ആലപ്പുഴ: ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സച്ചിദാനന്ദൻ മഠാധിപതി സ്ഥാനത്തിരുന്ന് സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങൾ ചെയ്യുകയാണെന്നും അദ്ദേഹം ആ പദവിക്ക് യോഗ്യനല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.രാഷ്ട്രീയ സ്ഥാനാർത്ഥികളുടെ പേര് എഴുതി നൽകാൻ സച്ചിദാനന്ദൻ ആരാണെന്നും അദ്ദേഹം ഒരു പമ്പര വിഡ്ഢിയാണെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. സ്ഥാനാർത്ഥി പട്ടിക നൽകിയത് സച്ചിദാനന്ദന്റെ സ്വന്തം നിലയ്ക്കാണെന്ന് മഠം സെക്രട്ടറി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മഠത്തിലിരുന്ന് ഇത്തരത്തിൽ പ്രവർത്തിക്കുന്നത് ശരിയല്ലെന്നും “അൽപൻ” എന്നാണ് അദ്ദേഹത്തെ വിളിക്കേണ്ടതെന്നും വെള്ളാപ്പള്ളി ആഞ്ഞടിച്ചു.
അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജി. സുധാകരൻ തന്നെ വന്നു കണ്ട കാര്യം വെള്ളാപ്പള്ളി സ്ഥിരീകരിച്ചു. ജി. സുധാകരൻ ജനകീയനും ജില്ലയിൽ വലിയ സ്വാധീനമുള്ള നേതാവുമാണ്. ഭരണകാര്യങ്ങളിൽ അദ്ദേഹം വലിയ മിടുക്കനാണെന്നും വെള്ളാപ്പള്ളി പ്രശംസിച്ചു. സുധാകരൻ പിന്തുണ തേടിയല്ല വന്നതെന്നും മത്സരിക്കുന്ന വിവരം പറയാനാണ് എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. കുടുംബത്തെ കണ്ട് സംസാരിച്ച ശേഷം അദ്ദേഹം മടങ്ങിയെന്നും ആരുടെ പിന്തുണയാണ് അദ്ദേഹത്തിന് ഉള്ളതെന്ന് തനിക്കറിയില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ അമ്പലപ്പുഴയിലെ പോരാട്ടം പ്രവചനാതീതമായി മാറിയിരിക്കുകയാണ്. ജി. സുധാകരനെ പിന്തുണയ്ക്കാൻ യു.ഡി.എഫ് തീരുമാനിച്ചതോടെ അവിടെ യു.ഡി.എഫ് സ്ഥാനാർത്ഥിയുണ്ടാകില്ല. എൽ.ഡി.എഫ് സ്ഥാനാർത്ഥി എച്ച്. സലാമും ജി. സുധാകരനും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടത്തിനാണ് അമ്പലപ്പുഴ സാക്ഷ്യം വഹിക്കുന്നത്. വെള്ളാപ്പള്ളിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സുധാകരൻ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ കാണാൻ പെരുന്നയിലേക്ക് പോയി.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


മുഖ്യമന്ത്രിയുടെ വിശ്വസ്തൻ കെ.എം എബ്രഹാം രാജിവച്ചു; ഭരണമാറ്റം ഉറപ്പായതോടെ നീക്കം





