ആംസ്റ്റര്‍ഡാം: ഉക്രൈന് യുദ്ധം അവസാനിച്ചാല്‍ വെറും ഒരു വര്‍ഷത്തിനുള്ളില്‍ റഷ്യ നാറ്റോ സഖ്യത്തിനെതിരെ സായുധ പോരാട്ടത്തിന് മുതിര്‍ന്നേക്കാമെന്ന് യൂറോപ്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ ഞെട്ടിപ്പിക്കുന്ന മുന്നറിയിപ്പ്. ഡച്ച് രഹസ്യാന്വേഷണ ഏജന്‍സിയായ എം.ഐ.വി.ഡി പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടിലാണ് വന്‍കരയുടെ സുരക്ഷയെ ബാധിക്കുന്ന അതീവ ഗുരുതരമായ ഈ നിരീക്ഷണങ്ങളുള്ളത്. യൂറോപ്പ് നേരിടുന്ന ഏറ്റവും വലിയ ഭീഷണി റഷ്യയാണെന്നും നാറ്റോയുമായുള്ള നേരിട്ടുള്ള യുദ്ധത്തിനായുള്ള തയ്യാറെടുപ്പുകള്‍ ക്രെംലിന് ഇതിനോടകം ആരംഭിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഉക്രൈനുമായി നിലവില്‍ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ റഷ്യ മറ്റൊരു വലിയ പോരാട്ടത്തിന് ഉടന്‍ തുടക്കമിടാന്‍ സാധ്യതയില്ലെന്ന് ഏജന്‍സി വിലയിരുത്തുന്നു. എന്നാല്‍ ഉക്രൈന് സംഘര്‍ഷം ഒരു തീരുമാനമായാല്‍ സൈനിക ശേഷി പുനഃസംഘടിപ്പിക്കാനും പാശ്ചാത്യ രാജ്യങ്ങളെ ലക്ഷ്യമിടാനും റഷ്യയ്ക്ക് ചുരുങ്ങിയ സമയം മതിയെന്നാണ് രഹസ്യാന്വേഷണ വിഭാഗം ചൂണ്ടിക്കാട്ടുന്നത്. പാശ്ചാത്യ രാജ്യങ്ങളിലെ സൈനിക-സിവില്‍ ലക്ഷ്യങ്ങളെ തകര്‍ക്കാന്‍ തങ്ങള്‍ക്ക് കെല്‍പ്പുണ്ടെന്ന ആത്മവിശ്വാസത്തിലാണ് മോസ്കോ ഇപ്പോള്‍ മുന്നോട്ട് പോകുന്നത്.
റഷ്യയും ചൈനയും തമ്മില്‍ വര്‍ധിച്ചുവരുന്ന നയതന്ത്ര-സൈനിക ബന്ധമാണ് ക്രെംലിനെ ഇത്തരമൊരു സാഹസത്തിന് പ്രേരിപ്പിക്കുന്ന പ്രധാന ഘടകമെന്ന് എം.ഐ.വി.ഡി തലവന്‍ വൈസ് അഡ്മിറല്‍ പീറ്റര്‍ റീസിങ്ക് പറഞ്ഞു. റഷ്യയുടെ ആയുധ വ്യവസായത്തിന് ചൈന വലിയ തോതില്‍ സാങ്കേതിക സഹായങ്ങളും കയറ്റുമതിയും നല്‍കുന്നുണ്ട്. പകരം ഉക്രൈനിലെ യുദ്ധാനുഭവങ്ങള്‍ റഷ്യ ചൈനയുമായി പങ്കുവെക്കുന്നതും പാശ്ചാത്യ രാജ്യങ്ങളെ പ്രതിരോധത്തിലാക്കുന്നു.
പശ്ചിമേഷ്യയില്‍ ചോരപ്പുഴ; ലെബനനില്‍ മരണം 2500 കടന്നു: നയതന്ത്രത്തിന്റെ മുനയൊടിച്ച് ഇസ്രായേല്‍ ആക്രമണം
ചൈനയുടെ സൈബര്‍ ചാരവൃത്തി അമേരിക്കയ്ക്ക് ഒപ്പമെത്തിയതായും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്കുന്നു. അതീവ സങ്കീര്‍ണ്ണമായ രീതിയിലാണ് ചൈനീസ് സൈബര്‍ ഓപ്പറേഷനുകള്‍ സംഘടിപ്പിക്കുന്നത്. ഇതിന്റെ ആഘാതം പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ഇപ്പോഴും സാധിക്കുന്നില്ലെന്ന് പീറ്റര്‍ റീസിങ്ക് ചൂണ്ടിക്കാട്ടി. റഷ്യയും ചൈനയും ചേര്‍ന്നുള്ള ഈ നീക്കങ്ങള്‍ യൂറോപ്പിന്റെ പ്രതിരോധ കവചങ്ങളെ ദുര്‍ബലപ്പെടുത്താന്‍ ഇടയാക്കും.
അതേസമയം, ബ്രിട്ടനില്‍ സൈബര്‍ ആക്രമണങ്ങള്‍ വന്‍തോതില്‍ വര്‍ധിച്ചേക്കാമെന്ന് നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍ (ചഇടഇ) തലവന്‍ റിച്ചാര്‍ഡ് ഹോണ്‍ മുന്നറിയിപ്പ് നല്കി. ചൈന, ഇറാന്, റഷ്യ എന്നീ രാജ്യങ്ങളില്‍ നിന്ന് നേരിട്ടോ അല്ലാതെയോ ഉള്ള സൈബര്‍ ഭീഷണികള്‍ ബ്രിട്ടന് നേരിടുന്നുണ്ട്. രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന ശരാശരി നാല് പ്രധാന സൈബര്‍ ആക്രമണങ്ങള്‍ ആഴ്ചതോറും പ്രതിരോധിക്കുന്നുണ്ടെന്നും ഇത് ഗൗരവകരമായ സാഹചര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഭീകരവാദ ഗ്രൂപ്പുകളേക്കാള്‍ ഉപരിയായി വിദേശ രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ നേരിട്ട് നടത്തുന്ന സൈബര്‍ ആക്രമണങ്ങളാണ് ഇപ്പോള്‍ വലിയ വെല്ലുവിളിയായിരിക്കുന്നത്. ബ്രിട്ടന്റെ അടിസ്ഥാന സൗകര്യങ്ങളെ തകര്‍ക്കാനും ആശയവിനിമയ സംവിധാനങ്ങള്‍ തടസ്സപ്പെടുത്താനും ലക്ഷ്യമിട്ടുള്ളതാണ് ഈ നീക്കങ്ങള്‍. ഉക്രൈന് യുദ്ധത്തിന് ശേഷം യൂറോപ്പില്‍ രൂപപ്പെട്ട പുതിയ ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ ബ്രിട്ടനെയും സഖ്യകക്ഷികളെയും കൂടുതല്‍ ജാഗ്രത പാലിക്കാന്‍ പ്രേരിപ്പിക്കുന്നു.
ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ ഭൗമരാഷ്ട്രീയ മാറ്റത്തിലൂടെയാണ് ലോകം കടന്നുപോകുന്നതെന്ന് റിച്ചാര്‍ഡ് ഹോണ്‍ ഓര്‍മ്മിപ്പിച്ചു. പാശ്ചാത്യ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളില്‍ വരുന്ന വിള്ളലുകളും അന്താരാഷ്ട്ര നിയമങ്ങളിലെ അവ്യക്തതകളും റഷ്യയെപ്പോലുള്ള രാജ്യങ്ങള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുകയാണ്. സൈനിക കരുത്ത് മാത്രം മാനദണ്ഡമാകുന്ന ഒരു കാലത്തേക്ക് ലോകം നീങ്ങുന്നുവെന്ന സൂചനയാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത്.
ബ്രിട്ടനില്‍ 2022 മുതല്‍ ഇറാന് ബന്ധമുള്ള ഇരുപതോളം ഗൂഢാലോചനകള്‍ തകര്‍ത്തതായി എം.ഐ.5 നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യയുടെ യുദ്ധ തയ്യാറെടുപ്പുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്. റഷ്യയുമായി നേരിട്ടുള്ള സംഘര്‍ഷം ഉണ്ടായാല്‍ ഹാക്കര്‍മാരുടെ വന്‍ ആക്രമണങ്ങളെ നേരിടാന്‍ രാജ്യം സജ്ജമാകണമെന്നും ഹോണ്‍ മുന്നറിയിപ്പ് നല്കി.
റഷ്യയുടെ സാമ്പത്തിക സ്ഥിതി പരുങ്ങലിലാണെന്നും ഉക്രൈന് യുദ്ധം ഇനിയും നീണ്ടുപോയാല്‍ ഫണ്ട് കണ്ടെത്താന്‍ മോസ്കോ പ്രയാസപ്പെടുമെന്നും മറ്റൊരു റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാല്‍ ഇതിനെയെല്ലാം മറികടക്കാന്‍ ചൈനയുടെ സഹായത്തോടെ റഷ്യയ്ക്ക് സാധിച്ചേക്കുമെന്നാണ് ഇപ്പോഴത്തെ നിഗമനം. യൂറോപ്പിലെ സൈനിക വിന്യാസത്തിലും സുരക്ഷാ നയങ്ങളിലും വലിയ മാറ്റങ്ങള്‍ വരുത്താന്‍ ഈ റിപ്പോര്‍ട്ട് നാറ്റോയെ പ്രേരിപ്പിച്ചേക്കും.


ഹോർമുസ് കടലിടുക്കിലെ യുദ്ധം: ഇന്റർനെറ്റ് നിലച്ചാൽ ഇന്ത്യയുടെ അവസ്ഥ എന്താകും?





