ആരോഗ്യവകുപ്പിലെ വിവാദ സർക്കുലർ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം

ആലപ്പുഴ: തിരഞ്ഞെടുപ്പ് കാലത്ത് സർക്കാർ ആശുപത്രികളിൽ അതീവ ജാഗ്രത വേണമെന്ന വിവാദ സർക്കുലർ ആരോഗ്യവകുപ്പിന്റെ പൂർണ്ണ അറിവോടെയാണെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്തുവന്നു. ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം ഫെബ്രുവരി ഏഴിനാണ് ആരോഗ്യ ഡയറക്ടറുടെ കാര്യാലയം ഈ സർക്കുലർ പുറത്തിറക്കിയത്. എന്നാൽ ഇത്തരം ഒരു സർക്കുലറിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു ആരോഗ്യ മന്ത്രി നേരത്തെ പ്രതികരിച്ചിരുന്നത്.

ആലപ്പുഴ ജില്ലാ മെഡിക്കൽ ഓഫീസർ ആണ് ഇത് സംബന്ധിച്ച ആദ്യ നിർദ്ദേശം നൽകിയത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഒ.പി, അത്യാഹിത വിഭാഗം, ഫാർമസി, മോർച്ചറി, ഡയഗ്നോസ്റ്റിക് പോയിന്റുകൾ എന്നിവിടങ്ങളിൽ പ്രത്യേക ശ്രദ്ധയും മേൽനോട്ടവും വേണമെന്നാണ് സർക്കുലറിലെ പ്രധാന ഉള്ളടക്കം. പൊതുജനങ്ങളുമായി നേരിട്ട് ഇടപെടുന്ന ഈ വിഭാഗങ്ങളിൽ ഉണ്ടാകുന്ന ചെറിയ വീഴ്ചകൾ പോലും സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കമെന്നാണ് സൂചന.

വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവം സർക്കാരിനെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് ഇത്തരമൊരു സർക്കുലർ ചർച്ചയാകുന്നത്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് മന്ത്രി ആവർത്തിക്കുമ്പോഴും, വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ തന്നെ ഉത്തരവിറക്കിയത് സർക്കാരിനെ വെട്ടിലാക്കിയിരിക്കുകയാണ്. എല്ലാ ജില്ലാ മെഡിക്കൽ ഓഫീസർമാർക്കും ഈ നിർദ്ദേശം ലഭിച്ചതായാണ് റിപ്പോർട്ട്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.