തിരുവനന്തപുരം: വിഴിഞ്ഞത്തിന് സമീപം കടലിൽ വെച്ച് വിദേശ കപ്പലുമായി കൂട്ടിയിടിച്ച് മത്സ്യബന്ധന ബോട്ട് മുങ്ങി. അപകടത്തിൽപ്പെട്ട ഒൻപത് മത്സ്യത്തൊഴിലാളികളെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. അപകടത്തെത്തുടർന്ന് കാണാതായ രണ്ട് പേർക്കായി കടലിൽ തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. വിഴിഞ്ഞത്ത് നിന്ന് ഏകദേശം 80 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് അപകടമുണ്ടായത്.
സഹകരണ വകുപ്പ് സോഫ്റ്റ്വെയർ കരാർ: സര്ക്കാരിന് തിരിച്ചടി;ടെണ്ടർ നടപടികൾക്ക് ഹൈക്കോടതിയുടെ സ്റ്റേ
കൊല്ലം മരുതടി സ്വദേശി രാജേഷ് മാത്യുവിന്റെ ഉടമസ്ഥതയിലുള്ള ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ഒമാനിൽ നിന്ന് കൊളംബോയിലേക്ക് പോവുകയായിരുന്ന പനാമ രജിസ്ട്രേഷനുള്ള ‘എം.ടി സോളിസ്’ എന്ന വ്യാപാര കപ്പലുമായി ബോട്ട് കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഏഴാം തീയതി ഉച്ചയ്ക്ക് ഒന്നേമുക്കാൽ മണിയോടെയാണ് ബോട്ട് മുങ്ങിയെന്ന വിവരം മുംബൈയിലെ കോസ്റ്റ് ഗാർഡ് മാരിടൈം റെസ്ക്യൂ കോർഡിനേഷൻ സെന്ററിൽ ലഭിച്ചത്.
വിഴിഞ്ഞത്ത് നിന്നുള്ള കോസ്റ്റ് ഗാർഡ് കപ്പലായ ‘അനഘ്’ ഉടനടി സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. രക്ഷപ്പെടുത്തിയ തൊഴിലാളികൾക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിഴിഞ്ഞം തുറമുഖത്തെത്തിച്ചു. ഇവരെ പിന്നീട് കൂടുതൽ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
മലയാളത്തിന് ഔദ്യോഗിക ഭാഷാ പദവി; ഗവർണർ ബില്ലിൽ ഒപ്പുവെച്ചു; സ്കൂളുകളിൽ മലയാളം നിർബന്ധിത ഒന്നാം ഭാഷ
സംഭവത്തിൽ ഷിപ്പിംഗ് ഡയറക്ടർ ജനറൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കാണാതായ രണ്ട് പേർക്കായി വിമാനങ്ങളുടെയും മറ്റ് കപ്പലുകളുടെയും സഹായത്തോടെ കോസ്റ്റ് ഗാർഡ് തിരച്ചിൽ തുടരുകയാണ്. കപ്പലിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണോ അപകടത്തിന് കാരണമെന്ന് അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ.







