പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ നേതൃത്വത്തിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് മുന്‍ എം.എല്‍.എ പി.കെ ശശി. ചന്ദ്രനഗര്‍ പാര്‍വതി കല്യാണ മണ്ഡപത്തില്‍ നടന്ന വിമത കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചതിന് തൊട്ടുപിന്നാലെ ശശിയെ സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. ജില്ലാ സെക്രട്ടറി ഇ.എന്‍.സുരേഷ് ബാബു സ്പിരിറ്റ് കച്ചവടക്കാരനാണെന്ന ശശിയുടെ പ്രസ്താവന പാലക്കാട്ടെ പാര്‍ട്ടിയില്‍ വന്‍ ബോംബായി മാറിയിരിക്കുകയാണ്. ആരോപണങ്ങള്‍ തെളിയിച്ചാല്‍ താന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാമെന്ന് സുരേഷ് ബാബുവും വെല്ലുവിളിച്ചതോടെ പാലക്കാട് സിപിഎമ്മിലെ വിഭാഗീയത പരസ്യമായ ചേരിപ്പോരിലേക്ക് വഴിമാറി.
ആയിരത്തിലേറെ പ്രവര്‍ത്തകര്‍ പങ്കെടുത്ത കണ്‍വെന്‍ഷനില്‍ മുദ്രാവാക്യം വിളികളോടെയാണ് ശശിയെ വേദിയിലേക്ക് സ്വീകരിച്ചത്. ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് അദ്ദേഹം അഴിച്ചുവിട്ടത്: സ്പിരിറ്റ് കച്ചവടക്കാരനായ സെക്രട്ടറി: ഇമ്പിച്ചിബാവയെപ്പോലുള്ള മഹാരഥന്മാര് ഇരുന്ന ജില്ലാ സെക്രട്ടറിയുടെ കസേരയിലാണ് ഇപ്പോള്‍ ഒരു സ്പിരിറ്റ് കച്ചവടക്കാരന് ഇരിക്കുന്നത്. ഉത്തരവാദിത്വപ്പെട്ട പാര്‍ട്ടി സ്ഥാനത്തിരിക്കുന്ന ഇയാള്‍ സ്പിരിറ്റ് കേസില്‍ ഒന്നാം പ്രതിയാണെന്നും ശശി ആരോപിച്ചു.മദ്യപാന സദസ്സിലെ തീരുമാനങ്ങള്‍: പാലക്കാട് ജില്ലയില്‍ ലോക്കല്‍ സെക്രട്ടറിയെപ്പോലും കള്ളുകുടിച്ചിരിക്കുമ്പോള്‍ തീരുമാനിക്കുന്ന അവസ്ഥയിലേക്ക് പാര്‍ട്ടി അധഃപതിച്ചു.
അഴിമതിയും പണപ്പിരിവും: പാര്‍ട്ടിയില്‍ ഒരിക്കലുമില്ലാത്ത രീതിയിലുള്ള പണപ്പിരിവും അഴിമതിയുമാണ് നടക്കുന്നത്. അധികാരം ഉപയോഗിച്ച് എന്തെല്ലാം തോന്നിവാസങ്ങളാണ് ജില്ലയില്‍ ചെയ്തുകൂട്ടിയത്. അനീതിക്കെതിരെ ശബ്ദിച്ചവര്‍ പുറത്ത്: ഈ അധാര്‍മികതയെ ചോദ്യം ചെയ്തതിന്റെ പേരിലാണ് പലരെയും ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും തരംതാഴ്ത്തുകയും ചെയ്തത്. സുരേഷ് ബാബുവാണ് സെക്രട്ടറി സ്ഥാനത്തെങ്കില്‍ താന്‍ പാര്‍ട്ടിയില്‍ തുടരാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പിണറായിയുടെ അടുത്ത അനുയായി ആയിരുന്നു ശശി. അതുകൊണ്ട് തന്നെ പിണറായിസത്തെ പഴയ അനുയായി വെല്ലുവിളിക്കുകയാണ് പാലക്കാട്.
‘ശശി പറയുന്നത് മുഖവിലയ്ക്കെടുക്കേണ്ട’; വെല്ലുവിളിച്ച് സുരേഷ് ബാബു
പി.കെ.ശശിയുടെ കടന്നാക്രമണങ്ങള്‍ക്ക് പിന്നാലെ മറുപടിയുമായി ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു രംഗത്തെത്തി. ശശി പറയുന്നത് മുഖവിലയ്ക്കെടുക്കേണ്ടതില്ലെന്നും, തനിക്കെതിരായ സ്പിരിറ്റ് ഇടപാട് ആരോപണം തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇത് വിമതരല്ല, വിപ്ലവകാരികള്‍; ഭാവി പരിപാടികള്‍ ഇങ്ങനെ:
ഇത് വിമതരുടെ കൂട്ടായ്മയല്ലെന്നും, ആത്മാഭിമാനമുള്ള കമ്മ്യൂണിസ്റ്റുകാരുടെ കണ്‍വെന്‍ഷനാണെന്നും ശശി പ്രഖ്യാപിച്ചു. കണ്‍വെന്‍ഷനിലെ സുപ്രധാന രാഷ്ട്രീയ നീക്കങ്ങള്‍: ശശി ഒറ്റപ്പാലത്ത് വിമത സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ ഒരുങ്ങുന്നതായി സൂചനയുണ്ട്. ഇതിനായി ലീഗ് നേതാക്കളുമായി ചര്‍ച്ചകള്‍ നടന്നിരുന്നു. ഭാവിയില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടിയായി മാറാനും യുഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുമാണ് വിമതരുടെ പദ്ധതി. 7 ജില്ലാ കമ്മിറ്റി അംഗങ്ങള്‍ അടക്കമുള്ള നേതാക്കള്‍ തനിക്കൊപ്പമുണ്ടെന്ന് ശശി അവകാശപ്പെട്ടു. നിലവിലെ ജില്ലാ കമ്മിറ്റിയിലുള്ള 5 പേര് വരും ദിവസങ്ങളില്‍ വിമതര്‍ക്കൊപ്പം ചേരുമെന്ന് കൊഴിഞ്ഞാമ്പാറയിലെ നേതാവ് സതീഷും വ്യക്തമാക്കി.
കൊഴിഞ്ഞാമ്പാറയിലെ ഡെമോക്രാറ്റിക് മാര്‍ക്സിസ്റ്റ് ഫ്രണ്ട്, വോയ്സ് ഓഫ് വടക്കഞ്ചേരി, മണ്ണാര്‍ക്കാട്ടെ ജനകീയ മതേതര മുന്നണി എന്നീ കൂട്ടായ്മകള്‍ ചേര്‍ന്നാണ് ഈ ബദല്‍ നീക്കത്തിന് കരുത്തുപകരുന്നത്. മുന്‍ ഏരിയാ സെക്രട്ടറിമാരും കണ്‍വെന്‍ഷന്റെ ഭാഗമായി. രണ്ട് വര്‍ഷത്തോളമായി പാര്‍ട്ടിയുമായി അകന്നു കഴിയുകയായിരുന്ന പി.കെ.ശശി കഴിഞ്ഞ മാസം കെ.ടി.ഡി.സി ചെയര്മാന് സ്ഥാനം രാജിവെച്ചിരുന്നു. ഇതോടെ ശശി പാര്‍ട്ടി വിടുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ഈ കണ്‍വെന്‍ഷനോടെ പാലക്കാട് ജില്ലയില്‍ സിപിഎമ്മിന് വലിയൊരു തലവേദനയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


എൽ.ഡി.എഫിൽ ഉറച്ച് ജോസ് കെ. മാണി! മുന്നണി മാറ്റ വാർത്തകൾ തള്ളി റോഷി അഗസ്റ്റിൻ; രാഷ്ട്രീയ ശത്രുക്കളുടെ വ്യാജ പ്രചാരണമെന്ന് കേരള കോൺഗ്രസ്; സ്റ്റിയറിംഗ് കമ്മിറ്റിയിൽ നിർണ്ണായക തീരുമാനം!





