ന്യൂഡൽഹി: 13 വർഷമായി ശരീരം അനക്കാൻ പോലുമാകാതെ കിടപ്പിലായിരുന്ന ഹരീഷ് റാണ (32) അന്തരിച്ചു. ഡൽഹി എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. നിഷ്ക്രിയ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയതിനെത്തുടർന്ന് ജീവൻ നിലനിർത്താനുള്ള കൃത്രിമ സംവിധാനങ്ങൾ പിൻവലിച്ചതോടെയാണ് അന്ത്യം സംഭവിച്ചത്. യുപി ഗാസിയാബാദ് സ്വദേശിയാണ് ഹരീഷ്.
ഇക്കഴിഞ്ഞ മാർച്ച് 11-നാണ് ഹരീഷിന്റെ ചികിത്സകൾ പിൻവലിക്കാൻ സുപ്രീം കോടതി അനുമതി നൽകിയത്. ഹരീഷിനെ കുടുംബം ഉപേക്ഷിക്കുകയല്ല, മറിച്ച് അന്തസ്സോടെ മരിക്കാൻ അനുവദിക്കുകയാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു.വിധിക്ക് പിന്നാലെ ഹരീഷിനെ എയിംസിലേക്ക് മാറ്റി. ജീവൻ നിലനിർത്താൻ സഹായിക്കുന്ന മരുന്നുകളും മറ്റ് സംവിധാനങ്ങളും ഘട്ടംഘട്ടമായി ഒഴിവാക്കുന്ന മെഡിക്കൽ പ്രക്രിയയാണ് അവിടെ നടപ്പാക്കിയത്.
2013 ഓഗസ്റ്റിൽ പഞ്ചാബ് സർവകലാശാലയിൽ എൻജിനീയറിങ് പഠനത്തിനിടെ വാടകക്കെട്ടിടത്തിൽനിന്ന് വീണാണ് ഹരീഷിന് ഗുരുതരമായി പരിക്കേറ്റത്. അന്നുമുതൽ ശരീരം തളർന്ന് കിടപ്പിലായിരുന്നു.
അച്ഛനും അമ്മയും സഹോദരങ്ങളും ചേർന്നാണ് ഹരീഷിനെ പരിപാലിച്ചിരുന്നത്. എന്നാൽ സാമ്പത്തിക പരാധീനതയും മകൻ അനുഭവിക്കുന്ന തീരാവേദനയും കണ്ടുനിൽക്കാനാകാതെയാണ് കുടുംബം ദയാമരണത്തിനായി കോടതിയെ സമീപിച്ചത്.
നേരത്തെ ഡൽഹി ഹൈക്കോടതിയും പിന്നീട് 2024-ൽ സുപ്രീം കോടതിയും ഹരീഷിന്റെ ദയാമരണ ഹർജി തള്ളിയിരുന്നു. ഹരീഷ് വെന്റിലേറ്ററിലല്ല കഴിയുന്നത് എന്നായിരുന്നു അന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നിരീക്ഷിച്ചത്. എന്നാൽ 2018-ലെ ‘കോമൺ കോസ്’ വിധി പരിഷ്കരിച്ചുകൊണ്ട്, രോഗി ജീവച്ഛവമായ അവസ്ഥയിലാണെങ്കിൽ ദയാവധം പരിഗണിക്കാമെന്ന ഉത്തരവിലൂടെയാണ് ഹരീഷിന് ഇപ്പോൾ വിധി അനുകൂലമായത്. ദയാവധം സംബന്ധിച്ച് കേന്ദ്ര സർക്കാർ പുതിയ നിയമം നിർമ്മിക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്.


പുതുയുഗ യാത്രയുടെ വേദിയില്‍ വി.ഡി. സതീശനെ സാക്ഷിയാക്കി ഷാഫി പറമ്പിലിന്റെ നീരസ പ്രകടനം ; വേദിയില്‍ പരസ്യമായി തര്‍ക്കം
സിഎംആർഎൽ കേസ്: പിണറായി വിജയനും മകൾ വീണയും അന്വേഷണ പരിധിയിലെന്ന് ഇഡി സ്ഥിരീകരണം





