തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുത്തതോടെ വാവിട്ട വാക്കുകളിൽ കൈപൊള്ളി സിപിഎമ്മും ബിജെപിയും.
സിപിഎമ്മിൽ നിന്നും മുതിർന്ന നേതാവ് ഡോ. തോമസ് ഐസക്കാണ് വാക്കുകളുടെ കെണിയിൽ പെട്ടതെങ്കിൽ ബിജെപിയിൽ ഗുരുവായൂർ നിയമസഭാ സ്ഥാനാർഥി ബി ഗോപാലകൃഷ്ണനാണ് അതിരുവിട്ട വാക്കുകളിലൂടെ പത്മവ്യൂഹത്തിൽപ്പെട്ടിരിക്കുന്നത്.
കോൺഗ്രസിന്റെ പാലക്കാട് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥി രമേഷ് പിഷാരടി യെക്കുറിച്ച് നടത്തിയ പരാമർശമാണ് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗംകൂടിയായ തോമസ് ഐസക്കിനെ വെട്ടിലാക്കിയത്. “കോമാളി വേഷം കെട്ടുന്ന വരെ സ്ഥാനാർത്ഥിയാക്കിയിട്ട് എന്ത് കാര്യം” എന്നായിരുന്നു ഐസക്കിന്റെ ചോദ്യം.
വ്യാപകമായ പ്രതിഷേധമാണ് ഈ പരാമർശത്തിനെതിരെ ഉയർന്നത്. ഹാസ്യനടൻ ഇന്നസെന്റിനെയും മറ്റുപല നടീ നടന്മാരെയും വിവിധ മേഖലകളിലുള്ള കലാകാരന്മാരെയും തെരഞ്ഞെടുപ്പ് മത്സര രംഗത്തിറക്കുകയും വിജയിപ്പിക്കുകയും ചെയ്ത സിപിഎമ്മിന്റെ മുതിർന്ന നേതാവ് തന്നെ ഇങ്ങനെ പറയണം എന്ന പ്രതികരണമായിരുന്നു കൂടുതലും.
മാരാരിക്കുളം, ആലപ്പുഴ മണ്ഡലങ്ങളിൽ നിന്നും തുടർച്ചയായി രണ്ടു തവണ വീതം വിജയിച്ച് നിയമസഭയിലെത്തിയ തോമസ് ഐസക്ക് രണ്ട് പ്രാവശ്യം കേരളത്തിന്റെ ധനമന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. സംസ്ഥാന ആസൂത്രണ ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുള്ള ഒരു നേതാവിൽ നിന്നും രമേഷ് പിഷാരടിക്കെതിരെ ഉണ്ടായ ഈ പരാമർശത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലും രൂക്ഷമായ പ്രതികരണമാണ് ഉണ്ടായത്.
കാര്യങ്ങൾ കൈവിട്ടെന്ന് മനസ്സിലായതോടെ പരാമർശത്തിൽ തോമസ് ഐസക്ക് ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. കൈവിട്ട വാക്കുകൾ ഉണ്ടാക്കിയ പ്രത്യാഘാതം വലുതായിരിക്കുമെന്ന തിരിച്ചറിവാണ് ഈ ഖേദപ്രകടനത്തിന് പിന്നിൽ.
തോമസ് ഐസക്കിന്റെ കോമാളി പ്രയോഗത്തിൽ മാന്യമായ മറുപടി നൽകി രമേഷ് പിഷാരടി പന്ത് വീണ്ടും തന്റെ കോർട്ടിൽതന്നെ നിർത്തിയിരിക്കുകയാണ്. തോമസ് ഐസക് ഖേദം പ്രകടിപ്പിക്കേണ്ട കാര്യമില്ലെന്നും മുതിർന്ന നേതാവായ അദ്ദേഹത്തിനോട് തനിക്ക് സ്നേഹം മാത്രമാണെന്നും പറഞ്ഞ പിഷാരടി, സംസ്കാരം സമരം ചെയ്താൽ കിട്ടുന്നതല്ല എന്ന് ‘കുത്തും’ നൽകി.
ഗുരുവായൂരിൽ ബിജെപി ടിക്കറ്റിൽ ജനവിധി തേടുന്ന ബി ഗോപാലകൃഷ്ണൻ നടത്തിയ പരാമർശം തോമസ് ഐസക് നടത്തിയതിനെക്കാൾ വലിയ പ്രത്യാഘാതം ഉണ്ടാക്കുന്നതാണ്.’ ഗുരുവായൂരിലെ ഹൈന്ദവ വിശ്വാസികളുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ ഒരു ഹിന്ദു എംഎൽഎ തന്നെ വരണം’ എന്നായിരുന്നു ഗോപാലകൃഷ്ണന്റെ പരാമർശം.
ഗോപാലകൃഷ്ണന്റെ ഈ വർഗീയ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റ ചട്ടം ലംഘിച്ചതിനെതിരെ ഗുരുവായൂർ ടെമ്പിൾ പോലീസ് ഗോപാലകൃഷ്ണനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രത്തൻ യു കേൽക്കറുടെ നിർദ്ദേശപ്രകാരം ജില്ലാ ഭരണാധികാരി കൂടിയായ തൃശൂർ ജില്ലാ കളക്ടറുടെ പരാതിയിലാണ് കേസ്.
ഗുരുതരമായ നിയമപ്രശ്നമാണ് ഗോപാലകൃഷ്ണന്റെ വാവിട്ട വാക്കുകള് ഉണ്ടാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് വിജയം വരെ അസാധുവാക്കപ്പെടാവുന്ന കുറ്റമാണിത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ആർസിസിയിലെ ബന്ധുനിയമനം: ഒന്നാം റാങ്ക് സഹോദരിയുടെ മകൾക്ക്! ചീഫ് നഴ്സിംഗ് ഓഫീസർ പുറത്ത്





