തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ വേളയിൽ നിയമപരമായ കുരുക്കിൽപെട്ട് മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളിയും എം ബി രാജേഷും. മന്ത്രിമാർ എന്ന നിലയിൽ ശമ്പളംവാങ്ങുന്ന അതേ കാലയളവിൽ മുൻ എംപിമാർക്കുള്ള പെൻഷൻ കൂടി വാങ്ങിയതാണ് ഇരുവർക്കും കുരുക്കായിരിക്കുന്നത്. ഇക്കാര്യം അക്കൗണ്ടന്റ് ജനറൽ (എ ജി )കണ്ടെത്തി തങ്ങളുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സംസ്ഥാന മന്ത്രിസഭയിൽ അംഗങ്ങളായ രാമചന്ദ്രൻ കടന്നപ്പള്ളിയും, എം ബി രാജേഷും പാർലമെൻ്റ് അംഗങ്ങളുടെ ശമ്പള–പെൻഷൻ നിയമം ലംഘിച്ചതായി എ ജിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ രണ്ടുപേരും നേരത്തെ പാർലമെന്റ് അംഗങ്ങൾ ആയിരുന്നു.
സംസ്ഥാന മന്ത്രിസഭയിൽ രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു വകുപ്പുകളുടെ ചുമതലയാണ് രാമചന്ദ്രൻ കടന്നപ്പള്ളിക്ക്. എം ബി രാജേഷ് തദ്ദേശ സ്വയംഭരണ, എക്സൈസ്, പാർലമെന്ററി കാര്യമന്ത്രിയും.
വർക്കലയിൽ സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
മന്ത്രി എന്ന നിലയിലുള്ള ശമ്പളത്തിനൊപ്പം മുൻ എം പി എന്ന നിലയിലുള്ള പെൻഷനും വാങ്ങാൻ പാടില്ല എന്നാണ് നിലവിലെ വ്യവസ്ഥ. സർക്കാരിൽ നിന്നും ശമ്പളം ലഭിക്കുന്ന ഏതെങ്കിലും പദവിയിൽ ഇരിക്കുന്നവർ മുൻ എംപിമാരാണെങ്കിൽ അക്കാലയളവിൽ പെൻഷൻ വേണ്ടെന്ന് പാർലമെന്റ് അക്കൗണ്ട് ഓഫീസർക്ക് എഴുതി നൽകി പെൻഷൻ നിർത്തിവെക്കേണ്ടതാണ്. എന്നാൽ രാമചന്ദ്രൻ കടന്നപ്പള്ളിയുടെയും എം ബി രാജേഷിന്റെയും കാര്യത്തിൽ ഇതുണ്ടായില്ല.
ഒരേസമയം മന്ത്രിയുടെ ശമ്പളവും മുൻ എംപിയുടെ പെൻഷനും ഇരുവരും വാങ്ങുകയായിരുന്നു. നിയമവിരുദ്ധമായി കൈപ്പറ്റിയ പെൻഷൻ തുക തിരികെ അടച്ചു പാർലമെന്റ് അക്കൗണ്ട്സ് ഓഫീസറിൽ നിന്നും ആവശ്യമായ രേഖവാങ്ങി നൽകണമെന്ന് പൊതു ഭരണ വകുപ്പിന് എ ജി നിർദ്ദേശം നൽകിയിട്ടുണ്ട്.
ഈ തുക ഉടനടി തിരികെ അടച്ചു ആവശ്യമായ സർട്ടിഫിക്കറ്റ് വാങ്ങിനൽകിയില്ലെങ്കിൽ രാമചന്ദ്രൻ കടന്നപ്പള്ളിയ്ക്കും എം ബി രാജേഷിനും അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോലും കഴിയില്ല എന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. സർക്കാരിൽ സാമ്പത്തിക കുടിശ്ശികയോ ബാധ്യതയോ ഉള്ളവർക്ക് ജനപ്രതിനിധ്യ നിയമപ്രകാരം തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല.
ശമ്പളവും പെൻഷനും ഒരുമിച്ചുവാങ്ങി നടത്തിയ നിയമലംഘനം അടുത്ത തെരഞ്ഞെടുപ്പിൽ ഇരുവരും മത്സരിക്കുകയാണെങ്കിൽ പ്രതിപക്ഷം പ്രധാന പ്രചരണ ആയുധമാക്കുമെന്ന സ്ഥിതിവിശേഷവുമുണ്ട്.







