കൊച്ചി: ശബരിമല അയ്യപ്പന്റെ സന്നിധിയിലെ രണ്ട് പ്രധാന വിവാദ കേസുകളില്‍ നിര്‍ണ്ണായകമായ റിപ്പോര്‍ട്ടുകള്‍ ഇന്ന് ഹൈക്കോടതിക്ക് മുന്‍പാകെ എത്തും. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കൊടിമര പുനര്‍നിര്‍മ്മാണത്തില്‍ യാതൊരുവിധ അഴിമതിയും നടന്നിട്ടില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കുമ്പോള്‍, ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ തിരഞ്ഞെടുപ്പ് വരെ സാവകാശം തേടിയിരിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം ദേവസ്വം ബോര്‍ഡിന് വലിയ ആശ്വാസം നല്‍കുന്നതാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.
ശബരിമല കൊടിമര പുനര്‍നിര്‍മ്മാണത്തില്‍ സ്വര്‍ണ്ണം വിനിയോഗിച്ചതില്‍ ക്രമക്കേടുണ്ടെന്ന പരാതിയില്‍ കേസെടുക്കാന്‍ തെളിവില്ലെന്നാണ് വിജിലന്‍സ് വ്യക്തമാക്കുന്നത്. ഇതുസംബന്ധിച്ച ത്വരിതാന്വേഷണ റിപ്പോര്‍ട്ട് കോടതിക്ക് കൈമാറും. കൊടിമര നിര്‍മ്മാണത്തിനായി ഭക്തരില്‍ നിന്ന് ലഭിച്ച 412 ഗ്രാം സ്വര്‍ണ്ണവും വാജിവാഹനന്‍, അഷ്ടദിക് പാലകര്‍ എന്നിവരുടെ നിര്‍മ്മാണത്തിനായി കൃത്യമായി ഉപയോഗിച്ചുവെന്ന് വിജിലന്‍സ് ഉറപ്പിച്ചു പറയുന്നു. പ്രശസ്ത നടന്മാര്‍ ഉള്‍പ്പെടെ സ്വര്‍ണ്ണം സംഭാവന നല്‍കിയ 23 പേരുടെ മൊഴികള്‍ അന്വേഷണ സംഘം നേരിട്ട് രേഖപ്പെടുത്തി. എന്നാല്‍ പട്ടികയിലുള്ള 4 പേരുടെ വിവരങ്ങള്‍ കണ്ടെത്താനായില്ലെന്ന കാര്യവും വിജിലന്‍സ് കോടതിയെ അറിയിക്കും.
2014-ല്‍ നടന്ന ദേവപ്രശ്‌ന വിധി പ്രകാരമാണ് പഴയ കൊടിമരം മാറ്റി പുതിയത് സ്ഥാപിച്ചത്. കൊടിമരത്തിലെ പെയിന്റടിച്ചതും ജീര്‍ണ്ണതയും ദോഷമാണെന്ന് കണ്ടതിനാലാണ് പുനര്‍നിര്‍മ്മാണം നടത്തിയത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എം.പി. ഗോവിന്ദന്‍ നായര്‍ ബോര്‍ഡ് പ്രസിഡന്റായിരുന്നപ്പോഴാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടന്നത്. അതേസമയം, ശബരിമലയില്‍ സ്വര്‍ണ്ണം പൂശിയ ചെമ്പ് പാളികള്‍ കടത്തിയ കേസിലെ അന്തിമ കുറ്റപത്രം സമര്‍പ്പിക്കുന്നത് നീളും. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമേ കുറ്റപത്രം നല്‍കൂ എന്നാണ് എസ്.ഐ.ടി നിലപാട്. ശാസ്ത്രീയ പരിശോധനാ ഫലങ്ങള്‍ ലഭിക്കാനുള്ള താമസം കാരണമായാണ് ഈ സാവകാശം തേടല്‍.
കുറ്റപത്രം സമര്‍പ്പിക്കാന്‍ 90 ദിവസം പിന്നിട്ടതോടെ കേസിലെ മുഖ്യപ്രതികളായ ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ഗോവര്‍ദ്ധന്‍ എന്നിവരടക്കം 10 പ്രതികള്‍ക്കും കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു കഴിഞ്ഞു. ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റി ശബരിമലയില്‍ നിന്ന് സ്വര്‍ണ്ണം പൂശിയ ചെമ്പ് പാളികള്‍ ചെന്നൈയിലെത്തിച്ച് രാസപ്രക്രിയയിലൂടെ സ്വര്‍ണ്ണം വേര്‍തിരിച്ച് ഇടനിലക്കാര്‍ വഴി മറിച്ചുവിറ്റുവെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തല്‍. ഇതിനകം നഷ്ടപ്പെട്ടതിന് തുല്യമായ സ്വര്‍ണ്ണം സംഘം കണ്ടുകെട്ടിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് കാലത്ത് സ്വര്‍ണ്ണക്കൊള്ളക്കേസ് രാഷ്ട്രീയ ആയുധമാക്കാന്‍ പ്രതിപക്ഷം ഒരുങ്ങുന്നതിനിടെയാണ് കുറ്റപത്രം സമര്‍പ്പിക്കല്‍ നീളുന്നത്. കൊടിമരക്കേസില്‍ ക്ലീന്‍ ചിറ്റ് ലഭിച്ചത് സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ആശ്വാസമാകുമ്പോള്‍, സ്വര്‍ണ്ണക്കൊള്ളക്കേസിലെ മെല്ലെപ്പോക്ക് ഭക്തര്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇന്ന് ഹൈക്കോടതി ഈ രണ്ട് റിപ്പോര്‍ട്ടുകളിലും കൈക്കൊള്ളുന്ന നിലപാട് ശബരിമല കേസുകളില്‍ അതിനിര്‍ണ്ണായകമാകും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കിഫ്ബിയില്‍ കടുപ്പമാക്കാന്‍ സര്‍ക്കാര്‍; വരുമാനമുള്ള പദ്ധതികള്‍ക്ക് മാത്രം മുന്‍ഗണന, ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചേക്കും





