നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ചികില്‍സാപ്പിഴവില്‍ നടപടി : ഗൈനക്കോളജിസ്റ്റ് ഡോ. ബിന്ദു സുന്ദറിനെ സസ്‌പെന്‍ഡ് ചെയ്തു; ചികിത്സാപ്പിഴവിന് പിന്നാലെ കൈക്കൂലി ആരോപണവും

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവശസ്ത്രക്രിയയ്ക്കിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ ആരോപണവിധേയയായ ഗൈനക്കോളജിസ്റ്റ് ഡോ. ബിന്ദു സുന്ദറിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ചികിൽസാപ്പിഴവിനൊപ്പം ഡോക്ടർക്കെതിരെ ഉയർന്ന കൈക്കൂലി ആരോപണവും പരിഗണിച്ചാണ് ആരോഗ്യവകുപ്പിന്റെ അടിയന്തര നടപടി. നേരത്തെ ഡോക്ടറെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് സ്ഥലം മാറ്റി ഉത്തരവിറങ്ങിയെങ്കിലും ബന്ധുക്കളുടെ കടുത്ത പ്രതിഷേധത്തെത്തുടർന്ന് സസ്പെൻഷനിലേക്ക് നീങ്ങുകയായിരുന്നു.

പാലോട് സ്വദേശി രഞ്ജനയുടെ കുഞ്ഞാണ് ശസ്ത്രക്രിയയ്ക്കിടെ മരിച്ചത്. ചികിൽസയിൽ ഡോക്ടറുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നും സിസേറിയൻ വൈകിച്ചതാണ് മരണകാരണമെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. കൂടാതെ, ചികിൽസയ്ക്കായി ഡോക്ടർക്ക് കൈക്കൂലി നൽകിയതായി കുഞ്ഞിന്റെ പിതാവ് പരസ്യമായി വെളിപ്പെടുത്തിയതോടെ വിഷയം കൂടുതൽ ഗൗരവമായി. ഡോക്ടറെ സസ്പെൻഡ് ചെയ്യാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന ഉറച്ച നിലപാടിലായിരുന്നു കുടുംബം.

കഴിഞ്ഞ ദിവസം പുലർച്ചെ നാല് മണിയോടെ ലേബർ റൂമിൽ പ്രവേശിപ്പിച്ച രഞ്ജനയെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. കുഞ്ഞ് മരിച്ച വിവരം അറിയിച്ചതിന് പിന്നാലെ കൃത്യമായ വിശദീകരണം നൽകാതെ ഡോക്ടർ ആശുപത്രി വിട്ടതും വലിയ തോതിലുള്ള പ്രതിഷേധത്തിന് കാരണമായി. ഡോ. ബിന്ദു സുന്ദറിനെതിരെ മുൻപും സമാനമായ പരാതികൾ ഉയർന്നത് ആരോഗ്യവകുപ്പ് ഗൗരവത്തോടെയാണ് കാണുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.