തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ രാഷ്ട്രീയ കേരളത്തെ അമ്പരപ്പിച്ച് പാലക്കാട് മണ്ഡലത്തില്‍ നടന് രമേശ് പിഷാരടിയുടെ പേര് സജീവമാകുമ്പോള്‍ എല്ലാ കണ്ണും മമ്മൂട്ടിയിലേക്ക്. നടന് മമ്മൂട്ടിയുടെ സന്തത സഹചാരിയാണ് പിഷാരടി.
സിറ്റിങ് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിക്ക് പുറത്തായ സാഹചര്യത്തിലാണ് അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയായി പിഷാരടിയെ പരിഗണിക്കുന്നത്. 40 സീറ്റുകളില്‍ ഒറ്റപ്പേര് ഉറപ്പിച്ച് സ്ക്രീനിങ് കമ്മിറ്റിക്ക് കൈമാറിയ പട്ടികയില്‍ പാലക്കാട് മണ്ഡലത്തില്‍ പിഷാരടിയുടെ പേരാണ് മുന്‍പന്തിയിലുള്ളത്. ചലച്ചിത്ര താരം എന്നതിലുപരി മെഗാസ്റ്റാര്‍ മമ്മൂട്ടിയുമായുള്ള പിഷാരടിയുടെ ആത്മബന്ധമാണ് ഈ സ്ഥാനാര്‍ത്ഥിത്വത്തെ രാഷ്ട്രീയ ചര്‍ച്ചകളുടെ കേന്ദ്രബിന്ദുവാക്കുന്നത്. മമ്മൂട്ടിയുടെ അതിവിശ്വസ്തനും നിഴലുമായി അറിയപ്പെടുന്ന വ്യക്തിയാണ് രമേശ് പിഷാരടി. അതേസമയം, ഇടതുപക്ഷത്തോടും മുഖ്യമന്ത്രി പിണറായി വിജയനോടും അടുത്ത ബന്ധം പുലര്‍ത്തുന്ന മമ്മൂട്ടി കൈരളി ടിവിയുടെ ചെയര്മാന് കൂടിയാണ്.
സി.പി.എമ്മിന്റെ പ്രധാന പ്രചാരകരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന മമ്മൂട്ടി, തന്റെ അടുത്ത സുഹൃത്തായ പിഷാരടിക്ക് വേണ്ടി പാലക്കാട് വോട്ട് ചോദിക്കാന്‍ എത്തുമോ എന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്. കുറച്ചു കാലമായി മമ്മൂട്ടി എവിടെ പോയാലും അനുഗമിക്കുന്ന നടനാണ് പിഷാരടി. അത്രയ്ക്ക് വിശ്വസ്തനാണ് പിഷാരടി. മമ്മൂട്ടിയ്ക്ക് അസുഖകാലത്ത് പോലും താങ്ങും തണലുമായി കൂടെ നിന്ന സഹോദര തുല്യന്‍. ഈ സാഹചര്യത്തില്‍ പിഷാരടിയുടെ സ്ഥാനാര്‍ത്ഥിത്വം മമ്മൂട്ടിയ്ക്ക് വ്യക്തിപരമായി പ്രധാനപ്പെട്ടതാണ്.
രമേശ് ചെന്നിത്തലയുടെ പുസ്തക പ്രകാശനത്തിന് മമ്മൂട്ടി എത്തിയത് അടുത്തിടെ വലിയ ചര്‍ച്ചയായിരുന്നു. പിഷാരടി നേരത്തെ തന്നെ കോണ്‍ഗ്രസ് വേദികളില്‍ സജീവമാണെങ്കിലും, ഇത്തവണ മത്സരരംഗത്തേക്ക് ഇറങ്ങുന്നത് സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം വലിയ രാഷ്ട്രീയ സമസ്യയാണ് ഉയര്‍ത്തുന്നത്. മമ്മൂട്ടിയുടെ നീക്കങ്ങള്‍ ഇടത് ക്യാമ്പ് അതീവ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്. മമ്മൂട്ടി പരസ്യമായി പിഷാരടിക്ക് വേണ്ടി രംഗത്തിറങ്ങിയാല്‍ അത് ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയാകും.
പാലക്കാട് മുതിര്‍ന്ന നേതാവ് കെ. മുരളീധരന്റെ പേര് ആദ്യം പരിഗണിച്ചിരുന്നെങ്കിലും അദ്ദേഹം വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാനാണ് സാധ്യത. തൃത്താലയില്‍ വി.ടി. ബല്‍റാം, മണലൂരില്‍ ടി.എന്‍. പ്രതാപന് എന്നിവരുടെ പേരുകളും പട്ടികയില്‍ ഉറപ്പിച്ചിട്ടുണ്ട്. വൈക്കത്ത് സണ്ണി എം. കപിക്കാടിന്റെ പേരും സജീവ പരിഗണനയിലാണ്. യു.ഡി.എഫുമായി സഹകരിക്കുന്ന പി.വി. അന്‍വര്‍ ബേപ്പൂരില്‍ മത്സരിക്കും. വരുംദിവസങ്ങളില്‍ ഡല്‍ഹിയില്‍ ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ അന്തിമ പ്രഖ്യാപനം നടത്തും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ചട്ടങ്ങൾ ലംഘിച്ച് എസ്.എൻ. ട്രസ്റ്റിന് 85 അധ്യാപക തസ്തികകൾ അനുവദിച്ചു; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം





