വെള്ളറട: തിരുവനന്തപുരത്ത് പൊലീസിനു നേരെ വീണ്ടും സിപിഎം ആക്രമണം. മാള്‍ ഓഫ് ട്രാവന്‍കൂറില്‍ പൊലീസുകാരനെ മര്‍ദിച്ച സംഭവത്തിന് പിന്നാലെ, വെള്ളറടയില്‍ സബ് ഇന്‍സ്പെക്ടറെ സിപിഎം ലോക്കല്‍ സെക്രട്ടറി ക്രൂരമായി മര്‍ദിച്ചു. ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ ശ്രമിച്ച സബ് ഇന്‍സ്പെക്ടര്‍ അഭിജിത്തിനെ അടിവയറ്റിലും ജനനേന്ദ്രിയത്തിലും ചവിട്ടുകയും ആശുപത്രിയില്‍ ചികിത്സ തേടുന്നത് തടയുകയും ചെയ്തു.
വെള്ളറട ലോക്കല്‍ സെക്രട്ടറി പ്രദീപ്, കണ്ടാലറിയാവുന്ന മറ്റ് രണ്ടുപേര്‍ എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. എന്നാല്‍, പാര്‍ട്ടി സമ്മര്‍ദത്തെത്തുടര്‍ന്ന് പ്രതികളെ സംരക്ഷിക്കാന്‍ നീക്കം നടക്കുന്നു എന്നാരോപിച്ച് സേനയ്ക്കുള്ളില്‍ വലിയ അതൃപ്തി പുകയുകയാണ്.
ഞായറാഴ്ച രാത്രി 9 മണിയോടെ വെള്ളറട ജങ്ഷനില്‍ ചൂണ്ടിക്കല്‍ ക്ഷേത്രത്തിലെ ഉത്സവഘോഷയാത്രയ്ക്കിടെയായിരുന്നു ആക്രമണം. റോഡില്‍ വാഹനങ്ങള്‍ തടഞ്ഞ് നൃത്തം ചെയ്ത പ്രതികളോട് മാറിനില്ക്കാന് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായ രണ്ടാം പ്രതി പൊലീസുകാരനെ അസഭ്യം വിളിക്കുകയും നെഞ്ചില്‍ ഇടിച്ചു തള്ളുകയും ചെയ്തു. ഇതു തടയാനെത്തിയ എസ്ഐ അഭിജിത്തിനെ ഒന്നാം പ്രതിയായ സിപിഎം ലോക്കല്‍ സെക്രട്ടറി പ്രദീപ് അസഭ്യം വിളിക്കുകയും അടിവയറ്റിലും ജനനേന്ദ്രിയത്തിലും ശക്തമായി ചവിട്ടുകയും ചെയ്തു. ചുവന്ന ഷര്‍ട്ട് ധരിച്ച മൂന്നാം പ്രതി എസ്ഐയുടെ മുഖത്ത് ഇടിച്ച് പരിക്കേല്‍പ്പിച്ചു.
മര്‍ദനത്തിന് പിന്നാലെ ചികിത്സയ്ക്കായി ആനപ്പാറ സിഎച്ച്സിയില് എത്തിയ എസ്ഐയെയും സംഘത്തെയും പ്രതികളും കൂടെയുണ്ടായിരുന്നവരും ചേര്‍ന്ന് അവിടെയും തടഞ്ഞു. ആശുപത്രിയില്‍ ചികിത്സ തേടാന്‍ അനുവദിക്കാതെ തടസ്സപ്പെടുത്തിയതോടെ, ഇവിടെ നിന്ന് മടങ്ങിയ പൊലീസ് സംഘം പാറശാല ആശുപത്രിയിലെത്തിയാണ് ചികിത്സ തേടിയത്. മാള്‍ ഓഫ് ട്രാവന്‍കൂറില്‍ പൊലീസുകാരനെ മര്‍ദിച്ച എസ്എഫ്ഐക്കാര്‍ക്കെതിരെ നിസ്സാര വകുപ്പുകള്‍ ചുമത്തുകയും പോലീസുകാരനെതിരെ കൗണ്ടര്‍ കേസ് എടുക്കുകയും ചെയ്തത് വലിയ വിവാദമായിരുന്നു.
തിരുവനന്തപുരം റൂറല്‍ പൊലീസ് അസോസിയേഷന് യോഗത്തിലും ഈ അതൃപ്തി പരസ്യമായി. ഇതിന് പിന്നാലെയാണ് ഒരു സബ് ഇന്‍സ്പെക്ടര്‍ക്ക് നേരെ ഇത്രയും ക്രൂരമായ മര്‍ദനം നടന്നിരിക്കുന്നത്. ഗുരുതരമായ കുറ്റകൃത്യം നടന്നിട്ടും രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് പ്രതികളെ സംരക്ഷിക്കാന്‍ നീക്കം നടക്കുന്നത് പൊലീസുകാരുടെ മനോവീര്യം തകര്‍ക്കുന്നുവെന്ന വിമര്‍ശനം ശക്തമാണ്. വെള്ളറട ഇന്‍സ്പെക്ടര്‍ പ്രസാദ് വി.യുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. ബിഎന്‍എസ് 121(1), 296(ബി), 3(5) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.


ഭരണം പോയതോടെ തെരുവില്‍ ഇറങ്ങി എസ്.എഫ്.ഐ; നീറ്റ് ക്രമക്കേടില്‍ കേരളമാകെ ‘പ്രതിഷേധക്കടല്‍’
കോണ്‍ഗ്രസില്‍ ഇനി ‘കെ.സി യുഗം’; ഘടകകക്ഷികള്‍ക്ക് വിശ്വസ്തന്, സമുദായങ്ങള്‍ക്ക് പ്രിയങ്കരന്‍; അധികാരം കോണ്‍ഗ്രസിന് കിട്ടിയാല്‍ കേരളത്തിന്റെ അമരത്തേക്ക് വേണുഗോപാല്‍?





