിലാണ്. ജാമ്യം കിട്ടി പുറത്തുവന്നാൽ അദ്ദേഹം സഭാ സമ്മേളനത്തിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.