പത്തനംതിട്ട: അടൂർ നിയമസഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പേരിലെ പോര് മുറുകുന്നു. സിപിഐക്ക് അനുവദിച്ചിട്ടുള്ള ഈ സീറ്റിൽ പാർട്ടിയുടെ യുവ വനിതാ നേതാവായ പ്രിജി കണ്ണൻ മത്സരിക്കുമെന്നായിരുന്നു പാർട്ടി നേതൃത്വത്തിന്റെ പ്രഖ്യാപനം.
പ്രിജി കണ്ണൻ എന്ന പേരാണ് ഇപ്പോഴത്തെ പോരിന് കാരണം. അടൂരിലെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്നത് വരെ പ്രിജി ‘കണ്ണൻ’ പ്രിജി ‘ശശിധരൻ’ ആയിരുന്നു.
രാഷ്ട്രീയ രംഗത്ത് പുതുമുഖമല്ല പ്രിജി. 2020 -25 കാലത്ത് കൊല്ലം ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു അവർ. ഇപ്പോൾനടന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ കൊല്ലം കരിപ്ര ഗ്രാമപഞ്ചായത്ത് വാർഡ് സ്ഥാനാർഥിയായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിൽ ജയിച്ചില്ലെന്ന് മാത്രം.
2020ൽ ജില്ലാപഞ്ചായത്തിലേക്കും 2025ൽ ഗ്രാമപഞ്ചായത്തിലേക്കും മത്സരിച്ചപ്പോൾ പ്രിജിയുടെ പൂർണ്ണപേര് പ്രിജി ശശിധരൻ എന്നായിരുന്നു.തെരഞ്ഞെടുപ്പ് പോസ്റ്ററുകൾ എല്ലാം ഇതേ പേരിൽതന്നെയായിരുന്നു. ഫേസ്ബുക്ക് അക്കൗണ്ടും പ്രിജി ശശിധരൻ എന്ന പേരിലായിരുന്നു. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് ആയപ്പോൾ പ്രിജി ശശിധരൻ പ്രിജി കണ്ണൻ ആയി മാറി. ഇത് എങ്ങനെ എന്നാണ് രാഷ്ട്രീയ എതിരാളികൾ ചോദിക്കുന്നത്.
നിയമസഭാ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കപ്പെടുന്നതിന് തൊട്ടുമുൻപു വരെ ഫേസ്ബുക്കിൽ പ്രിജി ശശിധരൻ എന്നായിരുന്നെന്ന് എതിരാളികൾ ചൂണ്ടിക്കാട്ടുന്നു. സിപിഐയിൽ നിന്നും രാജിവച്ച് കോൺഗ്രസിൽ ചേർന്ന ശ്രീനാദേവി കുഞ്ഞമ്മയാണ് അടൂരിലെ പേരിലെ പോരിരിന് തുടക്കമിട്ടത്. പ്രിജി ശശിധരന്റെ പഴയ പോസ്റ്ററും ഫേസ്ബുക്ക് പേജും പ്രസിദ്ധീകരിച്ച് തന്റെ ഫേസ്ബുക്കിലൂടെ അവർ പേരിലെ പോരിന് തുടക്കമിടുകയായിരുന്നു.
കോൺഗ്രസിൽ ചേർന്ന ശ്രീനാദേവി പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവും ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷയുമാണ് ഇപ്പോൾ. അടൂരിന്റെ ജനനേതാവായിരുന്ന അന്തരിച്ച എം ജി കണ്ണന്റെ ഭാര്യ എന്ന തെറ്റിദ്ധാരണ ഉണ്ടാക്കാനാണ് പ്രിജിയുടെ പേരിലെ കൂടുമാറ്റം എന്നാണ് ശ്രീനാദേവി കുഞ്ഞമ്മയുടെ ആരോപണം. എം ജി കണ്ണനെ അടൂരിലെ ജനഹൃദയങ്ങൾ സ്വീകരിച്ചതാണെന്നും കോൺഗ്രസുകാരൻ ആയിരുന്ന കണ്ണന്റെ പേരിൽ തെറ്റിദ്ധാരണ ഉണ്ടാക്കാനാണ് പ്രിജിയുടെ പേര് മാറ്റമെങ്കിൽ പത്തനംതിട്ടയിലെ സിപിഐ നേതൃത്വത്തിന് തെറ്റുപറ്റിയെന്നും ശ്രീനാദേവി പറയുന്നു.
എന്നാൽ ശശിധരൻ എന്നത് പ്രിജിയുടെ അച്ഛന്റെ പേരാണെന്നും കണ്ണൻ എന്നത് ഭർത്താവിന്റെ പേരാണെന്നും സിപിഐ ജില്ലാ നേതൃത്വം വിശദീകരിക്കുന്നു. ഒരാളുടെ പേരിനൊപ്പം അച്ഛന്റെയോ ഭർത്താവിന്റെയോ പേര് ചേർക്കണമെന്നത് അവരവരുടെ ഇഷ്ടമാണെന്ന് നേതൃത്വം ചൂണ്ടിക്കാട്ടുന്നു.
എന്നാൽ 2022 ൽ വിവാഹിതയായ പ്രിജി 2026 വരെ എന്തുകൊണ്ട് കണ്ണൻ എന്ന പേര് സ്വന്തം പേരിനൊപ്പം ചേർത്തില്ലെന്നചോദ്യത്തിന് പാർട്ടി നേതാക്കൾ മറുപടി പറയുന്നില്ല. സംവരണ മണ്ഡലമായ അടൂരിൽ കഴിഞ്ഞ മൂന്നുതവണയായി വിജയിക്കുന്നത് സിപിഐയിലെ ചിറ്റയം ഗോപകുമാർ ആണ്. നിലവിൽ ഡെപ്യൂട്ടി സ്പീക്കറായ അദ്ദേഹത്തിനു സിപിഐ ഏർപ്പെടുത്തിയ മൂന്ന് ടേം വ്യവസ്ഥയിലാണ് മത്സരരംഗത്ത് നിന്ന് പിന്മാറേണ്ടി വന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
നേമത്ത് ബിജെപി-കോൺഗ്രസ് വോട്ട് കച്ചവടം; വി.ഡി. സതീശനെതിരെ ആഞ്ഞടിച്ച് മന്ത്രി വി. ശിവൻകുട്ടി.
നേമത്ത് ബിജെപി-കോൺഗ്രസ് വോട്ട് കച്ചവടം; വി.ഡി. സതീശനെതിരെ ആഞ്ഞടിച്ച് മന്ത്രി വി. ശിവൻകുട്ടി.







