കൊച്ചി: കൊച്ചി നാവികത്താവളത്തില്‍ നിന്ന് പാക് ചാരസംഘടനയായ ഐ.എസ്.ഐ.ക്ക് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി നല്കിയ കേസില്‍ പിടിയിലായ ആദര്‍ശ് കുമാര്‍ എന്ന ‘ലക്കി’യുടെ ജീവിതത്തിലെ ഞെട്ടിക്കുന്ന വൈരുദ്ധ്യങ്ങള്‍ പുറത്ത്. ഗ്രാമത്തിലെ യുവാക്കള്‍ക്ക് മാതൃകയായിരുന്ന ഒരു നാവിക ഉദ്യോഗസ്ഥന് എങ്ങനെ രാജ്യദ്രോഹക്കുറ്റത്തില്‍ അകപ്പെട്ടു എന്ന ഞെട്ടലിലാണ് ഉത്തര്‍പ്രദേശിലെ ആഗ്രയിലുള്ള ചിറ്റ്പൂര്‍ ഗ്രാമം. അതീവ സുരക്ഷാ പ്രാധാന്യമുള്ള യുദ്ധക്കപ്പലുകളുടെ ദൃശ്യങ്ങള്‍ ചോര്‍ത്തിയതിനൊപ്പം, പാക് ഏജന്റുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുടെ തെളിവുകളും ഭീകരവിരുദ്ധ സ്ക്വാഡിന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൊച്ചിയില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരീക്ഷണം ശക്തമാക്കും.
മൂന്ന് വര്‍ഷം മുമ്പ് ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ഒരു യുവതിയുടെ ‘ഹണി ട്രാപ്പിലാണ്’ ആദര്‍ശ് കുമാര്‍ വീണതെന്നാണ് എ.ടി.എസ്. കണ്ടെത്തല്‍. തുടക്കത്തില്‍ ലളിതമായ സംഭാഷണങ്ങളിലൂടെ തുടങ്ങിയ ബന്ധം പിന്നീട് വാട്സ്ആപ്പിലേക്ക് മാറുകയും തന്ത്രപ്രധാനമായ വിവരങ്ങള്‍ കൈമാറുന്നതിലേക്ക് എത്തുകയുമായിരുന്നു. കൊച്ചിയിലെ ദക്ഷിണ നാവിക കമാന്‍ഡില്‍ ഡോക്ക് ചെയ്തിട്ടുള്ള യുദ്ധക്കപ്പലുകളുടെ ചിത്രങ്ങള്‍, വീഡിയോകള്‍, മറ്റ് സുപ്രധാന രേഖകള്‍ എന്നിവ ഇയാള്‍ കൈമാറി. ഇതിന് പ്രതിഫലമായി പാക് ഏജന്റില്‍ നിന്ന് പണം കൈപ്പറ്റിയതായും എ.ടി.എസ്. ആരോപിക്കുന്നു.
സമാന രീതിയില്‍ കൊച്ചിയില്‍ ഇനിയും ഉദ്യോഗസ്ഥരുണ്ടോ എന്ന് അന്വേഷിക്കും. ആദര്‍ശിന്റെ സുഹൃത്തുക്കളും നിരീക്ഷണത്തിലാകും. ഫെബ്രുവരിയില്‍ വിവാഹിതനായ ആദര്‍ശ് കുമാര്‍, മൂന്നാഴ്ചത്തെ അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് നാടകീയമായി പിടിയിലാകുന്നത്. മാര്‍ച്ച് 14-ന് ജോലിയില്‍ തിരികെ പ്രവേശിക്കാനിരിക്കെയായിരുന്നു എ.ടി.എസ്. സംഘം ചിറ്റ്പൂരിലെ വീട്ടിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്തത്. ലളിതമായ ജീവിതം നയിച്ചിരുന്ന ഇയാള്‍ ഇത്തരമൊരു കുറ്റകൃത്യം ചെയ്യുമെന്ന് വിശ്വസിക്കാന്‍ കുടുംബാംഗങ്ങള്‍ക്കോ നാട്ടുകാര്‍ക്കോ ഇതുവരെ കഴിഞ്ഞിട്ടില്ല.
കര്‍ഷകനായ പിതാവിന്റെ സ്വപ്നമായിരുന്ന മകന് ചതിക്കപ്പെട്ടതാണെന്നും നിരപരാധിയാണെന്നുമാണ് കുടുംബത്തിന്റെ വാദം. പക്ഷേ തെളിവെല്ലാം എതിരാണെന്ന് എസ് ഐ ടി പറയുന്നു. ആദര്‍ശ് കുമാര്‍ ഒരു വര്‍ഷമായി കൊച്ചിയിലാണ് ജോലി ചെയ്തിരുന്നത്. കപ്പലുകളുടെ അറ്റകുറ്റപ്പണികളുടെ മേല്‍നോട്ട ചുമതല ഉണ്ടായിരുന്നതിനാല്‍ അതീവ രഹസ്യവിവരങ്ങള്‍ ഇയാള്‍ക്ക് ലഭ്യമായിരുന്നു. ഇയാളുടെ ഫോണ്‍ രേഖകളും ഡിജിറ്റല്‍ ഉപകരണങ്ങളും പരിശോധിച്ചതില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഈ ചാരശൃംഖലയില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നും നാവികസേനാ സുരക്ഷയില്‍ മറ്റ് എവിടെയെങ്കിലും വിള്ളലുകള്‍ സംഭവിച്ചിട്ടുണ്ടോ എന്നും ദേശീയ രഹസ്യാന്വേഷണ ഏജന്‍സികള്‍ പരിശോധിച്ചുവരികയാണ്.
ഇയാളുടെ സാമ്പത്തിക ഇടപാടുകളുടെ തെളിവുകള്‍ കൂടി ലഭിച്ചതോടെ രാജ്യം ഉറ്റുനോക്കുന്ന അതീവ ഗൗരവമുള്ള കേസായി ഇത് മാറിയിരിക്കുന്നു. അതീവ സുരക്ഷാ പ്രാധാന്യമുള്ള യുദ്ധക്കപ്പലുകളുടെ വിവരങ്ങള്‍ കൈമാറിയതിന് പുറമെ, ഇയാള്‍ നടത്തിയ സാമ്പത്തിക ഇടപാടുകളുടെ നിര്‍ണ്ണായക തെളിവുകളും ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡിന് ലഭിച്ചിട്ടുണ്ട്. ഇതോടെ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി.
ആദര്‍ശ് കുമാര്‍, വിമാനവാഹിനികള്‍, യുദ്ധക്കപ്പലുകള്‍, അന്തര്‍വാഹിനികള്‍ എന്നിവയുടെ അറ്റകുറ്റപ്പണികളുടെ മേല്‍നോട്ടം വഹിക്കുന്ന തന്ത്രപ്രധാനമായ തസ്തികയിലായിരുന്നു. യുദ്ധക്കപ്പലുകളുടെ ദൃശ്യങ്ങളും രേഖകളും ഇത്തരത്തില്‍ ചോര്‍ത്തിയതായി എ.ടി.എസ്. കണ്ടെത്തി. വിവരങ്ങള്‍ നല്‍കിയതിന് പകരമായി പാക് ഏജന്റില്‍ നിന്ന് ആദര്‍ശ് പ്രതിഫലം കൈപ്പറ്റിയിട്ടുണ്ട്. ഇയാളുടെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി.
നേരത്തെ കൊച്ചി സൗത്ത് പോലീസ് ഈ കേസില്‍ അന്വേഷണം തുടങ്ങിയിരുന്നുവെങ്കിലും, രാജ്യാന്തര തലത്തിലുള്ള ബന്ധങ്ങള്‍ പുറത്തുവന്നതോടെയാണ് യു.പി. എ.ടി.എസ്. നാടകീയമായി ഇയാളെ പിടികൂടിയത്. നാവികസേനയുടെ സുരക്ഷയില്‍ സംഭവിച്ച ഈ വലിയ വീഴ്ചയെക്കുറിച്ച് പ്രതിരോധ മന്ത്രാലയവും പ്രത്യേക അന്വേഷണം നടത്തുന്നുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ അപ്പീല്‍ പ്രളയം; പൊതുവിദ്യാഭ്യാസ വകുപ്പിന് ലഭിച്ചത് 30 ലക്ഷം; ഏറ്റവു കൂടുതല്‍ അപ്പീല്‍ തിരുവനന്തപുരം ജില്ലയില്‍ നിന്ന്




