തിരുവനന്തപുരം: ലാത്തിയും യൂണിഫോമും മാറ്റി വെച്ച്, പുരാതന ആയോധന കലാരൂപമായ ചവിട്ടുനാടകത്തിന്റെ ചുവടുകൾ അഭ്യസിക്കുകയാണ് കേരള പോലീസിലെ ഒരു സംഘം കലാകാരന്മാർ. കേരള പോലീസ് ചരിത്രത്തിലാദ്യമായാണ് ചവിട്ടുനാടകം അവതരിപ്പിക്കാൻ തയ്യാറെടുക്കുന്നത്. തിരുവനന്തപുരത്ത് നടക്കുന്ന ദേശീയ പോലീസ് വോളിബോൾ ക്ലസ്റ്റർ മീറ്റിന്റെ സമാപന സമ്മേളനത്തിലാണ് കൊച്ചി സിറ്റി പോലീസിലെ ഉദ്യോഗസ്ഥർ ഈ വേറിട്ട കലാരൂപം അരങ്ങത്തെത്തിക്കുന്നത്.
ഗീവർഗീസ് ചരിതത്തിലെ നാടകീയമായ ഒരു ഭാഗമാണ് പോലീസ് സംഘം അവതരിപ്പിക്കുന്നത്. സ്കൂൾ കലോത്സവത്തിൽ ചവിട്ടുനാടകം കണ്ടിഷ്ടപ്പെട്ട ഡി.സി.പി വിനോദ് പിള്ളയുടെ താൽപ്പര്യപ്രകാരമാണ് ഈ നീക്കം. ഗോതുരുത്ത് ചവിട്ടുനാടക കലാകേന്ദ്രത്തിലെ ആശാൻ അഭിലാഷ് കോണത്തിന്റെ ശിക്ഷണത്തിൽ ആഴ്ചകളായി കടുത്ത പരിശീലനത്തിലാണ് പോലീസ് ഉദ്യോഗസ്ഥർ. കഠിനമായ ചുവടുകളും താളവും ആയോധന മുറകളും ചേർന്ന ഈ കലാരൂപം പോലീസുകാർക്ക് പുതിയൊരു അനുഭവമാണ്.
സിറ്റി പോലീസ് ആസ്ഥാനത്തെ സി.പി.ഒ ജോബിൻ എം. ജോൺസനാണ് ഹെലിനോസ് ചക്രവർത്തിയുടെ വേഷം കൈകാര്യം ചെയ്യുന്നത്. ഇദ്ദേഹത്തോടൊപ്പം എ.എസ്.ഐ വി.എ ഷിഹാബ്, സീനിയർ സി.പി.ഒ കെ. ഷിബുരാജ്, സി.പി.ഒമാരായ അഖിൽനാഥ് ആർ. പിള്ള, മനോജ് മാത്യു, അജയ് വി. ദേവ്, കെ.എസ്. സുരേഷ്, സുമിത് ബാബു എന്നിവരും വിവിധ വേഷങ്ങളിൽ വേദിയിലെത്തും. പോലീസിന്റെ കരുത്തും കലയുടെ സൗന്ദര്യവും ഒന്നിക്കുന്ന ഈ പ്രകടനം കാണാൻ വലിയ കാത്തിരിപ്പിലാണ് സഹപ്രവർത്തകരും പൊതുജനങ്ങളും.
ജാസ്ലിയയുടെ മരണം : പ്രതിയായ ഡോക്ടർ സിറിയക് പി. ജോർജ് വാഗമണ്ണിൽ പിടിയിൽ


പശ്ചിമേഷ്യന് യുദ്ധക്കനലില് ഉരുകി രാജ്യം; നാല് ദിവസത്തിനിടെ രണ്ടാം തവണയും ഇന്ധനവില കൂട്ടി; ഇനിയും വിലക്കയറ്റത്തിന് സാധ്യത; ജനജീവിതം ദുസ്സഹമാക്കി കേന്ദ്രത്തിന്റെ ഇരുട്ടടി!





