ഗോവിന്ദന്റെ ‘കണ്ണൂര്‍ മോഡല്‍’ വെട്ടിനിരത്തല്‍; ശൈലജയും സുധാകരനും മണിയും ഔട്ട്! നികേഷിന് സീറ്റില്ല, ശ്യാമളയ്ക്ക് റെഡി; സി.പി.എമ്മില്‍ ഗോവിന്ദന്‍ വിപ്ലവം! പിണറായി തിരുത്തുന്നില്ലേ? കെ എന്‍ ബാലഗോപാലും പി രാജീവും അതൃപ്തിയില്‍

തിരുവനന്തപുരം: കേരള സി.പി.എമ്മില്‍ ഇപ്പോള്‍ മുഴങ്ങുന്നത് പിണറായി വിജയന്റെ മൗനാനുവാദത്തോടെയുള്ള എം.വി. ഗോവിന്ദന്റെ ‘ഏകാധിപത്യ’ ശൈലിയുടെ മുഴക്കമോ? പാര്‍ട്ടി പടുത്തുയര്‍ത്തിയ കരുത്തരായ ജനകീയ നേതാക്കളെ ഓരോരുത്തരെയായി വെട്ടിനിരത്തി, ‘കണ്ണൂര്‍ ലോബി’ അധികാരം കേന്ദ്രീകരിക്കുമ്പോള്‍ അടിമുടി ഉലയുന്നത് സി.പി.എമ്മിന്റെ അടിത്തറയാണ്. ജി. സുധാകരന്റെ പടിയിറക്കവും, ശൈലജ ടീച്ചറുടെ ഒതുക്കലും, എം.എം. മണിയുടെ മടക്കവും വെറുമൊരു ‘തലമുറമാറ്റം’ മാത്രമല്ല, കൃത്യമായ രാഷ്ട്രീയ അജണ്ടയാണെന്ന് വയര്‍ലെസ്‌ ഇന്‍വെസ്റ്റിഗേഷന്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമാകുന്നു.
പാര്‍ട്ടിയില്‍ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി പിണറായി വിജയന്‍ തുടരുമ്പോള്‍ തന്നെ, സംഘടനാ സംവിധാനത്തെ തന്റെ വരുതിയിലാക്കാന്‍ എം.വി. ഗോവിന്ദന്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ നിശബ്ദ പിന്തുണയുണ്ടോ എന്ന സംശയം രാഷ്ട്രീയ നിരീക്ഷകര്‍ ഉയര്‍ത്തുന്നുണ്ട്. ഇതിനോട് മുതിര്‍ന്ന മന്ത്രിമാരായ കെ എന്‍ ബാലഗോപാലും പി രാജീവും അതൃപ്തി പരോഷമായി പ്രകടിപ്പിച്ചിട്ടുണ്ട്. 63 വര്‍ഷത്തെ പാരമ്പര്യമുള്ള സുധാകരനെ പരസ്യമായി പരിഹസിക്കാനും ‘ഒന്നിനും കൊള്ളാത്തവന്‍’ എന്ന് വരുത്തിത്തീര്‍ക്കാനും ഗോവിന്ദന് ധൈര്യം എവിടെ നിന്നു ലഭിച്ചുവെന്ന് ചോദിക്കുന്ന സിപിഎമ്മുകാരു പോലുമുണട്്. ലോകം അംഗീകരിച്ച ഭരണാധികാരിയെ പേരാവൂരിലെ ചതുപ്പില്‍ തളച്ചിടുന്നത് മറ്റൊരു ‘ശൈലജ തരംഗം’ ഉണ്ടാകാതിരിക്കാനാണോ എന്ന ചോദ്യവും സജീവം.
ഹൈറേഞ്ചിന്റെ ശബ്ദമായ എം.എം. മണിയെ പ്രായാധിക്യം പറഞ്ഞ് വീട്ടിലിരുത്തുമ്പോള്‍, അവിടെ ഗോവിന്ദന്റെ വിശ്വസ്തര്‍ക്ക് വഴിയൊരുങ്ങുന്നു. മാധ്യമരംഗത്തുനിന്ന് രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച നികേഷ് കുമാറിന് പോലും പാര്‍ട്ടിയില്‍ അര്‍ഹമായ പരിഗണന ലഭിക്കുന്നില്ല എന്ന വാര്‍ത്തകള്‍ പുറത്തുവരുന്നു. കണ്ണൂരിലെ രാഷ്ട്രീയ സമവാക്യങ്ങളില്‍ നികേഷിനെക്കാള്‍ ഗോവിന്ദന്‍ വിശ്വസിക്കുന്നത് സ്വന്തം കുടുംബത്തെയാണ്. മഹിളാ അസോസിയേഷന്‍ നേതാവ് എന്ന ലേബലില്‍ എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയ്ക്ക് തളിപ്പറമ്പില്‍ സീറ്റ് ഉറപ്പിച്ചത് പാര്‍ട്ടിയിലെ കുടുംബവാഴ്ചയുടെ തെളിവായി അണികള്‍ ചൂണ്ടിക്കാട്ടുന്നു. ജെയിംസ് മാത്യുവിന്റെ ഭാര്യ എന്‍. സുകന്യയെപ്പോലുള്ളവരെ വെട്ടിമാറ്റിയാണ് ഈ നീക്കം നടത്തിയത്.
സുധാകരനെ പിണക്കിയ സി.പി.എമ്മിന് അമ്പലപ്പുഴയില്‍ കാത്തിരിക്കുന്നത് വലിയ തിരിച്ചടിയാണ് എന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസ് നേതൃത്വവുമായി സുധാകരന്‍ ചര്‍ച്ചകള്‍ തുടങ്ങിയതായാണ് വിവരം. അമ്പലപ്പുഴയില്‍ സുധാകരന്‍ ‘പൊതു സ്വതന്ത്രനായി’ നിന്നാല്‍ സി.പി.എമ്മിന്റെ വോട്ട് ബാങ്കില്‍ കുറഞ്ഞത് 20% എങ്കിലും ചോര്‍ച്ചയുണ്ടാകും. സുധാകരന്‍ അനുകൂലികളായ സഖാക്കള്‍ പരസ്യമായി തന്നെ രംഗത്തിറങ്ങുന്നത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. സുധാകരന്‍ പാര്‍ട്ടി വിടുന്നത് കേരളത്തിലുടനീളം തിരിച്ചടിയായി മാറും.
പാര്‍ട്ടി സെക്രട്ടറിയുടെ വാര്‍ത്താസമ്മേളനത്തിലെ പരിഹാസവും ആക്രോശവും താഴെത്തട്ടിലെ പ്രവര്‍ത്തകരെ വേദനിപ്പിക്കുന്നു. അടിയന്തരാവസ്ഥയുടെ 50-ാം വാര്‍ഷികത്തില്‍ സുധാകരനെപ്പോലൊരു പോരാളിയെ ക്ഷണിക്കാത്തത് പ്രാദേശിക നേതൃത്വത്തിന്റെ മാത്രം തീരുമാനമല്ല, മറിച്ച് എ.കെ.ജി സെന്ററില്‍ നിന്ന് വന്ന തിട്ടൂരമാണ്. സി.പി.എമ്മിലെ ഈ ആഭ്യന്തര കലഹം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടുമോ എന്ന വിലയിരുത്തല്‍ സജീവമാണ്. മന്ത്രിമാരായ പി രാജീവും കെ എന്‍ ബാലഗോപാലുമെല്ലാം ഇത് തിരിച്ചറിയുന്നുണ്ട്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.