തിരുവനന്തപുരം: രാജ്യശ്രദ്ധ നേടിയ കുംഭമേളയിലെ ‘വൈറല്‍ പെണ്‍കുട്ടി’ മോണാലിസയുടെ വിവാഹവുമായി ബന്ധപ്പെട്ട് കേരള പോലീസിനെ മധ്യപ്രദേശ് ഭരണകൂടം തെറ്റിദ്ധരിപ്പിച്ചോ? വിവാഹസമയത്ത് പെണ്‍കുട്ടിക്ക് 18 വയസ്സുണ്ടായിരുന്നു എന്ന വാദത്തില്‍ കേരള പോലീസ് ഉറച്ചുനില്‍ക്കുമ്പോഴും, പുതിയ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയതില്‍ മധ്യപ്രദേശ് സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന ഗുരുതര സംശയമാണ് ഇപ്പോള്‍ ഉയരുന്നത്.
വിവാഹശേഷം പെണ്‍കുട്ടിയുടെ പ്രായം 16 ആണെന്ന് കാണിച്ച് പുതിയ രേഖകള്‍ പുറത്തുവന്നതോടെ അന്വേഷണം അന്തര്‍സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് കേരളാ പോലീസ്. വിവാഹവേളയില്‍ പെണ്‍കുട്ടി ഹാജരാക്കിയ ആധാര്‍ കാര്‍ഡിലും പാന്‍ കാര്‍ഡിലും പ്രായം 18 വയസ്സായിരുന്നു. 2025 ജൂണില്‍ ലഭ്യമാക്കിയ ജനന സര്‍ട്ടിഫിക്കറ്റ് അടിസ്ഥാനമാക്കിയാണ് ഈ രേഖകളെല്ലാം തയാറാക്കിയത്. എന്നാല്‍, വിവാഹത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആശുപത്രി അധികൃതരെ സമീപിച്ചതോടെയാണ് കഥ മാറിയത്. ആശുപത്രി രേഖകള്‍ പ്രകാരം പെണ്‍കുട്ടി ജനിച്ചത് 2009 ഡിസംബര്‍ 30-നാണ്. ഇതനുസരിച്ച് വിവാഹസമയത്ത് പ്രായം വെറും 16 വയസ്സ് മാത്രം.
ആശുപത്രിയില്‍ നിന്നുള്ള വിവരങ്ങള്‍ പുറത്തുവന്നതോടെ പഴയ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി മധ്യപ്രദേശ് സര്‍ക്കാര്‍ പുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാണ് കേരള പോലീസിന്റെ നിഗമനം. ആദ്യം നല്കിയ രേഖകള്‍ ഒറിജിനലാണെന്ന് പോലീസ് സാക്ഷ്യപ്പെടുത്തുമ്പോഴും, അവ തയാറാക്കാന്‍ നല്കിയ വിവരങ്ങള്‍ വ്യാജമാണോ എന്നാണ് ഇനി കണ്ടെത്തേണ്ടത്.
വിവാഹ റജിസ്ട്രേഷന് സമയത്ത് പൂവാര്‍ പഞ്ചായത്തിലും പോലീസിനും മുന്നില്‍ പെണ്‍കുട്ടി സമര്‍പ്പിച്ചത് 18 വയസ്സ് രേഖപ്പെടുത്തിയ ഒറിജിനല്‍ രേഖകളാണ്. ഇതിനാല്‍ തങ്ങളുടെ ഭാഗത്ത് വീഴ്ചയില്ലെന്ന നിലപാടിലാണ് പോലീസ്. എന്നാല്‍ മധ്യപ്രദേശ് പോലീസും ദേശീയ പട്ടികജാതി കമ്മീഷനും രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തിയത് കേരള പോലീസിനെ പ്രതിക്കൂട്ടിലാക്കി. ഈ സാഹചര്യത്തിലാണ് സത്യമറിയാന്‍ മധ്യപ്രദേശിലേക്ക് പോകാന്‍ തിരുവനന്തപുരം റൂറല്‍ എസ്.പി ജുവ്വനപ്പുഡി മഹേഷ് ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ പങ്കെടുത്ത വിവാഹമായതിനാല്‍ രാഷ്ട്രീയമായ ആരോപണങ്ങളും ശക്തമാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹത്തിന് ഒത്താശ ചെയ്തവര്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ഉയര്‍ന്നു കഴിഞ്ഞു. ഇതിനിടെ, പെണ്‍കുട്ടിയുടെ ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞത് പോലീസിന് താല്‍ക്കാലിക ആശ്വാസമാണ്.
അരുമാനൂരിലെ ‘ഫസ്റ്റ് നൈറ്റ്’ വിവാദവും സോഷ്യല്‍ മീഡിയയിലെ വ്യാജ വീഡിയോകളും കേസിനെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. കേരളത്തെ ചതിച്ച് വ്യാജരേഖകള്‍ ചമച്ചതിന് പിന്നില്‍ വന്‍ ലോബി പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന് മധ്യപ്രദേശിലെ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


യുപിയിൽ പ്രകൃതിക്ഷോഭം: 111 പേർക്ക് ജീവൻ നഷ്ടമായി; വീടുകളും കൃഷിയും നശിച്ചു





