ഗോവിന്ദന്‍ മാസ്റ്ററുടെ ‘പെന്‍ഷന്‍ നാടകം’ പൊളിഞ്ഞു; വിഡിയോ തിരക്കഥയെന്ന് വയോധികന്റെ വെളിപ്പെടുത്തല്‍; ബാലുശ്ശേരിയിലെ ‘അബദ്ധം’ ചതിയോ? പിണറായി കട്ടക്കലിപ്പില്‍

കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിക്കുന്ന വികസന മുന്നേറ്റ ജാഥയില്‍ വയോധികന്‍ പെന്‍ഷന്‍ തുക കൈമാറിയ സംഭവം ആസൂത്രിതമായ തിരക്കഥയെന്ന് വെളിപ്പെടുത്തല്‍ സിപിഎമ്മിന് തിരിച്ചടിയായി. സിപിഎം പ്രാദേശിക നേതൃത്വത്തിനെതിരെ നടപടിക്കും സാധ്യത. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിനെ ഗൗരവത്തില്‍ എടുത്തിട്ടുണ്ട്.

ബാലുശ്ശേരിയില്‍ നടന്ന സ്വീകരണത്തിനിടെ മൊയ്തീന്‍ എന്ന വയോധികന്‍ സ്റ്റേജിലെത്തി 2000 രൂപ ഗോവിന്ദന് നല്‍കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇടതുപക്ഷ ഹാന്‍ഡിലുകള്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. എന്നാല്‍, താന്‍ സ്വമനസ്സാലെ ചെയ്തതല്ല ഇതെന്നും ചിലര്‍ നിര്‍ബന്ധിച്ച് സ്റ്റേജില്‍ കൊണ്ടുപോയി പണം നല്‍കിച്ചതാണെന്നും മൊയ്തീന്‍ തുറന്നുപറഞ്ഞതോടെ സിപിഎം പ്രതിരോധത്തിലായി. ഈ സാഹചര്യം സിപിഎം പരിശോധിക്കും. സര്‍ക്കാരിനെ വെട്ടിലാക്കാനുള്ള ഗൂഡാലോചന പാര്‍ട്ടി സംശയിക്കുന്നുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ച നടന്ന ചടങ്ങില്‍, സര്‍ക്കാരില്‍ നിന്ന് കിട്ടിയ പെന്‍ഷന്‍ തുകയാണെന്നും യുഡിഎഫ് വന്നാല്‍ ഇത് കിട്ടില്ലെന്നും പറഞ്ഞാണ് മൊയ്തീന്‍ പണം നല്‍കിയത്. പണം വാങ്ങിയ ഗോവിന്ദന്‍ അത് തിരികെ മൊയ്തീന്റെ പോക്കറ്റില്‍ തന്നെ ഇട്ടുകൊടുക്കുന്ന ‘മാതൃകാപരമായ’ ദൃശ്യങ്ങളാണ് പ്രചരിച്ചിരുന്നത്. എന്നാല്‍ ഇതിന് പിന്നിലെ സത്യം മൊയ്തീന്‍ പിന്നീട് വിവരിച്ചു: ‘ചിലര്‍ എന്നെ സ്റ്റേജിലേക്ക് കൊണ്ടുപോയി പണം നല്‍കാന്‍ പറഞ്ഞു. പണം നല്‍കിയാല്‍ ഗോവിന്ദന്‍ മാസ്റ്റര്‍ അത് തിരികെ തരുമെന്ന് അവര്‍ നേരത്തെ തന്നെ എനിക്ക് ഉറപ്പുനല്‍കിയിരുന്നു. അങ്ങനെയാണ് ഞാന്‍ വീഡിയോയ്ക്ക് വേണ്ടി അത് ചെയ്തത്.’

മൊയ്തീന്റെ ഈ വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ സംഭവം സിപിഎമ്മിന് വലിയ നാണക്കേടായി. പിന്നാലെ അദ്ദേഹം മൊഴി മാറ്റിയെങ്കിലും, ഇത് സിപിഎം ഭീഷണി മൂലമാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. പെന്‍ഷന്‍ നല്‍കുന്ന സര്‍ക്കാര്‍ തുടരണമെന്ന സന്ദേശം ജനങ്ങളിലെത്തിക്കാന്‍ സിപിഎം ഐടി സെല്‍ ആസൂത്രണം ചെയ്ത റീല്‍സ് ഇപ്പോള്‍ പാര്‍ട്ടിയെ തന്നെ തിരിഞ്ഞുകൊത്തുകയാണ്. കൃത്രിമമായി നിര്‍മ്മിച്ച ദൃശ്യങ്ങളുപയോഗിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ആരോപിച്ച് പ്രതിപക്ഷം സൈബര്‍ ഇടങ്ങളില്‍ പരിഹാസവുമായി രംഗത്തെത്തി.

തിരക്കഥ പൊളിഞ്ഞതോടെ സിപിഎമ്മിന്റെ പിആര്‍ വര്‍ക്കുകള്‍ ഒന്നൊന്നായി പുറത്തുവരികയാണെന്ന് യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു. ബിജെപിയും വിഷയം ഏറ്റെടുത്തിട്ടുണ്ട്. വിവാദം കൊഴുക്കുന്നതിനിടെ ക്ഷേമ പെന്‍ഷനെ കോണ്‍ഗ്രസ് അവഹേളിക്കുകയാണെന്ന ആരോപണവുമായി മന്ത്രി മുഹമ്മദ് റിയാസ് രംഗത്തെത്തി. ഇടതുപക്ഷം അധികാരത്തില്‍ വന്നപ്പോഴാണ് പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിച്ചതെന്നും വയോധികരുടെ വികാരത്തെ യുഡിഎഫ് പരിഹസിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

എങ്കിലും, മൊയ്തീന്റെ തുറന്നുപറച്ചില്‍ സിപിഎം കേന്ദ്രങ്ങളെ പോലും അമ്പരപ്പിച്ചു. സത്യസന്ധമായ രാഷ്ട്രീയ പ്രചാരണത്തിന് പകരം ‘ഷൂട്ടിംഗ്’ നടത്തി വോട്ടര്‍മാരെ കയ്യിലെടുക്കാനുള്ള നീക്കം പാളിപ്പോയ നാണക്കേടിലാണ് ഇപ്പോള്‍ സിപിഎം പ്രാദേശിക നേതൃത്വം. ഈ പിഴവ് സിപിഎം സംസ്ഥാന നേതൃത്വവും ഗൗരവത്തില്‍ എടുത്തിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ വിഷയത്തില്‍ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വീണ്ടും വരില്ലെന്ന് ഉറപ്പിക്കുന്നതിനുള്ള രാഷ്ട്രീയ ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്നാണ് സിപിഎം സംശയിക്കുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.