ആലപ്പുഴ: അംഗത്വം പുതുക്കാതെ സ്വയം പടിയിറങ്ങി പാര്‍ട്ടിയുടെ അച്ചടക്ക നടപടികളില്‍ നിന്ന് തന്ത്രപരമായി രക്ഷപെട്ട് ജി. സുധാകരന്. സി.പി.എമ്മിന് പുറത്താക്കാന്‍ അവസരം നല്‍കാതെ, സംഘടനയുമായുള്ള ഔദ്യോഗിക ബന്ധം അവസാനിപ്പിച്ച ശേഷമാണ് അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന പ്രഖ്യാപനം അദ്ദേഹം നടത്തിയത്. ‘പാര്‍ട്ടി പുറത്താക്കിയവന്’ എന്ന പേരുദോഷം ഒഴിവാക്കി, അന്തസ്സോടെയുള്ള മടക്കമെന്ന പ്രതിച്ഛായ സൃഷ്ടിക്കാന്‍ ഈ നീക്കത്തിലൂടെ സുധാകരന് സാധിച്ചു. കോണ്‍ഗ്രസ് വേദികളിലടക്കം സമീപകാലത്ത് അദ്ദേഹം നടത്തിയ സാന്നിധ്യം സി.പി.എമ്മുമായുള്ള അകല്‍ച്ചയുടെ വ്യക്തമായ സൂചനയായിരുന്നു. അംഗത്വം പുതുക്കേണ്ട കാലാവധി മനഃപൂര്‍വ്വം പിന്നിട്ട ശേഷമാണ് താന്‍ ഇനി പാര്‍ട്ടി അംഗമല്ലെന്നും അമ്പലപ്പുഴയില്‍ ജനവിധി തേടുമെന്നും അദ്ദേഹം പ്രഖ്യാപിച്ചത്.
യു.ഡി.എഫ് പിന്തുണ ഉറപ്പാണെങ്കിലും കോണ്‍ഗ്രസ് വേദികളില്‍ പ്രത്യക്ഷപ്പെടാതെ തീര്‍ത്തും ‘സ്വതന്ത്ര’ പരിവേഷം നിലനിര്‍ത്താനാണ് സുധാകരന്റെ തീരുമാനം. സി.പി.എമ്മിന്റെ പരമ്പരാഗത വോട്ടുകളെ സ്വാധീനിക്കുക എന്നതാണ് ഈ തന്ത്രത്തിന്റെ കാതല്‍. യു.ഡി.എഫിന്റെ ഭാഗമായി നിന്നാല്‍ ഇടത് വോട്ടര്‍മാരുടെ പിന്തുണ നഷ്ടപ്പെടുമെന്ന് അദ്ദേഹം കണക്കുകൂട്ടുന്നു. അതുകൊണ്ടാണ് ആരുടെയും പിന്തുണ തേടില്ലെന്നും കമ്മ്യൂണിസ്റ്റ് ആദര്‍ശങ്ങള്‍ ഉപേക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം ആവര്‍ത്തിക്കുന്നത്. അമ്പലപ്പുഴയിലെ സി.പി.എം വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ഈ നിശബ്ദ പിന്തുണ തന്ത്രം സഹായിക്കുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഔദ്യോഗിക പക്ഷത്തിന് കനത്ത വെല്ലുവിളി ഉയര്‍ത്തി സുധാകരന് പോരിനിറങ്ങുമ്പോള്‍ ആലപ്പുഴയിലെ രാഷ്ട്രീയ ചിത്രം അടിമുടി മാറും.
അമ്പലപ്പുഴ മണ്ഡലത്തിലെ രാഷ്ട്രീയ ഭൂചലനങ്ങള്‍ ഒരോ നിമിഷവും പുതിയ തലങ്ങളിലേക്ക് നീങ്ങുകയാണ്. ജി. സുധാകരന്റെ പ്രഖ്യാപനത്തിന് പിന്നാലെ കടുത്ത ഭാഷയിലാണ് സി.പി.എം നേതൃത്വം പ്രതികരിച്ചത്. സുധാകരന് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് ചെയ്തതെന്ന് സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്. നാസര്‍ പ്രതികരിച്ചു. പാര്‍ട്ടി ഒട്ടും പ്രതീക്ഷിക്കാത്ത നിലപാടാണ് സുധാകരനില്‍ നിന്ന് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, തന്റെ തനത് ശൈലിയില്‍ രൂക്ഷമായ പരിഹാസവുമായാണ് എം.എം. മണി രംഗത്തെത്തിയത്. ‘ജി. സുധാകരന് മത്സരിച്ചാലും പാര്‍ട്ടിക്ക് ഒരു കോപ്പുമില്ല’ എന്നായിരുന്നു മണിയുടെ പ്രതികരണം. പാര്‍ട്ടി വിട്ടാല്‍ സുധാകരന് ‘വെറും ശൂ’ ആണെന്നും, പോകരുതെന്ന് പറഞ്ഞ് ആരും അദ്ദേഹത്തിന്റെ പിന്നാലെ പോകില്ലെന്നും മണി പറഞ്ഞു. സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ പാര്‍ട്ടി ഔദ്യോഗികമായി അവസാനിപ്പിച്ചതായും സൂചനയുണ്ട്.
സുധാകരന്റെ വരവ് ഏറ്റവും കൂടുതല്‍ ആവേശം പകരുന്നത് യു.ഡി.എഫ് ക്യാമ്പിലാണ്. അമ്പലപ്പുഴയില്‍ നിലവില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ് ധൃതി കാട്ടുന്നില്ല. സുധാകരന്റെ നീക്കങ്ങള്‍ പൂര്‍ണ്ണമായും നിരീക്ഷിച്ച ശേഷം മാത്രം മതിയെന്ന നിലപാടിലാണ് നേതൃത്വം. അമ്പലപ്പുഴയിലെ സാധ്യത പട്ടികയിലുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാക്കളോട് മറ്റ് മണ്ഡലങ്ങള്‍ പരിഗണിക്കേണ്ടതുണ്ടോ എന്ന് നേതൃത്വം നേരത്തെ തന്നെ ആരാഞ്ഞിരുന്നു. സുധാകരന് മത്സരിക്കുകയാണെങ്കില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് അദ്ദേഹത്തിന് പുറത്തുനിന്ന് പിന്തുണ നല്‍കാനാണ് കൂടുതല്‍ സാധ്യത.
അമ്പലപ്പുഴയില്‍ നിലവിലെ എം.എല്‍.എ എച്ച്. സലാമിനെ തന്നെ വീണ്ടും മത്സരിപ്പിക്കാനാണ് സി.പി.എം ആലോചിക്കുന്നത്. സുധാകരന് ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കാന്‍ കൂടുതല്‍ ജനകീയ മുഖങ്ങളെ പാര്‍ട്ടി തേടുന്നുണ്ടെങ്കിലും സലാമിന് തന്നെയാണ് മുന്‍ഗണന. സുധാകരന് സ്വതന്ത്രനായാല്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ ഒഴിവാക്കിയേക്കും. ബി.ജെ.പി ഇത്തവണ ശക്തമായ മത്സരം കാഴ്ചവെക്കാന്‍ ഒരുങ്ങുകയാണ്. കഴിഞ്ഞ തവണ ലഭിച്ച 22,000-ത്തോളം വോട്ടുകള്‍ വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ആർസിസി നഴ്സിങ് നിയമനത്തിൽ വൻ ക്രമക്കേട്: ചീഫ് നഴ്സിങ് ഓഫീസർക്കെതിരെ നടപടിക്ക് ശുപാർശ





