കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി ദിലീപ് ഉൾപ്പെടെയുള്ളവരെ വെറുതെ വിട്ട വിചാരണ കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഇതിന്റെ ഭാഗമായി ദിലീപ് ഉൾപ്പെടെ കുറ്റവിമുക്തരാക്കപ്പെട്ട നാല് പ്രതികൾക്കും ഹൈക്കോടതി നോട്ടീസ് അയക്കാൻ ഉത്തരവിട്ടു. വിചാരണ കോടതിയുടെ വിധിയിൽ ഗുരുതരമായ വീഴ്ചകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ അപ്പീൽ നൽകിയത്.
വിചാരണ വേളയിൽ പ്രോസിക്യൂഷൻ ഹാജരാക്കിയ സുപ്രധാന തെളിവുകൾ കോടതി വേണ്ടത്ര പരിഗണിച്ചില്ലെന്നും വിധി പക്ഷപാതപരമാണെന്നുമാണ് സർക്കാരിന്റെ പ്രധാന വാദം. അപ്പീൽ പ്രാഥമികമായി പരിശോധിച്ച ഹൈക്കോടതി, കേസിൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്ന് വിലയിരുത്തിയാണ് പ്രതികൾക്ക് നോട്ടീസ് അയക്കാൻ തീരുമാനിച്ചത്. നെടുമ്പാശ്ശേരി പോലീസ് വഴിയാകും ഈ നോട്ടീസുകൾ പ്രതികൾക്ക് കൈമാറുക.
2025 ഡിസംബറിലാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കേസിലെ വിധി പുറപ്പെടുവിച്ചത്. ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെയുള്ള ആറ് പ്രതികളെ കോടതി ശിക്ഷിച്ചിരുന്നു. എന്നാൽ ഗൂഢാലോചന കുറ്റം ആരോപിക്കപ്പെട്ട ദിലീപ് അടക്കമുള്ള നാല് പേരെ തെളിവുകളുടെ അഭാവത്തിൽ വിട്ടയയ്ക്കുകയായിരുന്നു. ഈ ഭാഗം റദ്ദാക്കണമെന്നും ദിലീപിനെ ശിക്ഷിക്കണമെന്നുമാണ് സർക്കാരിന്റെ ആവശ്യം. ഹൈക്കോടതി അപ്പീൽ സ്വീകരിച്ചതോടെ കേസിൽ വീണ്ടും നിയമപോരാട്ടം മുറുകുമെന്ന് ഉറപ്പായി.
സഹകരണ വകുപ്പ് സോഫ്റ്റ്വെയർ കരാർ: സര്‍ക്കാരിന് തിരിച്ചടി;ടെണ്ടർ നടപടികൾക്ക് ഹൈക്കോടതിയുടെ സ്റ്റേ


ഡാറ്റ ചോർച്ചയിൽ മുഖ്യമന്ത്രിക്ക് എതിരെ പുതിയ തെളിവുകളുമായി രമേശ് ചെന്നിത്തല; സ്ത്രീ സുരക്ഷാ പദ്ധതിയിൽ പേരുചേർത്തിട്ടുള്ളവരുടെ വിവരങ്ങൾ ദുരുപയോഗം ചെയ്തെന്ന് ആരോപണം





