തിരുവനന്തപുരം: പേരിടൽ വിവാദങ്ങളിൽ കുടുങ്ങിയ മലബാർ ഡിസ്റ്റിലറിയുടെ പുതിയ ബ്രാൻഡി ഫെബ്രുവരി 21 ശനിയാഴ്ച മുതൽ വിപണിയിലെത്തും. മദ്യത്തിന് പേരും ലോഗോയും നിർദ്ദേശിക്കുന്നവർക്ക് സമ്മാനം പ്രഖ്യാപിച്ച ബെവ്‌കോയുടെ നടപടി ഹൈക്കോടതി തടഞ്ഞ സാഹചര്യത്തിൽ, പേരിന്റെ സർപ്രൈസ് നിലനിർത്തിക്കൊണ്ടാണ് വിതരണം ആരംഭിക്കുന്നത്.
മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജിയിലാണ് ഹൈക്കോടതി പേരിടൽ മത്സരം താൽക്കാലികമായി സ്റ്റേ ചെയ്തത്. മദ്യത്തിന് പേരിടാൻ എൻട്രികൾ ക്ഷണിച്ച ബെവ്‌കോയുടെ നടപടി കോടതി മരവിപ്പിച്ചു. ഇത്തരത്തിലുള്ള എല്ലാ നടപടികളും നിർത്തിവെക്കാൻ ഇടക്കാല ഉത്തരവിലൂടെ ജസ്റ്റിസ് നിർദ്ദേശിച്ചിരുന്നു. പേരിടൽ മത്സരത്തെക്കുറിച്ച് തങ്ങൾക്ക് യാതൊരു അറിവുമില്ലെന്നാണ് ബെവ്‌കോ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയത്. ഇതോടെ കോടതി മലബാർ ഡിസ്റ്റിലറീസിനോട് വിശദീകരണം തേടിയിട്ടുണ്ട്.
വിഷയത്തിൽ കൂടുതൽ വാദം കേൾക്കുന്നതിനായി കേസ് മാർച്ച് 12-ലേക്ക് മാറ്റിവെച്ചിരിക്കുകയാണ്. അതുവരെ മത്സരവുമായി ബന്ധപ്പെട്ട നടപടികളൊന്നും പാടില്ലെന്നാണ് കർശന നിർദ്ദേശം.കോടതി സ്റ്റേ നിലനിൽക്കുന്നത് പേരിടൽ മത്സരത്തിനാണെന്നും മദ്യ വിതരണത്തിനല്ലെന്നുമാണ് അധികൃതരുടെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ സർക്കാർ തലത്തിൽ മുൻകൂട്ടി നിശ്ചയിച്ച ഒരു പേരിൽ ബ്രാൻഡി പുറത്തിറക്കാനാണ് തീരുമാനം. കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള മദ്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ പദ്ധതിയുമായി മുന്നോട്ട് പോകുന്നത്.കോടതിയിൽ കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ പുതിയ പേര് എന്തായിരിക്കും എന്നതിനെക്കുറിച്ച് ഔദ്യോഗികമായ അറിയിപ്പുകൾ ഫെബ്രുവരി 21-ന് മാത്രമേ ലഭ്യമാകൂ.
മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ ; വിധി നടപ്പാക്കാൻ സർക്കാരിന് രണ്ടാഴ്ച കൂടി സമയം നൽകി ഹൈക്കോടതി


കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്തേക്ക്. നഗരത്തില്‍ വന്‍ഗതാഗത നിയന്ത്രണം, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍




