അമേരിക്ക ഉൾപ്പെടെ ഇരുപത് രാജ്യങ്ങളിൽ പുതിയ കോവിഡ് വ്യാപനം;ഒമിക്രോണിനേക്കാൾ വേഗത്തിൽ പടരും;സികാഡ അഥവാ BA.3.2

വാഷിങ്ടൺ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പുതിയ കോവിഡ് വകഭേദം പടരുന്നതായി റിപ്പോർട്ട്. ഒമിക്രോണിന്റെ ഉപവിഭാഗമായ BA.3.2 ആണ് അമേരിക്ക ഉൾപ്പെടെ ഇരുപതോളം രാജ്യങ്ങളിൽ അതിവേഗം വ്യാപിക്കുന്നത്. ‘സികാഡ’ എന്ന് വിളിക്കപ്പെടുന്ന ഈ വകഭേദം പ്രതിരോധ സംവിധാനങ്ങളെ എളുപ്പത്തിൽ മറികടക്കാൻ ശേഷിയുള്ളതാണെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മാരകമായ ലക്ഷണങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും വിദഗ്ധർ കൂട്ടിച്ചേർത്തു.

അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ ഇരുപതിലേറെ രാജ്യങ്ങളിലാണ് നിലവിൽ രോഗവ്യാപനം രൂക്ഷമായിരിക്കുന്നത്. ഒമിക്രോൺ വകഭേദത്തിന് സമാനമായ ലക്ഷണങ്ങളാണ് സികാഡയിലും കണ്ടുവരുന്നത്. പനി, കടുത്ത ക്ഷീണം, തൊണ്ടവേദന, വിട്ടുമാറാത്ത ചുമ, മൂക്കടപ്പ്, മൂക്കൊലിപ്പ് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ചില രോഗികളിൽ കടുത്ത തലവേദനയും ശരീരവേദനയും നേരിയ ശ്വാസതടസ്സവും അനുഭവപ്പെടുന്നതായും റിപ്പോർട്ടുകളുണ്ട്.

2024-ൽ ദക്ഷിണാഫ്രിക്കയിലാണ് സികാഡ വകഭേദം ആദ്യമായി തിരിച്ചറിഞ്ഞത്. 2025-ഓടെ വിവിധ ഭൂഖണ്ഡങ്ങളിലേക്ക് പടർന്ന ഈ വകഭേദം ഇപ്പോൾ ആഗോളതലത്തിൽ ഭീഷണിയായി മാറിയിരിക്കുകയാണ്. വൈറസിന് നിരവധി ജനിതക വ്യതിയാനങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും മരണകാരണമാകുന്ന അത്ര മാരകമല്ലെന്നാണ് പ്രാഥമിക നിഗമനം. വാക്സിനേഷൻ സ്വീകരിച്ചവരിൽ ഇത് വെറുമൊരു സാധാരണ പനി പോലെ വന്നുപോകുന്നതായാണ് കണ്ടുവരുന്നത്.

ആഗോളതലത്തിൽ രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ ഇന്ത്യയിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വിമാനത്താവളങ്ങളിലും മറ്റും പരിശോധനകൾ കർശനമാക്കാൻ സാധ്യതയുണ്ട്. രോഗവ്യാപന ശേഷി കൂടുതലാണെങ്കിലും ഗുരുതരാവസ്ഥയിലേക്ക് മാറുന്നവരുടെ എണ്ണം കുറവാണെന്നത് ആശ്വാസകരമാണ്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.