ഗണേഷിന് ‘കഷ്ടകാലം’ മാറുന്നില്ല; സോളാര്‍ ഗൂഢാലോചന കേസില്‍ വിചാരണ വേഗത്തിലാകും; മന്ത്രിക്കു വന്‍ തിരിച്ചടി; വാളകത്തെ ‘അവിഹിത’ത്തിനൊപ്പം മറ്റൊരു ഏടാകൂടം

കൊല്ലം: സോളാര്‍ ഗൂഢാലോചന കേസില്‍ വിചാരണ നടപടികള്‍ വേഗത്തിലാകുന്നത് മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ കടുത്ത ആശങ്കയിലാക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് കഴിയും വരെ കോടതി നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന ഗണേഷിന്റെ ആവശ്യം കൊട്ടാരക്കര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളിയതോടെ, വിധി എത്രയും പെട്ടെന്ന് വരുമെന്ന ഭീതിയിലാണ് മന്ത്രി ക്യാമ്പ്. വിചാരണ നടപടികള്‍ അതിവേഗം പൂര്‍ത്തിയായാല്‍ അത് തിരഞ്ഞെടുപ്പിന് മുന്‍പ് ഗണേഷിന് വലിയ രാഷ്ട്രീയ തിരിച്ചടിയായേക്കാം.
തിരഞ്ഞെടുപ്പ് കാലത്ത് കോടതി നടപടികള്‍ തുടരുന്നത് തനിക്ക് രാഷ്ട്രീയമായി ദോഷം ചെയ്യുമെന്നും, എതിരാളികള്‍ ഇത് ആയുധമാക്കുമെന്നുമായിരുന്നു ഗണേഷ് കുമാര്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍, രാഷ്ട്രീയ കാരണങ്ങള്‍ പറഞ്ഞ് വിചാരണ നീട്ടിവയ്ക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയതോടെ ഗണേഷിന്റെ നീക്കങ്ങള്‍ പാളി. നിലവില്‍ വാളകത്തെ വീട്ടിലെ അവിഹിത ആരോപണം ഗണേഷിനെ വെട്ടിലാക്കിയിട്ടുണ്ട്. ഭാര്യയുമായി പ്രശ്നം പറഞ്ഞു തീര്‍ത്തുവെങ്കിലും 5000 പ്രണയമെന്ന പരസ്യ നിലപാട് പ്രഖ്യാപനം തിരിച്ചടിയാണ്. ഇതിനൊപ്പമാണ് സോളാര്‍ കേസ് വരുന്നത്.
സോളാര്‍ കേസിലെ പരാതിക്കാരിയുടെ കത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ പേജുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ ഗണേഷ് കുമാര്‍ ഗൂഢാലോചന നടത്തിയെന്ന ഗൗരവകരമായ ആരോപണമാണ് നിലവിലുള്ളത്.  ഉമ്മന്‍ ചാണ്ടിയെ ലൈംഗികാരോപണ കേസില്‍ കുടുക്കുമെന്ന് ഗണേഷ് പറഞ്ഞിരുന്നതായി അദ്ദേഹത്തിന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം സുധീര്‍ മലയില്‍ നല്‍കിയ മൊഴി കേസില്‍ നിര്‍ണ്ണായകമാണ്. കോടതി നടപടികള്‍ വേഗത്തിലാക്കുന്നതിലൂടെ തിരഞ്ഞെടുപ്പിന് മുന്‍പ് ഒരു വിധി വന്നാല്‍, അത് ഗണേഷിന്റെ മന്ത്രിസ്ഥാനത്തെയും തിരഞ്ഞെടുപ്പ് സാധ്യതകളെയും ഒരുപോലെ ബാധിക്കും.
സാധാരണ ഗതിയില്‍ കേസുകള്‍ നീണ്ടുപോകുന്നത് പ്രതികള്‍ക്ക് ആശ്വാസമാകാറുണ്ടെങ്കിലും, ഈ കേസില്‍ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കോടതി കാട്ടുന്ന താല്പര്യം ഗണേഷിനെ അലോസരപ്പെടുത്തുന്നുണ്ട്. വിധി അനുകൂലമല്ലെങ്കില്‍ അത് പത്തനാപുരത്തെ വോട്ട് ബാങ്കിലും പ്രതിഫലിക്കുമെന്ന് അദ്ദേഹം ഭയക്കുന്നു. സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടി വേട്ടയാടപ്പെട്ടുവെന്ന വികാരം ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കെ, ഗൂഢാലോചന കേസില്‍ ഗണേഷ് കുമാര്‍ പ്രതിക്കൂട്ടിലാകുന്നത് യു.ഡി.എഫിന് വലിയൊരു രാഷ്ട്രീയ ആയുധമാകും.
വിചാരണാ കോടതിയുടെ ഓരോ നീക്കവും ഇപ്പോള്‍ പത്തനാപുരത്തെയും കേരള രാഷ്ട്രീയത്തെയും ഒരുപോലെ ഉറ്റുനോക്കുകയാണ്. വിചാരണയില്‍ ഇതുവരെ വന്ന മൊഴികളെല്ലാം മന്ത്രിക്ക് തിരിച്ചടിയാണ്. ഈ സാഹചര്യത്തിലാണ് മന്ത്രി കോടതിയെ സമീപിച്ചത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.