തിരുവനന്തപുരം: മഹാകുംഭമേളയിലൂടെ രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയ മോണാലിസ ഭോസ്ലെയുടെ വിവാഹത്തെച്ചൊല്ലിയുള്ള സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍ പൊളിയുന്നു. മോണാലിസയ്ക്ക് പ്രായപൂര്‍ത്തിയായില്ലെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ പച്ചക്കള്ളമാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ദമ്പതികള്‍ പുറത്തുവിട്ടു. ലവ് ജിഹാദ് ആരോപണങ്ങളെയും പ്രായത്തെച്ചൊല്ലിയുള്ള ദുഷ്പ്രചാരണങ്ങളെയും തള്ളിക്കൊണ്ട് ഇരുവരും തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തി.
മോണാലിസ ജനിച്ചത് 2008 ജനുവരി ഒന്നിനാണെന്ന് വ്യക്തമാക്കുന്ന ആധാര്‍ കാര്‍ഡും ജനന സര്‍ട്ടിഫിക്കറ്റും വാര്‍ത്താസമ്മേളനത്തില്‍ ഹാജരാക്കി. ഇതനുസരിച്ച് വിവാഹസമയത്ത് മോണാലിസയ്ക്ക് 18 വയസ്സും രണ്ട് മാസവും പ്രായമുണ്ട്. നിയമപരമായി വിവാഹപ്രായം പൂര്‍ത്തിയായ വ്യക്തിക്ക് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനുള്ള അവകാശമുണ്ടെന്ന് പോലീസ് മോണാലിസയുടെ പിതാവിനെ ബോധ്യപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പൂവാര്‍ പഞ്ചായത്തില്‍ കെ-സ്മാര്‍ട്ട് വഴി വിവാഹം ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തത്.
വിവാഹത്തിനായി തങ്ങള്‍ ആരും മതം മാറിയിട്ടില്ലെന്ന് ദമ്പതികള്‍ വ്യക്തമാക്കി. താന്‍ ഹിന്ദുവായും ഫര്മാന് മുസ്ലിമായും തന്നെ തുടരും. ‘സ്നേഹിക്കാന്‍ മതം മാറേണ്ടതില്ല’ എന്ന ഫര്മാന് ഖാന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. വീട്ടുകാര്‍ നിശ്ചയിച്ച വിവാഹത്തിന് താല്പര്യമില്ലാത്തതിനാലാണ് സ്വന്തം ഇഷ്ടപ്രകാരം ഫര്‍മാനെ വിവാഹം ചെയ്തതെന്ന് മോണാലിസ മാധ്യമങ്ങളോട് പറഞ്ഞു.
അരുമാനൂര്‍ നയിനാര്‍ ദേവക്ഷേത്രത്തിലെ ശ്രീനാരായണ ഗുരുദേവന്റെ പ്രതിഷ്ഠയ്ക്ക് മുന്നില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്, എ.എ. റഹീം എം.പി തുടങ്ങിയ പ്രമുഖര്‍ വിവാഹ ചടങ്ങില്‍ സംബന്ധിച്ചിരുന്നു. ക്ഷേത്രത്തില്‍ നടന്ന വിവാഹത്തിന്റെ സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ രേഖകളും പരിശോധിച്ച ശേഷമാണ് സര്‍ക്കാര്‍ ഇവര്‍ക്ക് വിവാഹ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചത്.
പി. ബിനു വര്‍ഗീസ് സംവിധാനം ചെയ്യുന്ന ‘നാഗമ്മ’ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് നായികയായ മോണാലിസയും വില്ലനായി അഭിനയിക്കുന്ന ഫര്‍മാനും തമ്മില്‍ പ്രണയത്തിലാവുന്നത്. ആറുമാസത്തെ സൗഹൃദമാണ് വിവാഹത്തിലെത്തിയത്. കേരളം നല്കുന്ന വലിയ പിന്തുണയില്‍ സന്തോഷമുണ്ടെന്നും താല്പര്യമുണ്ടെങ്കില് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ തന്നെ സ്ഥിരതാമസമാക്കുമെന്നും ഫര്മാന് ഖാന് പറഞ്ഞു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


‘അറസ്റ്റ് ചെയ്യണമെങ്കില്‍ ചെയ്യട്ടെ, ഭയമില്ല!’ പുനര്‍ജനി കേസ് സിബിഐക്ക് വിട്ടതില്‍ വി.ഡി സതീശന്റെ വെല്ലുവിളി; യുഡിഎഫിലേക്ക് പുതിയ കക്ഷികള്‍ വരുമെന്നും പ്രഖ്യാപനം!





