രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണം; അതിജീവിത സുപ്രീം കോടതിയിൽ

കൊച്ചി: പാലക്കാട് എംഎൽഎ രാഹുൽ മങ്കൂട്ടത്തിലിനെ വിടാതെ പരാതിക്കാരികൾ. ആദ്യ ബലാത്സംഗ കേസിലെ അതിജീവിത രാഹുലിനെതിരെ സുപ്രീം കോടതിയിലെത്തി.

രാഹുലിന് കേരള ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാണ് അതിജീവിതയുടെ ആവശ്യം. ഹൈക്കോടതി കേസിന്റെ മെരിറ്റിലേക്ക് കടന്നെന്നും ‘മിനി വിചാരണ’ നടത്തിയെന്നും ഹർജിയിൽ പറയുന്നു. മൂന്ന് ബലാത്സംഗ കേസുകളാണ് രാഹുലിനെതിരെ കേരള പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ ആദ്യ രണ്ട് കേസുകളിൽ രാഹുലിന് ജാമ്യം മുൻ‌കൂർ ലഭിച്ചിരുന്നെങ്കിലും മൂന്നാമത്തെ കേസിൽ അറസ്റ്റിൽ ആവുകയും ജയിലിൽ കിടക്കുകയും ചെയ്തിരുന്നു. പോലീസ് കസ്റ്റഡിയും കഴിഞ്ഞശേഷമാണ് ഈ കേസിൽ ജാമ്യം ലഭിച്ചത്.

ആദ്യ കേസിൽ തിരുവനന്തപുരം ജില്ലാ കോടതി മുൻകൂർ ജാമ്യം നിഷേധിച്ചെങ്കിലും ഹൈക്കോടതി അനുവദിക്കുകയായിരുന്നു. ആദ്യം അറസ്റ്റ് തടഞ്ഞ ഹൈക്കോടതി പിന്നീടാണ് മുൻ‌കൂർ ജാമ്യം അനുവദിച്ചത്. മൂന്നാം കേസിലെ അറസ്റ്റിനും ജാമ്യത്തിനും ശേഷമായിരുന്നു ഇത്.

രണ്ടാമത്തെ കേസിൽ തിരുവനന്തപുരം ജില്ലാ കോടതിതന്നെ രാഹുലിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. കർശന ഉപാധികളോടെയായിരുന്നു ഹൈക്കോടതിയുടെ മുൻകൂർ ജാമ്യം. ജാമ്യ വ്യവസ്ഥകൾ അനുസരിച്ച് രാഹുൽ അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരാകുകയും ലൈംഗികശേഷി പരിശോധനയ്ക്ക് വിധേയനാവുകയും ചെയ്തിരുന്നു.
ഹൈക്കോടതിയുടെ ജാമ്യ ഉത്തരവിൽ കേസിന്റെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യുന്ന ചില പരാമർശങ്ങൾ ഉണ്ട്. ഉഭയ സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം അല്ലേ ഇരുവരും തമ്മിൽ ഉണ്ടായിരുന്നതെന്നും പരാതിക്കാധാരമായ സംഭവത്തിനു ശേഷവും ഇരുവരും തമ്മിൽ ബന്ധമുണ്ടായിരുന്നതായും കേസ് ഡയറികളിൽ നിന്ന് വ്യക്തമാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

കോടതിയുടെ ഈ നിരീക്ഷണവും പരാമർശവും കേസിന്റെ ഭാവിയെതന്നെ ബാധിക്കും എന്ന സ്ഥിതിയാണ് നിയമപരമായി ഉണ്ടായിട്ടുള്ളത്. ഇതിനെ മറികടക്കാനാണ് അതിജീവിതയുടെ പുതിയ നീക്കം. രാഹുലിനെതിരെയുള്ള പരാതികൾ ആസൂത്രിതമാണെന്ന സംശയം ബലപ്പെടുത്തുന്നതാണ് പുതിയ നീക്കം. ഹൈക്കോടതിയുടെ മുൻകൂർ ജാമ്യത്തിനെതിരെ സാധാരണക്കാരിയായ പരാതിക്കാരി എങ്ങനെ സുപ്രീംകോടതിയിൽ എത്തുന്നു എന്നത് പ്രസക്തമായ ചോദ്യമാണ്.

രാഹുലിനെതിരെയുള്ള മൂന്നാമത്തെ പരാതിക്കാരിയും ജാമ്യം നൽകിയതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.എന്നാൽ വിദേശത്ത് താമസിക്കുന്ന ഇവർ ഇതുവരെ പോലീസിൽ നേരിട്ട് ഹാജരായി മൊഴി നൽകിയിട്ടില്ല.
ഒന്നിലധികം ബലാത്സംഗ കേസുകളിൽ പ്രതിയായതിനെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയിരുന്നു.എന്നാൽ എംഎൽഎ സ്ഥാനം അദ്ദേഹം രാജി വെച്ചിട്ടില്ല.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.