ഇനി പിണറായി യുഗം കഴിഞ്ഞോ? പെട്ടിതാങ്ങികളും അമൂല്‍ബേബിമാരും പാര്‍ട്ടി മാറ്റണം; എം.വി. ഗോവിന്ദനെ ബഹിഷ്‌കരിക്കാന്‍ അണികള്‍; തോല്‍വിക്ക് പിന്നാലെ സഖാക്കള്‍ തെരുവില്‍; സി.പി.എമ്മിനെ പിടിച്ചുലച്ച് ഉള്‍പ്പാര്‍ട്ടി വിപ്ലവം

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയ്ക്ക് പിന്നാലെ സി.പി.എമ്മിന്റെ കോട്ടകളില്‍ പിണറായി വിജയനും ഔദ്യോഗിക നേതൃത്വത്തിനുമെതിരെ പരസ്യമായ കലാപക്കൊടി. പാര്‍ട്ടിക്ക് ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഉടനടി പിരിച്ചുവിടണമെന്നും, തോല്‍വിയുടെ പ്രധാന ഉത്തരവാദിയായ പിണറായി വിജയന്‍ പ്രതിപക്ഷ നേതാവായി തുടര്‍ന്നാല്‍ പാര്‍ട്ടി അടുത്ത തവണയും തിരിച്ചു വരില്ലെന്നും താഴേത്തട്ടിലുള്ള കമ്മിറ്റികളില്‍ കടുത്ത വിമര്‍ശനമുയര്‍ന്നു. കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലെ വിവിധ ഏരിയാ കമ്മിറ്റി യോഗങ്ങളിലാണ് ഔദ്യോഗിക നേതൃത്വത്തെ പൂര്‍ണ്ണമായി പ്രതിക്കൂട്ടിലാക്കിക്കൊണ്ട് സ്‌ഫോടനാത്മകമായ ചര്‍ച്ചകള്‍ അരങ്ങേറിയത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികള്‍ വരും ദിവസങ്ങളില്‍ പരസ്യമായി ബഹിഷ്‌കരിക്കുമെന്ന് വരെ ചില അംഗങ്ങള്‍ കടുത്ത നിലപാടെടുത്തത് സി.പി.എമ്മിനെ അഭൂതപൂര്‍വ്വമായ പ്രതിസന്ധിയിലേക്കാണ് നയിക്കുന്നത്.
കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂര്‍ ഏരിയ കമ്മിറ്റി യോഗത്തിലാണ് കണ്ണൂര്‍ ലോബിക്കെതിരെ ഏറ്റവും രൂക്ഷമായ ആക്രമണമുണ്ടായത്. പാര്‍ട്ടിക്ക് വന്‍ ജനസ്വാധീനമുള്ള നേതാക്കളായ കെ.കെ. ശൈലജയും പി. ജയരാജനും സംസ്ഥാന നേതൃത്വത്തിലേക്ക് അടിയന്തരമായി വരണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. കണ്ണൂര്‍ ജില്ലാ കമ്മിറ്റി പൂര്‍ണ്ണമായി പിരിച്ചുവിടണമെന്നും ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെ സ്ഥാനത്തുനിന്നും അടിയന്തരമായി മാറ്റണമെന്നും അംഗങ്ങള്‍ തുറന്നടിച്ചു. മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും ആയ കെ.കെ. രാഗേഷിനെ ‘അമൂല്‍ബേബി’ എന്ന് വിശേഷിപ്പിച്ചാണ് യോഗത്തില്‍ അംഗങ്ങള്‍ പരിഹസത്തിയത്. വലിയ നേതാക്കളുടെ പെട്ടിതാങ്ങി നടക്കുന്നയാള്‍ മാത്രമാണ് രാഗേഷെന്നും, അങ്ങനെയുള്ളവര്‍ നേതൃത്വത്തിലിരുന്നാല്‍ പാര്‍ട്ടി ഇനിയും തകരുമെന്നും കടുത്ത ഭാഷയില്‍ വിമര്‍ശനമുയര്‍ന്നു. ഈ സമയം മുതിര്‍ന്ന നേതാവ് പി. ജയരാജന്‍ യോഗത്തില്‍ നേരിട്ട് പങ്കെടുക്കുന്നുണ്ടായിരുന്നു എന്നതും ശ്രദ്ധേയമാണ്.
കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള വിവിധ ഏരിയാ കമ്മിറ്റികളിലും പിണറായി വിജയനെതിരെ സമാനതകളില്ലാത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. കോഴിക്കോട് ടൗണ്‍, കൊയിലാണ്ടി, കുന്ദമംഗലം ഏരിയാ കമ്മിറ്റി യോഗങ്ങളില്‍ പാര്‍ട്ടി അംഗങ്ങള്‍ ഒരേസ്വരത്തില്‍ നേതൃമാറ്റം ആവശ്യപ്പെട്ടു. പിണറായി വിജയന്‍ പാര്‍ട്ടി നേതാവായി തുടര്‍ന്നാല്‍ ഇതിനേക്കാള്‍ വലിയ തിരിച്ചടികളായിരിക്കും ഇനി സി.പി.എമ്മിനെ കാത്തിരിക്കുന്നത്. തോല്‍വിക്ക് ശേഷവും പിണറായി വിജയന്‍ പ്രതിപക്ഷ നേതാവായി നിയമസഭയില്‍ തുടര്‍ന്നാല്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് ഒരുതരത്തിലുള്ള തിരിച്ചുവരവും സാധ്യമാകില്ലെന്ന് അംഗങ്ങള്‍ വ്യക്തമാക്കി. പിണറായി വിജയന്റെ കടുംപിടുത്തങ്ങളും ധാര്‍ഷ്ട്യവുമാണ് ജനങ്ങളെ പാര്‍ട്ടിയില്‍ നിന്നും പൂര്‍ണ്ണമായി അകറ്റിയതെന്നാണ് താഴേത്തട്ടിലെ വിലയിരുത്തല്‍.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള ഉന്നത നേതാക്കള്‍ നടത്തിയ തരംതാണ പ്രസ്താവനകള്‍ ജനങ്ങള്‍ക്കിടയില്‍ വലിയ തെറ്റായ സന്ദേശമാണ് നല്‍കിയതെന്ന് യോഗം വിലയിരുത്തി. അയല്‍സംസ്ഥാനമായ തെലങ്കാനയുടെ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് എതിരെ പാര്‍ട്ടി വേദികളില്‍ ഉയര്‍ന്നുവന്ന ‘ഡാഷ് മോന്‍’ പരാമര്‍ശം മധ്യവര്‍ഗ്ഗ വോട്ടര്‍മാരെയും യുവാക്കളെയും സി.പി.എമ്മില്‍ നിന്നും അകറ്റാന്‍ കാരണമായെന്ന് വിമര്‍ശനമുയര്‍ന്നു.
ഇതിനൊപ്പം ജനപ്രിയ നേതാവായ കെ.കെ. ശൈലജയെ മുന്‍കൂട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയിരുന്നെങ്കില്‍ പാര്‍ട്ടിക്ക് ഈ വന്‍ പരാജയം ഉണ്ടാകുമായിരുന്നില്ലെന്നും, അവരെ കരുതിക്കൂട്ടി തഴഞ്ഞതാണ് തിരിച്ചടിയായതെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിക്ക്കൂള്ളില്‍ പുകയുന്ന ഈ ആഭ്യന്തര കലഹം വരും ദിവസങ്ങളില്‍ സംസ്ഥാന കമ്മിറ്റിയിലും വലിയ വെല്ലുവിളിയാകുമെന്നുറപ്പാണ്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.