തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി പാര്‍ട്ടിയില്‍ വലിയൊരു അഴിച്ചുപണി നടത്തിയില്ലെങ്കില്‍ പതനം പൂര്‍ണ്ണമാകുമെന്ന മുന്നറിയിപ്പാണ് അടിത്തട്ടില്‍ നിന്ന് വരുന്നത്. എന്നാല്‍ നേതൃമാറ്റം എന്ന അടിയന്തര ശസ്ത്രക്രിയയ്ക്ക് മുതിരാതെ, രോഗം എന്തെന്ന് സഖാക്കളെ ബോധ്യപ്പെടുത്തി ഒപ്പം നിര്‍ത്താനുള്ള പ്ലീനം എന്ന ‘സമാശ്വാസ ചികിത്സ’ കൊണ്ട് പാര്‍ട്ടിയെ എത്രത്തോളം രക്ഷിച്ചെടുക്കാന്‍ കഴിയുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. തിരഞ്ഞെടുപ്പിലുണ്ടായ ചരിത്രത്തിലെ ഏറ്റവും കനത്ത പരാജയത്തിന് പിന്നാലെ സി.പി.എമ്മില്‍ ആഭ്യന്തര കലഹവും ആശയക്കുഴപ്പവും രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം.
പാര്‍ട്ടി ഘടകങ്ങളില്‍ നിന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ രൂക്ഷമായ വിമര്‍ശനങ്ങളും നേതൃമാറ്റ ആവശ്യങ്ങളും ഉയര്‍ന്നെങ്കിലും, തത്കാലം അത്തരം കടുത്ത തിരുത്തലുകളിലേക്ക് പോകേണ്ടതില്ലെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം. ഇരുവരെയും മാറ്റുന്നത് പാര്‍ട്ടിയില്‍ കൂടുതല്‍ വലിയ രാഷ്ട്രീയ പ്രതിസന്ധിക്കും ഭരണഘടനാപരമായ തകര്‍ച്ചയ്ക്കും വഴിതുറക്കുമെന്ന ഭയമാണ് സംസ്ഥാന സെന്ററിനെ നയിക്കുന്നത്. എന്നാല്‍ താഴേത്തട്ടിലുള്ള സഖാക്കളുടെ രോഷം തണുപ്പിക്കാനും പാര്‍ട്ടിയുടെ ഇപ്പോഴത്തെ ‘ഗതികേട്’ അവരെ ബോധ്യപ്പെടുത്താനുമായി അടിയന്തര ‘പ്ലീനം’ വിളിച്ചുചേര്‍ക്കാനാണ് പാര്‍ട്ടി ഒരുങ്ങുന്നത്.
തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ വഴിതേടി വെള്ളിയാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് നാടകീയമായ ചര്‍ച്ചകള്‍ നടന്നത്. സെക്രട്ടറിയേറ്റ് ജില്ലാ-ഏരിയ കമ്മിറ്റികളില്‍ നിന്ന് സംസ്ഥാന സെന്ററിന് ലഭിച്ച റിപ്പോര്‍ട്ടുകളും യോഗങ്ങളില്‍ പങ്കെടുത്ത സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളുടെ നിരീക്ഷണങ്ങളും യോഗം വിശദമായി പരിശോധിച്ചു. മിക്കവാറും എല്ലാ ജില്ലകളില്‍ നിന്നും പിണറായി വിജയന്റെയും എം.വി. ഗോവിന്ദന്റെയും പ്രവര്‍ത്തന ശൈലിക്കെതിരെ കടുത്ത അമര്‍ഷമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജനങ്ങളില്‍ നിന്ന് പാര്‍ട്ടി അകന്നുവെന്ന യാഥാര്‍ത്ഥ്യം അടിത്തട്ടിലെ സഖാക്കള്‍ തുറന്നടിച്ചതായാണ് വിവരം.
പത്തുവര്‍ഷം തുടര്‍ച്ചയായി പ്രതിപക്ഷത്തിരുന്നതും ഭരണ സ്വാധീനമില്ലാത്തതും പാര്‍ട്ടി സംഘടനയെ പല തലങ്ങളിലും മരവിപ്പിച്ചതായി നേതാക്കള്‍ തന്നെ സ്വയംവിമര്‍ശനം നടത്തി. മുന്‍പ് ഭരണത്തിലുണ്ടായപ്പോള് ഉണ്ടായ ജനകീയ അടിത്തറ പ്രതിപക്ഷത്തിരുന്ന ഈ നീണ്ട കാലയളവില്‍ ചോര്‍ന്നുപോയതായാണ് താഴേത്തട്ടില്‍ നിന്നുള്ള വിലയിരുത്തല്‍. ജനങ്ങള്‍ക്ക് വിശ്വാസമുള്ള, ജനകീയ പ്രശ്നങ്ങളില്‍ ഇടപെടുന്ന നേതാക്കള്‍ ഇല്ലാതാകുന്നുവെന്നതാണ് പാര്‍ട്ടി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.
താഴേത്തട്ടില്‍ നിന്ന് ശക്തമായ ആവശ്യമുയര്‍ന്നിട്ടും പാര്‍ട്ടി തലപ്പത്ത് പെട്ടെന്നൊരു അഴിച്ചുപണി നടത്തി നേതൃമാറ്റത്തിന് മുതിര്‍ന്നാല്‍ അത് കനത്ത രാഷ്ട്രീയ തിരിച്ചടിയാകുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. രണ്ട് മുതിര്‍ന്ന നേതാക്കളെ ഒരുമിച്ച് മാറ്റുന്നത് പാര്‍ട്ടിയില്‍ നാഥനില്ലാത്ത അവസ്ഥയുണ്ടാക്കും. നേതൃത്വത്തിന്റെ വീഴ്ചകള്‍ പരസ്യമായി അംഗീകരിക്കുന്നതിന് തുല്യമാകും അത്. ഈ പശ്ചാത്തലത്തിലാണ് പാര്‍ട്ടി നേരിടുന്ന പ്രതിസന്ധിയുടെ ആഴം അണികളെ ബോധ്യപ്പെടുത്താന്‍ പ്ലീനം വിളിക്കുക എന്ന തന്ത്രത്തിലേക്ക് നേതൃത്വം നീങ്ങുന്നത്.
അണികളുടെയും താഴേത്തട്ടിലുള്ള സഖാക്കളുടെയും ചോദ്യങ്ങള്‍ക്ക് മുന്നില്‍ മറുപടിയില്ലാതെ നില്ക്കുന്ന നേതൃത്വത്തിന്, പാര്‍ട്ടിയുടെ നിലവിലെ രാഷ്ട്രീയ ഗതികേട് വിശദീകരിക്കാനും വിയോജിപ്പുകളെ തണുപ്പിക്കാനുമുള്ള ഒരേയൊരു താല്കാലിക രക്ഷാമാര്‍ഗ്ഗമായി മാറിയിരിക്കുകയാണ് ഈ പ്ലീനം. പാലക്കാട് പ്ലീനത്തിന് ശേഷം പാര്‍ട്ടിയില്‍ വന്ന ജീര്‍ണ്ണതകള്‍ ചര്‍ച്ച ചെയ്യാനും പുതിയൊരു രാഷ്ട്രീയ ലൈന്‍ രൂപീകരിക്കാനും ഈ സമ്മേളനം ഉപയോഗിച്ചേക്കും.
തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങള്‍, സംഘടനാസംവിധാനത്തിലെ വീഴ്ച, പാര്‍ട്ടി പ്രവര്‍ത്തന രീതിയില്‍ വരുത്തേണ്ട മാറ്റം എന്നിങ്ങനെ മൂന്നുതലത്തിലാണ് സംസ്ഥാന സെന്റര്‍ ഇപ്പോള്‍ വിഷയം വിശകലനം ചെയ്യുന്നത്. ലോക്കല്‍, ഏരിയ തലങ്ങളില്‍ സംഭവിച്ച വോട്ട് ചോര്‍ച്ച കേവലം ഒരു താല്‍ക്കാലിക പ്രതിഭാസമല്ലെന്നും പാര്‍ട്ടി മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തോട് ജനങ്ങള്‍ മുഖം തിരിക്കുന്നതിന്റെ ലക്ഷണമാണെന്നും വിലയിരുത്തലുകളുണ്ട്.
സംഘടനയെ ശക്തിപ്പെടുത്താനുള്ള തിരുത്തല്‍ നടപടികള്‍ എന്തൊക്കെ വേണമെന്നും പുനഃസംഘടന ആവശ്യമാണോ എന്നും ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ തീരുമാനിക്കും. ജില്ലാ ഘടകങ്ങളില്‍ നിന്ന് ഉയര്‍ന്ന പ്ലീനം എന്ന ആവശ്യത്തിന് കേന്ദ്ര കമ്മിറ്റിയുടെയും പിന്തുണയുണ്ട്. ശനിയാഴ്ച അന്തിമമാക്കുന്ന അവലോകന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും പ്ലീനത്തിന്റെ തീയതികള്‍ നിശ്ചയിക്കുക.
ഭരണവിരുദ്ധ വികാരം ശക്തമായതും ജനങ്ങളുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ പ്രതിപക്ഷമെന്ന നിലയില്‍ കൃത്യമായി ഇടപെടാന്‍ കഴിയാത്തതുമാണ് തിരിച്ചടിയായതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പല ജില്ലകളിലും പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയും ഗ്രൂപ്പ് കളികളും വോട്ട് ചോര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്. പരമ്പരാഗത വോട്ടുകോട്ടകളില്‍ പോലും ഉണ്ടായ വിള്ളല്‍ അടിയന്തരമായി അടയ്ക്കണമെന്നാണ് ജില്ലാ ഘടകങ്ങളുടെ ആവശ്യം.
യുവതലമുറയെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ടതും നവമാധ്യമങ്ങളെ കൃത്യമായി പ്രതിരോധ രാഷ്ട്രീയത്തിനായി ഉപയോഗിക്കാന്‍ കഴിയാത്തതും പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പാര്‍ട്ടി ക്ലാസുകളും പഠനശിബിരങ്ങളും കേവലം ചടങ്ങുകളായി മാറിയെന്നും അണികള്‍ക്ക് കൃത്യമായ രാഷ്ട്രീയ ബോധ്യം നല്കാന് നിലവിലെ നേതൃത്വത്തിന് സാധിക്കുന്നില്ലെന്നും കടുത്ത വിമര്‍ശനമുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


‘വ്യാജപ്പേരില്‍ ഭീകരരെ കടത്താന്‍ അനുവദിക്കില്ല’ എന്ന് യുഎസ്; കടുത്ത വിസ നിബന്ധനകള്‍; ലോകകപ്പ് ഫുട്ബോളിലും യുഎസ്-ഇറാന് പോര്; ഇറാന് ടീം ഭാരവാഹികള്‍ക്ക് അമേരിക്ക വിസ നിഷേധിച്ചു; കടുത്ത ചതി എന്ന് ഇറാന്





