കോട്ടയം: നടന് പ്രേംകുമാറിന് നിയമസഭാ സീറ്റ് നല്‍കുമെന്ന പ്രചാരണം ശക്തമായിരിക്കെ, അത്തരമൊരു ചര്‍ച്ച പാര്‍ട്ടി തലത്തില്‍ നടന്നിട്ടില്ലെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍. പ്രേംകുമാറും നിയമസഭാ സീറ്റ് ആഗ്രഹിക്കുന്നില്ലെന്നും രാഷ്ട്രീയപ്രവേശനത്തിന് ശേഷം തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമാകാനാണ് താരം ലക്ഷ്യമിടുന്നതെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.
കോണ്‍ഗ്രസില്‍ ചേരുന്ന പ്രേംകുമാറിനെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ താരപ്രചാരകനായി ഉപയോഗിക്കാനാണ് നേതൃത്വത്തിന്റെ പ്ലാന്‍. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ചലച്ചിത്ര അക്കാദമി, ചലച്ചിത്ര വികസന കോര്പ്പറേഷന് തുടങ്ങിയ ബോര്‍ഡ്-കോര്പ്പറേഷന് തലത്തിലുള്ള ഏതെങ്കിലും പദവി നല്‍കാനാണ് നിലവിലെ ധാരണ. കെ സി വേണുഗോപാലുമായി പ്രേംകുമാര്‍ സംസാരിച്ചിട്ടുണ്ട്. അപ്പോഴും സീറ്റുകാര്യമൊന്നും ചര്‍ച്ച ചെയ്തില്ല.
കഴക്കൂട്ടം ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ പ്രേംകുമാര്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ സജീവമായിരുന്നുവെങ്കിലും പ്രാദേശിക നേതൃത്വത്തെയും നിലവില്‍ മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നേതാക്കളെയും പിണക്കിയുള്ള നീക്കത്തിന് ഹൈക്കമാന്‍ഡ് മുതിരില്ല. സുനില്‍ കനഗോലുവിന്റെ നേതൃത്വത്തില്‍ നടത്തിയ മണ്ഡലതല സര്‍വേകള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍, അവസാന പട്ടികയില്‍ ഇടംപിടിച്ചവരെ മാറ്റുന്നത് ഗുണകരമാകില്ലെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.
തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് എന്‍. ശക്തന് കെപിസിസി നേതൃത്വവുമായി സംസാരിച്ചിട്ടുണ്ട്. പ്രേംകുമാര്‍ കോണ്‍ഗ്രസിലേക്ക് വരാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും കെ.സി വേണുഗോപാലുമായി അദ്ദേഹം സംസാരിച്ചുവെന്നും ഉടന്‍ തന്നെ ഔദ്യോഗികമായി പാര്‍ട്ടിയില്‍ ചേരുമെന്നും എന്‍. ശക്തന് വ്യക്തമാക്കി. അതിനിടെ, നടന് ജയന് ചേര്‍ത്തലയെയും കോണ്‍ഗ്രസ് പാളയത്തിലെത്തിക്കാനുള്ള നീക്കങ്ങള്‍ സജീവമാണ്. കോട്ടയത്ത് നടക്കുന്ന സംസ്കാര സാഹിതിയുടെ പരിപാടിയില്‍ പ്രേംകുമാറിനൊപ്പം ജയന് ചേര്‍ത്തലയെയും പങ്കെടുപ്പിക്കാന്‍ നീക്കം നടന്നിരുന്നു.
എന്നാല്‍ പരിപാടിയുടെ ഉദ്ഘാടകനായ കെ.സി. വേണുഗോപാലിന് ചെന്നൈയിലെ തിരക്കുകള്‍ കാരണം എത്താന്‍ കഴിയാത്തതിനാല്‍ ജയന് ചേര്‍ത്തലയുടെ വരവ് മറ്റൊരു ദിവസത്തേക്ക് മാറ്റി. ആലപ്പുഴയില്‍ നടക്കുന്ന പരിപാടിയില്‍ ജയന് ചേര്‍ത്തല കോണ്‍ഗ്രസ് വേദി പങ്കിടുമെന്നാണ് സൂചന. രാഷ്ട്രീയ പ്രവേശനം ഉറപ്പിച്ചതോടെ പ്രേംകുമാര്‍ ഇന്ന് രാവിലെ കോട്ടയത്ത് എത്തിയെങ്കിലും ഔദ്യോഗിക ചടങ്ങുകള്‍ക്കായി കാത്തിരിക്കുകയാണ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഗൺമാൻമാരുടെ മർദ്ദനം നിയമവിരുദ്ധം; പഴയ റിപ്പോർട്ട് അജിത് കുമാർ തിരുത്തിയതിലും അന്വേഷണം





