വിശാഖപട്ടണത്ത് നിന്നും പോയ കപ്പല്‍; ശ്രീലങ്കന്‍ തീരത്ത് ഇറാന്റെ യുദ്ധക്കപ്പല്‍ മുങ്ങി: അന്തര്‍വാഹിനി ആക്രമണമെന്ന് സംശയം; അന്വേഷണത്തിന് ഇന്ത്യയും

കൊളംബോ: വിശാഖപട്ടണത്ത് നടന്ന ‘മിലന്‍ 2026’ നാവിക അഭ്യാസത്തില്‍ പങ്കുചേര്‍ന്ന് മടങ്ങുകയായിരുന്ന ഇറാന്റെ യുദ്ധക്കപ്പല്‍ ഐ.ആര്‍.ഐ.എസ് ഡേന ശീലങ്കന്‍ തീരത്തിന് സമീപം തകര്‍ന്നു വീണത് എങ്ങനെ? ഇന്ത്യയും അന്വേഷണം നടത്തും. അന്തര്‍വാഹിനിയില്‍ നിന്നുള്ള ആക്രമണമാണ് കപ്പല്‍ മുങ്ങാന്‍ കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. കപ്പലിലുണ്ടായിരുന്ന 101 പേരെ കാണാതായതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും സ്ഥിരീകരിച്ചിട്ടുണ്ട്. പശ്ചിമേഷ്യയിലെ സംഘര്‍ഷം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ അന്താരാഷ്ട്ര നാവിക പാതകളില്‍ അതീവ ജാഗ്രത തുടരുകയാണ്.
വിശാഖപട്ടണത്ത് നടന്ന മിലന്‍ 2026 നാവിക അഭ്യാസത്തില്‍ പങ്കെടുത്ത് മടങ്ങവേ ഇറാന്റെ അഭിമാനമായ ഐ.ആര്‍.ഐ.എസ് ഡേന ആക്രമിക്കപ്പെട്ടത് അന്താരാഷ്ട്ര തലത്തില്‍ വലിയ നയതന്ത്ര ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ബുധനാഴ്ച ശ്രീലങ്കന്‍ സമുദ്രപരിധിക്ക് തൊട്ടുപുറത്ത്, തെക്കന്‍ തീരമായ ഗാലെയ്ക്ക് സമീപമാണ് സംഭവം നടന്നത്. കപ്പലില്‍ നിന്ന് ലഭിച്ച അടിയന്തര സന്ദേശത്തെത്തുടര്‍ന്ന് ശ്രീലങ്കന്‍ നാവികസേന ഉടന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. 79 പേരെ ആശുപത്രിയിലെത്തിച്ചതായി നാവികസേന അറിയിച്ചു.
ഇതില്‍ 32 പേരെ സൈന്യം നേരിട്ട് രക്ഷപ്പെടുത്തിയതാണ്.  ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരില്‍ ഒരാള്‍ മരിച്ചതായും കപ്പല്‍ മുങ്ങിയ ഭാഗത്തുനിന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. പരിക്കേറ്റവരെ ഗാലെയിലെ നാഷണല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണെന്നും ഏഴുപേര്‍ക്ക് അടിയന്തര ചികിത്സ നല്‍കുകയാണെന്നും ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ ഡോ. അനില്‍ ജാസിംഗെ വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി വിജിത ഹെറാത്ത് പാര്‍ലമെന്റിനെ അറിയിച്ചു. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും അന്തര്‍വാഹിനി ആക്രമണമാണെന്ന റിപ്പോര്‍ട്ടുകള്‍ ഗൗരവകരമാണ്. നിലവില്‍ ഗാലെയിലെ സൗത്ത് നേവല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിലും ആശുപത്രി പരിസരത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇറാന്‍ കപ്പലിന് നേരെയുണ്ടായ ആക്രമണം മേഖലയിലെ സംഘര്‍ഷം അതീവ ഗുരുതരമാക്കിയിരിക്കുകയാണ്.
അതിനിടെ യുഎഇയെ ലക്ഷ്യമിട്ട് വന്ന ഇറാന്‍ ഡ്രോണുകളെ തങ്ങളുടെ റഫാല്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടതായി ഫ്രാന്‍സ് അറിയിച്ചു. സഖ്യരാജ്യങ്ങളെ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഫ്രാന്‍സ് വ്യക്തമാക്കി. സുരക്ഷാ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് പാകിസ്ഥാനിലെ ലാഹോര്‍, കറാച്ചി എന്നിവിടങ്ങളിലെ കോണ്‍സുലേറ്റ് ജീവനക്കാരോട് രാജ്യം വിടാന്‍ അമേരിക്ക നിര്‍ദ്ദേശിച്ചു. സൗദി അറേബ്യ, ഒമാന്‍, സൈപ്രസ് എന്നിവിടങ്ങളിലെ കോണ്‍സുലേറ്റ് ജീവനക്കാരുടെ കുടുംബാംഗങ്ങളോടും സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മടങ്ങാന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അനുമതി നല്‍കി.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.