കൊല്ലത്ത് ഉത്സവത്തിനിടെ 19കാരനെ കുത്തിക്കൊന്നു; കാലില്‍ ചവിട്ടിയെന്ന നിസ്സാര പ്രകോപനത്തില്‍ അഞ്ചംഗ സംഘത്തിന്റെ ക്രൂരത, തേജസിനെ അക്രമിസംഘം കുത്തി വീഴ്ത്തി

കൊട്ടിയം: കൊല്ലം ജില്ലയെ നടുക്കി വീണ്ടും ഒരു യുവാവ് കൂടി കൊല്ലപ്പെട്ടു. മുഖത്തല കിഴവൂർ സ്വദേശി സജീവിന്റെ മകൻ തേജസ് (അമ്പാടി-19) ആണ് ഉത്സവത്തിനിടെ അഞ്ചംഗ ഗുണ്ടാസംഘത്തിന്റെ അക്രമത്തിൽ കൊല്ലപ്പെട്ടത്. കാലിൽ അറിയാതെ ചവിട്ടിയെന്ന നിസ്സാര പ്രകോപനത്തെത്തുടർന്നാണ് പത്തൊമ്പതുകാരനെ നടുറോഡിലിട്ട് കുത്തിക്കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ആദിത്യൻ ഉൾപ്പെടെയുള്ള സംഘത്തെ കൊട്ടിയം പോലീസ് പിടികൂടി.

ശനിയാഴ്ച രാത്രി 8.30-ഓടെ ചെമ്പകശ്ശേരി ക്ഷേത്രത്തിലെ ഉത്സവ കെട്ടുകാഴ്ചയ്ക്കിടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. ഫ്ലോട്ടിന് മുന്നിൽ സുഹൃത്തുക്കൾക്കൊപ്പം നൃത്തം ചെയ്യുകയായിരുന്നു തേജസ്. ഇതിനിടെ അക്രമിസംഘത്തിലെ ഒരാളുടെ കാലിൽ തേജസ് അറിയാതെ ചവിട്ടിയതാണ് പ്രകോപനത്തിന് കാരണമായത്. തുടർന്ന് ആദിത്യനും സുഹൃത്തുക്കളും ചേർന്ന് തേജസിനെ വളഞ്ഞിട്ട് മർദ്ദിക്കുകയും കൈവശം കരുതിയിരുന്ന കത്തി ഉപയോഗിച്ച് ആദിത്യൻ കുത്തുകയുമായിരുന്നു.

ഉയർന്ന ശബ്ദത്തിലുള്ള പാട്ടും മിന്നിമറയുന്ന എൽ.ഇ.ഡി ലൈറ്റുകളും കാരണം തേജസിന്റെ നിലവിളിയോ അക്രമമോ ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. കുത്തേറ്റ് വീണ തേജസ് നൃത്തത്തിനിടെ തളർന്നു വീണതാകാമെന്ന ധാരണയിൽ ആളുകൾ റോഡരികിലേക്ക് മാറ്റി കിടത്തുകയായിരുന്നു. ഫ്ലോട്ട് കടന്നുപോയ ശേഷമാണ് തേജസിന് കുത്തേറ്റിട്ടുണ്ടെന്ന വിവരം പുറംലോകമറിയുന്നത്. ഉടൻ തന്നെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി 11.30-ഓടെ മരണം സംഭവിക്കുകയായിരുന്നു.

സംഭവം നടന്ന് എട്ട് മണിക്കൂറിനുള്ളിൽ തന്നെ പ്രതികളെ പോലീസ് പിടികൂടി. കിഴവൂർ സ്വദേശികളായ ടുട്ടു എന്ന ആദിത്യൻ (19), വിനു (26), പ്രിജിത്, അഖിൽ രാജ് (29) എന്നിവരും പ്രായപൂർത്തിയാകാത്ത രണ്ട് പേരുമാണ് പിടിയിലായത്. വെളിച്ചിക്കാലയിലെ സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന ഇവരെ അതിസാഹസികമായാണ് കൊട്ടിയം പോലീസ് വലയിലാക്കിയത്. പ്രതികളെ ഒളിവിൽ പാർപ്പിച്ച യുവാവിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സൗമ്യയാണ് മരിച്ച തേജസിന്റെ അമ്മ. സഹോദരി:ലച്ചു

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.