ടെഹ്റാന്/വാഷിങ്ടണ്‍: മുള്‍മുനയില്‍ നിന്ന മണിക്കൂറുകള്‍ക്കൊടുവില്‍ ലോകത്തെ നടുക്കിയ ആ വാര്‍ത്ത ഇറാന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി അമേരിക്കന്‍-ഇസ്രയേല്‍ സംയുക്ത വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചെ ടെഹ്റാനിലെ ഖമനയിയുടെ ഔദ്യോഗിക വസതി ലക്ഷ്യമാക്കി നടന്ന അതിശക്തമായ ബോംബാക്രമണത്തിലാണ് 36 വര്‍ഷമായി ഇറാന്റെ അവസാന വാക്കായിരുന്ന ഖമനയിയുടെ അന്ത്യം. ആക്രമണത്തില്‍ ഖമനയിയുടെ മകളും പേരക്കുട്ടിയും കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഖമനയി കൊല്ലപ്പെട്ടെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദം ഇതോടെ ലോകം ശരിവെച്ചു.
ഖമനയി കൊല്ലപ്പെട്ട വിവരം പുറംലോകം അറിയാതിരിക്കാന്‍ ഇറാന് ഭരണകൂടം വലിയ നാടകങ്ങളാണ് നടത്തിയത്. ഇതിന്റെ ഭാഗമായി ഖമനയിയുടെ ഔദ്യോഗിക എക്സ് (X) പേജില്‍ ‘ഇമാം അലിയുടെ നാമത്തില്‍’ എന്ന് തുടങ്ങുന്ന പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഈ പോസ്റ്റ് ഇട്ടത് ഖമനയിയല്ലെന്നും, നേതാവിന്റെ മരണം മറച്ചുവെച്ച് സൈന്യത്തിന്റെ വീര്യം നിലനിര്‍ത്താന്‍ ഇറാന് ഭരണകൂടം നടത്തിയ തന്ത്രപരമായ നീക്കമാണിതെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന സത്യം. ആക്രമണം തുടങ്ങി അരമണിക്കൂറിനകം രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് അറിയിച്ചിരുന്ന ഖമനയി അവസാന നിമിഷം വരെ പ്രത്യക്ഷപ്പെടാതിരുന്നത് അദ്ദേഹത്തിന്റെ വിയോഗം ഉറപ്പാക്കിയിരുന്നു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഖമനയിയുടെ മരണം ആദ്യം ലോകത്തെ അറിയിച്ചത്. ‘ചരിത്രത്തിലെ ഏറ്റവും ക്രൂരന്മാരില് ഒരാളായ ഖമനയി കൊല്ലപ്പെട്ടു. ഇത് ഇറാനിലെ ജനങ്ങള്‍ക്കും ഖമനയിയുടെ ക്രൂരതയ്ക്ക് ഇരയായ അമേരിക്കക്കാര്‍ക്കും ലോകത്തിനും ലഭിച്ച നീതിയാണ്,’ ട്രംപ് കുറിച്ചു. അത്യാധുനിക ട്രാക്കിങ് സംവിധാനങ്ങളിലൂടെ ഖമനയിയുടെ ഓരോ നീക്കവും നിരീക്ഷിച്ചിരുന്നതായും ഇസ്രയേലുമായി ചേര്‍ന്ന് നടത്തിയ മിന്നലാക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നും ട്രംപ് വ്യക്തമാക്കി. ഖമനയിയുടെ വസതിക്ക് നേരെ മുപ്പതോളം അതിശക്തമായ ബോംബുകളാണ് യുഎസ്-ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ വര്‍ഷിച്ചത്.
ഖമനയിയുടെ വധത്തിന് പിന്നാലെ ഇറാന് നടത്തിയ മിസൈല്‍-ഡ്രോണ്‍ വര്‍ഷത്തില്‍ ഗള്‍ഫ് നാടുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ഭീതിയിലായി. ദുബായിലെ ആഡംബര ഹോട്ടലായ ബുര്‍ജ് അല്‍ അറബിന് തീപിടിക്കുകയും പാം ജുമൈറയിലെ ഫെയര്‍മോണ്ട് ഹോട്ടലില്‍ മിസൈല്‍ പതിക്കുകയും ചെയ്തു. ദുബായ്, അബുദാബി വിമാനത്താവളങ്ങള്‍ക്ക് നേരെ നടന്ന ആക്രമണങ്ങളില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യുഎഇക്ക് നേരെ മാത്രം 137 മിസൈലുകളും 209 ഡ്രോണുകളുമാണ് ഇറാന് തൊടുത്തുവിട്ടത്.
ഇറാനിലും സ്ഥിതി അതീവ ഗുരുതരമാണ്. അമേരിക്കയും ഇസ്രയേലും നടത്തിയ ബോംബാക്രമണത്തില്‍ ഇതുവരെ 201 പേര് കൊല്ലപ്പെട്ടതായാണ് ഇറാനിയന്‍ റെഡ് ക്രസന്റ് അറിയിക്കുന്നത്. ഖത്തര്‍, ബഹ്റൈന്‍, സൗദി അറേബ്യ തുടങ്ങിയിടങ്ങളിലും ഇറാന് മിസൈലുകള്‍ പതിച്ചു. 1989-ല്‍ റുഹുള്ള ഖൊമേനിയുടെ മരണശേഷം അധികാരമേറ്റ അലി ഖമനയിയുടെ വിയോഗം ഇറാന് ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം നിലനില്‍പ്പിനായുള്ള പോരാട്ടമായി മാറിയിരിക്കുകയാണ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഉപരോധം തള്ളി ചൈനീസ് കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു; ആഗോള ശ്രദ്ധയിൽ ‘റിച്ചി സ്റ്റാറി’





