സർവകലാശാല അധ്യാപക നിയമനം: ഗവർണറുടെ പ്രതിനിധിയെ നിയമിക്കുന്നതിൽ പുതിയ മാനദണ്ഡം; പഴയ പട്ടിക റദ്ദാക്കി

തിരുവനന്തപുരം: സർവകലാശാല അധ്യാപക നിയമനങ്ങൾക്കുള്ള സെലക്ഷൻ കമ്മിറ്റിയിൽ യുജിസി ചട്ട പ്രകാരം  വ്യവസ്ഥ ചെയ്തിട്ടുള്ള  ഗവർണറുടെ  പ്രതിനിധിയെ നിയമിക്കുന്നതിന് പുതിയ മാനദണ്ഡങ്ങൾ നിശ്ചയിച്ച് ഗവർണർ ഉത്തരവിട്ടു. സർവകലാശാലകളിൽ നിലവിലുള്ള ചാൻസിലറുടെ പ്രതിനിധി പട്ടിക റദ്ദാക്കിയിട്ടുമുണ്ട്.

ഗവർണറുടെ പുതിയ ഉത്തരവ് അറിയിച്ചുകൊണ്ട് സംസ്ഥാനത്തെ എല്ലാ വൈസ് ചാൻസിലർമാർക്കും ലോക്ഭവൻ കത്ത് അയച്ചിട്ടുണ്ട്. അധ്യാപക നിയമന നടപടികൾ ആരംഭിക്കുന്നതിനു മുമ്പ് സെലക്ഷൻ കമ്മിറ്റിയിലേയ്ക്കുള്ള ചാൻസിലറുടെ പ്രതി നിധിയെ  ആവശ്യപ്പെടണമെന്നും പുതിയ ഉത്തരവിലുണ്ട്.

പ്രതിനിധിയെ ആവശ്യപ്പെടുമ്പോൾ അധ്യാപക നിയമനത്തിന്റെ വിശദ വിവരങ്ങൾ  വ്യക്തമാക്കിയിരിക്കണം. നിയമിക്കപ്പെടേണ്ട അധ്യാപകരുടെ വിഷയങ്ങളിലുള്ള വിദഗ്ധരെയാവും ചാൻസലരുടെ പ്രതിനിധിയായി നിശ്ചയിക്കുക. നാമനിർദ്ദേശം ലഭിച്ചു കഴിഞ്ഞാൽ രണ്ടുമാസത്തിനുള്ളിൽ കമ്മിറ്റി രൂപീകരിച്ച് അധ്യാപക നിയമനം പൂർത്തിയാക്കണം. നിയമനം വൈകുകയാണെങ്കിൽ പുതിയ നോമിനിയെ  ആവശ്യപ്പെടണമെന്നും ഉത്തരവിൽ പറയുന്നു.

10 വർഷത്തിനു മുമ്പ് തയ്യാറാക്കിയ പട്ടികയിൽനിന്നുള്ള ഗവർണറുടെ പ്രതിനിധിയെയാണ് സർവ്വകലാശാലകൾ സെലെക്ഷൻ കമ്മിറ്റിയിൽ ഇപ്പോൾ ഉൾപ്പെടുത്തി വരുന്നത്. അവരിൽ പലരും സെലക്ഷൻ കമ്മിറ്റികളിൽ പങ്കെടുക്കാറില്ലെന്നത് ലോക്ഭവന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പുതിയ ഉത്തരവ്.

സർക്കാരിന്റെ കാലാവധി പൂർത്തിയാകുന്നതിനുമുമ്പ് ചില സർവകലാശാലകളിൽ അധ്യാപക നിയമനങ്ങൾ നടത്തുവാൻ തിരക്കിട്ട ശ്രമങ്ങൾ നടക്കുന്നതായി പരാതി ഉയർന്നിരുന്നു. ലോക്ഭവന്റെ പുതിയ തീരുമാനം ഈ നീക്കങ്ങൾക്ക് തടയിടും.\

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.