ചെറിയാന്‍ ഫിലിപ്പിന്റെ ‘ആലിംഗന വിവാദം’: ബിന്ദു കൃഷ്ണ പരാതി നല്‍കിയില്ലെങ്കില്‍ പോലീസ് കേസെടുക്കില്ല; വിവാദം രാഷ്ട്രീയ പോരിലേക്ക്

തിരുവനന്തപുരം: നിയുക്ത എംഎല്‍എ ബിന്ദു കൃഷ്ണയെ ഇന്ദിരാ ഭവനു മുന്നില്‍ വെച്ച് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ് ആലിംഗനം ചെയ്യാന്‍ ശ്രമിച്ച സംഭവം വിവാദമായെങ്കിലും, നിയമനടപടികള്‍ അനിശ്ചിതത്വത്തില്‍. ബിന്ദു കൃഷ്ണ നേരിട്ട് പരാതി നല്‍കാത്ത സാഹചര്യത്തില്‍ പോലീസിന് സ്വമേധയാ കേസെടുക്കാന്‍ സാങ്കേതിക തടസ്സങ്ങളുണ്ട്. ഇതോടെ, കേരള കോണ്‍ഗ്രസ് (എം) നേതാവ് നല്‍കിയ പരാതി കേവലം അന്വേഷണത്തില്‍ ഒതുങ്ങാനാണ് സാധ്യത.
കേരള കോണ്‍ഗ്രസ് (എം) നേതാവ് എ.എച്ച്. ഹഫീസാണ് മ്യൂസിയം പോലീസില്‍ ചെറിയാന്‍ ഫിലിപ്പിനെതിരെ പരാതി നല്‍കിയത്. എന്നാല്‍, സ്ത്രീത്വത്തെ അപമാനിച്ചുവെന്ന വകുപ്പ് പ്രകാരം കേസെടുക്കണമെങ്കില്‍ അതിനിരയായ വ്യക്തി തന്നെ നേരിട്ട് മൊഴി നല്‍കുകയോ പരാതിപ്പെടുകയോ വേണം. ബിന്ദു കൃഷ്ണ ഇതുവരെ വിഷയത്തില്‍ പരസ്യമായ നിലപാടോ പരാതിയോ നല്‍കിയിട്ടില്ല. അവര്‍ മൗനം തുടരുന്നിടത്തോളം കാലം ഹഫീസിന്റെ പരാതിയില്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധ്യതയില്ലെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
വ്യാഴാഴ്ച ഇന്ദിരാ ഭവനില്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തിന് എത്തിയതായിരുന്നു ബിന്ദു കൃഷ്ണ. കെപിസിസി ആസ്ഥാനത്തിന്റെ മുറ്റത്ത് വെച്ച് ഇവരെ കണ്ട ചെറിയാന്‍ ഫിലിപ്പ് അഭിനന്ദിക്കാനായി ആലിംഗനം ചെയ്യാന്‍ മുതിരുകയായിരുന്നു. ബിന്ദു കൃഷ്ണ തൊഴുകൈകളോടെ അതൃപ്തി പ്രകടിപ്പിച്ച് ഒഴിഞ്ഞുമാറിയിട്ടും ചെറിയാന്‍ വീണ്ടും ആലിംഗനത്തിന് ശ്രമിച്ചുവെന്നാണ് വീഡിയോ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. ഒടുവില്‍ ചെറിയാനെ തട്ടിമാറ്റിയാണ് ബിന്ദു കൃഷ്ണ ഉള്ളിലേക്ക് പോയത്.
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ചെറിയാന്‍ ഫിലിപ്പിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ഒരു സ്ത്രീ താല്‍പ്പര്യമില്ലായ്മ പ്രകടിപ്പിച്ചിട്ടും വീണ്ടും ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുന്നത് പൊതുമര്യാദയുടെ ലംഘനമാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. മറ്റ് ചില വനിതാ എംഎല്‍എമാരെയും ചെറിയാന്‍ സമാനമായ രീതിയില്‍ അഭിനന്ദിക്കാന്‍ ശ്രമിച്ചതായി ആരോപണമുണ്ട്.
നിലവിലെ സാഹചര്യത്തില്‍, കോണ്‍ഗ്രസിനുള്ളിലെ വിഭാഗീയതയും മുഖ്യമന്ത്രി തര്‍ക്കവും നിലനില്‍ക്കുന്നതിനാല്‍ ബിന്ദു കൃഷ്ണ പാര്‍ട്ടിക്കുള്ളിലെ മറ്റൊരു വിവാദത്തിന് വഴിവെക്കാതെ ഈ സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചേക്കും. പരാതിക്കാരി ഇല്ലാത്ത പക്ഷം പോലീസ് ഈ വിഷയത്തില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചേക്കില്ല.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.