കൊച്ചി: കേരളത്തിലെ പ്രമുഖ വാര്‍ത്താ ചാനലായ റിപ്പോര്‍ട്ടര്‍ ടിവി കടുത്ത പ്രതിസന്ധിയിലേക്ക്. ചാനലിന്റെ സുരക്ഷാ ക്ലിയറന്‍സ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയതോടെ സംപ്രേഷണം തന്നെ നിലച്ചേക്കാവുന്ന അവസ്ഥയിലാണ്. ട്വന്റി20 അധ്യക്ഷന്‍ സാബു എം. ജേക്കബ് നല്കിയ ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഈ നിര്‍ണ്ണായക വിവരം അറിയിച്ചത്.
ചാനലിന്റെ ഉടമസ്ഥാവകാശം കൈമാറിയതില്‍ വന്‍ ക്രമക്കേടുകള്‍ നടന്നുവെന്ന ഗൗരവകരമായ കണ്ടെത്തലിനെത്തുടര്‍ന്നാണ് നടപടി. ഇതോടെ, ബിസിനസ് രംഗത്തെ കരുത്തനായ സാബു ജേക്കബുമായി കൊമ്പുകോര്‍ത്ത റിപ്പോര്‍ട്ടര്‍ ടിവി മാനേജ്മെന്റ് വരുംദിവസങ്ങളില്‍ കടുത്ത നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നുറപ്പായി. റിപ്പോര്‍ട്ടര്‍ ടിവിയുടെ ലൈസന്‍സ് ഇനി പുതുക്കാന്‍ സാധ്യതയില്ല. അങ്ങനെ വന്നാല്‍ ചാനല്‍ പൂട്ടിയേക്കും. ഇത് ജീവനക്കാരേയും പ്രതിസന്ധിയിലാക്കുന്നു.
ചാനലിന്റെ ലൈസന്‍സ് കൈമാറിയതില്‍ സുതാര്യതയില്ലെന്നും യഥാര്‍ത്ഥ ഉടമകള്‍ ആരാണെന്ന് വ്യക്തമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് സാബു എം. ജേക്കബ് കോടതിയെ സമീപിച്ചത്. നിയമപ്രകാരം ഉടമസ്ഥാവകാശം മറ്റൊരാള്‍ക്ക് കൈമാറുമ്പോള്‍ പാലിക്കേണ്ട കര്‍ശന മാനദണ്ഡങ്ങള്‍ റിപ്പോര്‍ട്ടര്‍ ടിവി ലംഘിച്ചുവെന്ന് ആഭ്യന്തര മന്ത്രാലയം കോടതിയെ അറിയിച്ചു. ഉടമസ്ഥാവകാശം മാറിയതുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകള്‍ സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് സുരക്ഷാ ക്ലിയറന്‍സ് പിന്‍വലിക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. ചാനലിന്റെ മുന്‍ ലൈസന്‍സിയായിരുന്ന എം.വി. നികേഷ് കുമാര്‍ രണ്ട് മാസത്തിനകം രേഖകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സുരക്ഷാ ക്ലിയറന്‍സ് ഇല്ലാത്ത ഒരു സ്ഥാപനത്തിന് ഇന്ത്യയില്‍ ഉപഗ്രഹ ചാനല്‍ പ്രവര്‍ത്തിപ്പിക്കാന്‍ നിയമപരമായി അനുമതിയില്ല. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തില്‍ നിന്ന് ഉടന്‍ തന്നെ ചാനലിന് വിശദീകരണം തേടിയുള്ള നോട്ടീസ് ലഭിക്കും. ഇതിന് നല്കുന്ന മറുപടി തൃപ്തികരമല്ലെങ്കില്‍ ചാനലിന്റെ പ്രവര്‍ത്തനം എന്നെന്നേക്കുമായി തടസ്സപ്പെട്ടേക്കാം. ചാനലില്‍ ജോലി ചെയ്യുന്ന നൂറുകണക്കിന് ജീവനക്കാരുടെ തൊഴില്‍ സുരക്ഷ ഇതോടെ വലിയ ചോദ്യചിഹ്നമായിരിക്കുകയാണ്. മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ക്ക് തങ്ങള്‍ ബലിയാടാകേണ്ടി വരുമോ എന്ന പേടിയിലാണ് മാധ്യമപ്രവര്‍ത്തകര്‍.
കുന്നത്തുനാട്ടിലെ രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കും ട്വന്റി20ക്കെതിരായ വാര്‍ത്തകള്‍ക്കും പിന്നാലെയാണ് ചാനലിന്റെ ലൈസന്‍സ് നിയമസാധുത സാബു ജേക്കബ് കോടതിയില്‍ ചോദ്യം ചെയ്തത്. നിയമങ്ങള്‍ കാറ്റില്‍ പറത്തിയും സുതാര്യതയില്ലാതെയും ചാനലുകള്‍ നടത്തുന്നവര്‍ക്കുള്ള ശക്തമായ മുന്നറിയിപ്പായി ഈ കേസിനെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നു. കേന്ദ്ര ഏജന്‍സികള്‍ ചാനലിന്റെ സാമ്പത്തിക ഇടപാടുകളും വിശദമായി പരിശോധിക്കാനൊരുങ്ങുകയാണ്. സാബു ജേക്കബിന്റെ ഈ നീക്കം റിപ്പോര്‍ട്ടര്‍ ടിവിയെ ‘ഓഫ് എയര്‍’ ആക്കുമോ എന്നാണ് ഇനി അറിയേണ്ടത്. ബിജെപിയുമായി ചേര്‍ന്നാണ് സാബു ജേക്കബ് മുമ്പോട്ട് പാകുന്നത്. എന്‍ഡിഎയുടെ ഭാഗമാണ് സാബു ജേക്കബ് ഇപ്പോള്‍.
ചാനലിന്റെ ഉടമസ്ഥാവകാശം ‘ഇന്തോ ഏഷ്യന്‍ ന്യൂസ് ചാനല്‍ പ്രൈവറ്റ് ലിമിറ്റഡില്‍’ നിന്ന് ‘റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയിലേക്ക്’ മാറ്റിയതില്‍ കേന്ദ്രത്തിന്റെ മുന്‍കൂര്‍ അനുമതി വാങ്ങിയില്ലെന്നാണ് പ്രധാന കണ്ടെത്തല്‍. ഈ ചട്ടലംഘനം ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര മന്ത്രാലയം ക്ലിയറന്‍സ് പിന്‍വലിച്ചത്. ചാനലിന്റെ മുന്‍ ലൈസന്‍സിയായ എം.വി. നികേഷ് കുമാറിനോട് ഉടമസ്ഥാവകാശ കൈമാറ്റവുമായി ബന്ധപ്പെട്ട രേഖകള്‍ രണ്ട് മാസത്തിനകം ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
അധികൃതര്‍ വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും അതിന് മറുപടി നല്‍കിയിട്ടുണ്ടെന്നുമാണ് ചാനല്‍ പ്രതിനിധികള്‍ കോടതിയെ അറിയിച്ചത്. കേന്ദ്ര സര്‍ക്കാര്‍ നല്കിയ കാരണം കാണിക്കല്‍ നോട്ടീസിന് ചാനല്‍ നല്കുന്ന മറുപടി തൃപ്തികരമല്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കുന്നതിലേക്കും സംപ്രേഷണം തടയുന്നതിലേക്കും കാര്യങ്ങള്‍ നീങ്ങും. സുരക്ഷാ ക്ലിയറന്‍സ് ഇല്ലാതെ ഒരു ചാനലിനും ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല എന്നതിനാല്‍ റിപ്പോര്‍ട്ടര്‍ ടിവിയുടെ നിലനില്‍പ്പ് ഇപ്പോള്‍ കേന്ദ്രത്തിന്റെ അന്തിമ തീരുമാനത്തെ ആശ്രയിച്ചിരിക്കുന്നു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ ; ശനിയാഴ്ചക്കകം പൂർത്തിയാക്കണമെന്ന് കോടതി





