ഇറാന്റെ യുദ്ധക്കപ്പലിനെ ടോര്‍പ്പിഡോ അയച്ച് മുക്കി അമേരിക്ക; സ്ഥിരീകരിച്ച് ട്രംപ് ഭരണകൂടം; വന്‍ പ്രത്യാഘാതമുണ്ടാകുമെന്ന് സൂചന; ഇന്ത്യന്‍ മഹാസമുദ്രം യുദ്ധകളമാകുമോ?

വാഷിങ്ടണ്‍: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അന്താരാഷ്ട്ര ജലാശയത്തിലൂടെ നീങ്ങുകയായിരുന്ന ഇറാന്‍ യുദ്ധക്കപ്പല്‍ ‘ഐആര്‍ഐഎസ് ഡെന’യെ അമേരിക്കന്‍ മുങ്ങിക്കപ്പല്‍ ആക്രമിച്ച് മുക്കി. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഒരു ശത്രുരാജ്യത്തിന്റെ കപ്പലിനെ അമേരിക്ക ടോര്‍പ്പിഡോ ഉപയോഗിച്ച് തകര്‍ക്കുന്നത് ഇതാദ്യമാണ്. കപ്പല്‍ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം എക്‌സിലൂടെ പുറത്തുവിട്ടു.
അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റര്‍ ഹേഗ്‌സേഥ് സൈനിക നടപടി സ്ഥിരീകരിച്ചു. ‘ഞങ്ങള്‍ വിജയിക്കാനാണ് പോരാടുന്നത്’ എന്ന് വ്യക്തമാക്കിയ അദ്ദേഹം, ഈ മിന്നലാക്രമണത്തെ ‘നിശ്ശബ്ദ മരണം’ എന്നാണ് വിശേഷിപ്പിച്ചത്. കടലിനടിയില്‍ നിന്ന് ടോര്‍പ്പിഡോ ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് അദ്ദേഹം അറിയിച്ചു.
ആക്രമണത്തില്‍ 80 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ശ്രീലങ്കന്‍ ഡെപ്യൂട്ടി വിദേശകാര്യമന്ത്രിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് ഇക്കാര്യം പുറത്തുവിട്ടത്. കപ്പലിലുണ്ടായിരുന്ന 32 പേരെ ശ്രീലങ്കന്‍ അധികൃതര്‍ രക്ഷപ്പെടുത്തി. ഏകദേശം 148 പേരെ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ മരണസംഖ്യ സംബന്ധിച്ച് അമേരിക്കന്‍ നാവികസേന ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.
ഇന്ത്യയിലെ വിശാഖപട്ടണത്ത് നടന്ന മിലാന്‍  നാവികാഭ്യാസത്തില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു ഐആര്‍ഐഎസ് ഡെന. ശ്രീലങ്കന്‍ തീരത്തിന് സമീപം വെച്ചാണ് ആക്രമണം നടന്നതെന്നാണ് വിവരം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പശ്ചിമേഷ്യയില്‍ സംഘര്‍ഷം പുകയുന്നതിനിടെ ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ടായ ഈ സംഭവം ലോകരാജ്യങ്ങള്‍ക്കിടയില്‍ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.