അടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി സി.വി. ശാന്തകുമാർ കൊലക്കേസ് പ്രതിയെന്ന് എഫ്ഐആർ;കേസുകൾ ഉണ്ടായിരുന്നില്ലെന്ന വാദം തെറ്റ്; നടപടിക്ക് ജില്ലാ കളക്ടറുടെ നിർദ്ദേശം;

പത്തനംതിട്ട: അടൂർ നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി സി.വി. ശാന്തകുമാറിനെ പ്രതിരോധത്തിലാക്കി കൊലക്കേസ് എഫ്ഐആർ വിവരങ്ങൾ പുറത്ത്. തനിക്കെതിരെ കേസുകൾ ഒന്നുമില്ലെന്ന് പറഞ്ഞ് വാർത്താസമ്മേളനത്തിൽ പൊട്ടിക്കരഞ്ഞ ശാന്തകുമാറിന്റെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന രേഖകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. കൈപ്പട്ടൂർ സ്വദേശിയായ രാമചന്ദ്രന്റെ കൊലപാതകത്തിൽ ഒന്നാം പ്രതിയായി സി.വി. ശാന്തകുമാർ ഉൾപ്പെട്ട എഫ്ഐആർ വിവരങ്ങളാണ് പുറത്തുവന്നത്. തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന ആരോപണത്തിൽ ശാന്തകുമാറിനെതിരെ കേസെടുക്കാൻ ജില്ലാ കളക്ടർ പോലീസിന് നിർദ്ദേശം നൽകി.
ശാന്തകുമാറിനെ കൊലക്കേസ് പ്രതിയാക്കിയുള്ള ലഘുലേഖ വിതരണം ചെയ്തതിനെച്ചൊല്ലി അടൂരിൽ വലിയ രാഷ്ട്രീയ സംഘർഷമാണ് ഉടലെടുത്തത്. നോട്ടീസ് വിതരണം ചെയ്ത രണ്ട് സിപിഐ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തതോടെ എൽഡിഎഫ് സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാറിന്റെ നേതൃത്വത്തിൽ പ്രവർത്തകർ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. പിന്നാലെ കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായെത്തിയതോടെ പ്രദേശം യുദ്ധക്കളമായി മാറി.
“ഞാൻ കൊലക്കേസ് പ്രതിയല്ല, വ്യക്തിഹത്യ നടത്താനാണ് എൽഡിഎഫ് ശ്രമിക്കുന്നത്. മാന്യമായി പൊതുപ്രവർത്തനം നടത്തുന്ന തന്റെ ജീവൻ പോലും ഭീഷണിയിലാണ്.” – പൊട്ടിക്കരഞ്ഞുകൊണ്ട് ശാന്തകുമാർ മാധ്യമങ്ങളോട് പറഞ്ഞു. മാനസികമായി തന്നെ തകർക്കാനാണ് ഈ നീക്കമെന്നും അദ്ദേഹം ആരോപിച്ചു. സത്യസന്ധമായ കാര്യങ്ങളാണ് നോട്ടീസിലൂടെ പുറത്തുവിട്ടതെന്നും വസ്തുതകൾ മറച്ചുവെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും ചിറ്റയം ഗോപകുമാർ .സത്യവാങ്മൂലത്തിൽ കേസുകളെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചുവെച്ചോ എന്ന കാര്യത്തിലുൾപ്പെടെ അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കാനാണ് കളക്ടറുടെ ഉത്തരവ്.
വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ സ്ഥാനാർത്ഥിക്കെതിരെ കൊലക്കേസ് ആരോപണം ഉയർന്നത് അടൂരിൽ വലിയ ചലനങ്ങളുണ്ടാക്കും. പോലീസിനെ ഉപയോഗിച്ച് സിപിഐ പ്രവർത്തകരെ നേരിടാനാണ് യുഡിഎഫ് ശ്രമമെന്ന് എൽഡിഎഫ് ആരോപിക്കുമ്പോൾ, കള്ളനോട്ടീസ് അടിച്ചിറക്കി തോൽവി ഭയന്ന് അക്രമം നടത്താനാണ് എൽഡിഎഫ് നീക്കമെന്ന് കോൺഗ്രസ് തിരിച്ചടിച്ചു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.