തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗക്കേസില്‍ മന്ത്രി സജി ചെറിയാനെ കുറ്റവിമുക്തനാക്കി ക്രൈംബ്രാഞ്ച് തയ്യാറാക്കിയ തുടരന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് മേധാവി മടക്കി. അന്വേഷണത്തില്‍ ഗുരുതരമായ വീഴ്ചകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. വിവാദ പ്രസംഗത്തിന്റെ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുന്നതിലും സാക്ഷിമൊഴികള്‍ രേഖപ്പെടുത്തുന്നതിലും അന്വേഷണസംഘം കടുത്ത അനാസ്ഥ കാട്ടിയെന്നാണ് വിലയിരുത്തല്‍. സജി ചെറിയാന് ക്ലീന്‍ ചിറ്റ് നല്‍കാനുള്ള പോലീസിന്റെ നീക്കത്തിന് ഇതോടെ തിരിച്ചടിയേറ്റിരിക്കുകയാണ്.
മല്ലപ്പള്ളിയിലെ പ്രസംഗം ഫെയ്സ്ബുക്കില്‍ ലൈവ് ചെയ്ത മൊബൈല്‍ ഫോണ്‍ കണ്ടെത്താനായില്ലെന്നും ലൈവ് വീഡിയോയുടെ ലിങ്ക് നശിപ്പിക്കപ്പെട്ടെന്നും കാട്ടിയാണ് തെളിവില്ലെന്ന നിഗമനത്തില്‍ ക്രൈംബ്രാഞ്ച് എത്തിയത്. എന്നാല്‍ സൈബര്‍ പോലീസിന്റെ സഹായത്തോടെ വീണ്ടെടുക്കാവുന്ന ഇത്തരം തെളിവുകള്‍ ലഭ്യമല്ലെന്ന് പറയുന്നത് കേസ് അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണെന്ന ആക്ഷേപം ശക്തമാണ്. ആദ്യഘട്ടത്തില്‍ കേസന്വേഷിച്ച തിരുവല്ല മുന്‍ ഡിവൈ.എസ്.പി ടി. രാജപ്പന് നല്കിയ റഫറല്‍ റിപ്പോര്‍ട്ടിലെ അതേ വൈകല്യങ്ങള്‍ തുടരന്വേഷണത്തിലും ആവര്‍ത്തിച്ചെന്നാണ് റിപ്പോര്‍ട്ട് മടക്കിയതിലൂടെ വ്യക്തമാകുന്നത്.
മന്ത്രിയെ രക്ഷിക്കാന്‍ സാക്ഷികളെ രണ്ട് തട്ടിലാക്കിയായിരുന്നു ആദ്യ റിപ്പോര്‍ട്ട്. മന്ത്രിക്കെതിരെ മൊഴി നല്കിയ അഞ്ച് സാക്ഷികള്‍ പരിപാടിയില്‍ നേരിട്ട് പങ്കെടുത്തവരല്ല എന്ന സാങ്കേതിക ന്യായം പറഞ്ഞ പോലീസ്, അവിടെയുണ്ടായിരുന്ന സി.പി.എം നേതാക്കളും എം.എല്‍.എമാരുമടക്കമുള്ള 34 പേരുടെ മൊഴി മന്ത്രിക്ക് അനുകൂലമാണെന്ന് സമര്‍ത്ഥിച്ചു. ശാസ്ത്രീയ തെളിവുകള്‍ പരിശോധിക്കാതെ സാക്ഷിമൊഴികളുടെ എണ്ണത്തിന് പ്രാധാന്യം നല്കിയ ഈ റിപ്പോര്‍ട്ട് ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.
സജി ചെറിയാന് ആദ്യതവണ ക്ലീന്‍ ചിറ്റ് നല്കിയ ഡിവൈ.എസ്.പി ടി. രാജപ്പന് നിലവില്‍ മറ്റൊരു പോക്സോ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിന് സസ്പെന്‍ഷനിലാണ്. അഴിമതി ആരോപണവിധേയനായ ഒരു ഉദ്യോഗസ്ഥനെ ഉപയോഗിച്ച് തയ്യാറാക്കിയ തിരക്കഥയുടെ ബാക്കിപത്രമാണ് ക്രൈംബ്രാഞ്ചിന്റെ പുതിയ റിപ്പോര്‍ട്ടും. വീഡിയോ ദൃശ്യങ്ങള്‍ കണ്മുന്നിലുണ്ടായിട്ടും അത് പരിശോധിക്കാനോ ഫോറന്‍സിക് റിപ്പോര്‍ട്ടിനായി കാത്തിരിക്കാനോ തയ്യാറാകാതെ കേസ് ഒതുക്കാനാണ് പോലീസ് ശ്രമിക്കുന്നത്. ക്രൈംബ്രാഞ്ച് മേധാവി റിപ്പോര്‍ട്ട് മടക്കിയതോടെ കൂടുതല്‍ പഴുതടച്ച അന്വേഷണത്തിന് പോലീസ് നിര്‍ബന്ധിതമാകും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കിഫ്ബി പരസ്യ വിവാദം: 129.67 കോടി രൂപ ചെലവിട്ടതിൽ ദുരൂഹതയെന്ന് ആരോപണം





