മുംബൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിലെ അന്വേഷണത്തിന്റെ ഭാഗമായി പ്രമുഖ വ്യവസായി അനിൽ അംബാനിയുടെ ആഡംബര വസതി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. മുംബൈ പാലി ഹില്ലിലെ 17 നിലകളുള്ള, ഏകദേശം 3,716 കോടി രൂപ വിലമതിക്കുന്ന കെട്ടിടമാണ് ഇഡി അറ്റാച്ച് ചെയ്തത്. അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് കമ്മ്യൂണിക്കേഷൻസ് (RCOM) നടത്തിയ ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ഈ നിർണ്ണായക നടപടി.
കേസിൽ മൊഴി രേഖപ്പെടുത്തുന്നതിനായി ഫെബ്രുവരി 26-ന് നേരിട്ട് ഹാജരാകാൻ ഇഡി അനിൽ അംബാനിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഏകദേശം 40,000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പാണ് റിലയൻസ് കമ്മ്യൂണിക്കേഷൻസ് നേരിടുന്നത്. സുപ്രീം കോടതിയുടെ പ്രത്യേക നിർദ്ദേശപ്രകാരം രൂപീകരിച്ച സംഘമാണ് റിലയൻസ് ഗ്രൂപ്പിനെതിരായ സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ 12,000 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിട്ടുണ്ട്.
അന്വേഷണത്തിൽ കാലതാമസം നേരിടുന്നതിൽ കഴിഞ്ഞ ആഴ്ച സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ഇഡിയുടെ ഈ വൻ നടപടി. ഇതിനിടെ, ന്യൂയോർക്കിൽ ആഡംബര വസതി വാങ്ങിയതുമായി ബന്ധപ്പെട്ട് അനിൽ അംബാനിയുടെ ഭാര്യ ടീന അംബാനിയെയും ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് ആർകോം മുൻ എക്സിക്യൂട്ടീവ് പുനിത് ഗാർഗിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പാപ്പരത്ത നടപടികൾക്കിടെ നിയമവിരുദ്ധമായി സ്വത്ത് കൈമാറ്റം ചെയ്തെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
മധുവിന് ഒടുവില്‍ സുപ്രീം നീതി; ആള്‍ക്കൂട്ട ക്രൂരതയ്ക്ക് ജീവപര്യന്തം ശിക്ഷാവിധി; ഹൈക്കോടതി വിധിന്യായത്തിന്റെ രാഷ്ട്രീയ-സാമൂഹിക പ്രസക്തി ഏറെ


ഇന്‍സ്റ്റഗ്രാം സുഹൃത്ത് കാറിലെത്തി തട്ടിക്കൊണ്ടുപോയെന്ന് സംശയം; കോഴിക്കോട് സ്വദേശിയായ 16-കാരിക്കായി തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്





