നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്നവേളയിലും വിടാതെ പിന്തുടരുന്ന ശബരിമലയിലെ പ്രശ്നങ്ങള്‍ ഇടതുമുന്നണിയുടെ ഉറക്കം കെടുത്തുന്നു. ഒന്ന് പരിഹരിച്ചുവരുമ്പോള്‍ മറ്റൊന്ന് എന്ന തരത്തില്‍ ദിനംതോറും പ്രതിസന്ധികള്‍ മുന്നില്‍ വന്നുപെടുന്നതില്‍ സര്‍ക്കാരിനും ബന്ധപ്പെട്ട വകുപ്പിനുമെതിരെ പാര്‍ട്ടിയിലും മുന്നണിയിലും ശക്തമായ പ്രതിഷേധം പുകയുകുമാണ്. ദേവസ്വംവകുപ്പിന് ഇതിലൊന്നും ഒരു ബന്ധവുമില്ലെന്ന് പറയാമെങ്കിലും അതൊന്നും ജനങ്ങളില്‍ എത്തപ്പെടുന്നില്ലെന്നതാണ് പാര്‍ട്ടി ചൂണ്ടിക്കാട്ടുന്നത്. അശ്രദ്ധയോ അല്ലെങ്കില്‍ അമിത ആത്മവിശ്വാസമോ മുന്നണിയെ പ്രതിസന്ധിയിലാക്കിയെന്ന വികാരം ഘടകകക്ഷികള്‍ക്കിടയിലുമുണ്ട്.
ശബരിമലയിലെ സ്വര്‍ണ്ണപാളി കവര്‍ച്ച കേസ് പുതിയൊരു തലത്തില്‍ എത്തിനില്‍ക്കുന്ന വേളയിലാണ് ആഗോള അയ്യപ്പസംഗമം സംബന്ധിച്ച് പുതിയ വിവാദങ്ങള്‍ ഉയര്‍ന്നുവന്നിരിക്കുന്നത്. ശബരിമല സ്ത്രീപ്രവേശന വിധിയുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങള്‍ക്ക് ശേഷം സംജാതമായിരുന്ന എതിര്‍പ്പുകള്‍ കുറയ്ക്കുന്നതിനും കൂടുതല്‍ സ്വീകാര്യത ഉറപ്പാക്കുന്നതിനുമായാണ് ആഗോള അയ്യപ്പസംഗമം സംഘടിപ്പിച്ചത്. എന്നാല്‍ തുടക്കം മുതല്‍ തന്നെ വിവാദമായി മാറിയ ആ പരിപാടി ഇപ്പോള്‍ വീണ്ടും ബോര്‍ഡിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയുമാണ്. പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള കണക്കുകളിലെ പൊരുത്തക്കേടാണ് പുതിയ പ്രതിസന്ധിക്ക് വഴിവച്ചിരിക്കുന്നത്.
കണക്കുകള്‍ സംബന്ധിച്ച് ഒരു ആശയക്കുഴപ്പവുമില്ലെന്നും എല്ലാം കൃത്യവും വ്യക്തവുമാണെന്ന് അന്നത്തെ ബോര്‍ഡും ബോര്‍ഡ് പ്രസിഡന്റും പറയുന്നുണ്ടെങ്കിലും പൊതുവില്‍ അവരെ സംശയത്തിന്റെ മുനയില്‍ കൊണ്ടുവരുന്നതിന് ഈ സംഭവങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. വയനാട് ദുരിതാശ്വാവുമായി ബന്ധപ്പെട്ട് മുന്‍പ് കേന്ദ്രത്തിന് നല്കിയ രേഖ ഉയര്‍ത്തിക്കാട്ടി സൃഷ്ടിച്ച വിവാദം പോലെ ഒരു മാദ്ധ്യമസൃഷ്ടി മാത്രമാണ് ഇതെന്നാണ് സര്‍ക്കാരും ബോര്‍ഡും പറയുന്നത്. അന്ന് പ്രതീക്ഷിതചെലവ് കണക്കാക്കി കേന്ദ്രത്തിന് നല്കിയ ഒരു നിവേദനമാണ് കാര്യമറിയാതെ വിവാദമാക്കിയത്. ഇപ്പോഴും സംഭവിക്കുന്നത് അതുതന്നെയാണെന്ന് ദേവസ്വംബോര്‍ഡുമായി ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു. ആഗോള അയ്യപ്പസംഗമത്തിന് പ്രതീക്ഷിക്കുന്ന ചെലവുകള്‍ സംബന്ധിച്ച് തയാറാക്കിയ കണക്കുകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് വ്യാജവാര്‍ത്തകള്‍ നിര്‍മ്മിക്കുന്നതെന്ന് ആരോപിച്ചുകൊണ്ട് അക്കാലത്ത് ദേവസ്വംബോര്‍ഡ് പ്രസിഡന്റായിരുന്ന പി.എസ്. പ്രശാന്തും രംഗത്ത് എത്തിയിട്ടുണ്ട്.
എന്തായാലും കഴിഞ്ഞ ചില ദിവസങ്ങളായി ആഗോള അയ്യപ്പസംഗമം സംബന്ധിച്ച് ഉയര്‍ന്നുകൊണ്ടിരിക്കുന്ന വിവാദങ്ങള്‍ പാര്‍ട്ടിയിലും മുന്നണിയിലും കടുത്ത അതൃപ്തിക്ക് വഴിവച്ചിട്ടുണ്ട്. ശബരിമല സ്വര്‍ണ്ണപാളി കവര്ച്ചകേസിന് പിന്നാലെ ഉണ്ടായ ഇത് വലിയ പാളിച്ചയായാണ് അവര്‍ വിലയിരുത്തുന്നത്. ശബരിമലയിലെ സ്വര്‍ണ്ണപാളികള്‍ കവര്‍ന്ന വിഷയത്തില്‍ നിന്നും ഇനിയും തലയൂരാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല. ആരോപണത്തിന്റെ വ്യാപ്തി വര്‍ദ്ധിക്കുകയും അത് പലകോണുകളിലേയ്ക്ക് തിരിയുകയും ചെയ്തിട്ടുണ്ട്. പ്രതിപക്ഷത്തിനെപ്പോലും പ്രതിസന്ധിയിലാക്കുന്ന തരത്തില്‍ അത് മാറുകയും ചെയ്തു. കോണ്‍ക്രീറ്റ് ചെയ്ത കൊടിമരം മാറ്റിയതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ അന്വേഷണത്തില്‍ വന്നതോടെ അതിന്റെ പരിപ്രേക്ഷ്യത്തിലും മാറ്റമുണ്ടായിട്ടുണ്ട്.
ഇതൊക്കെയാണെങ്കിലും ആ കളങ്കത്തില്‍ നിന്നും പാര്‍ട്ടിക്ക് രക്ഷപ്പെടാനായിട്ടില്ലെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തല്‍.
കോണ്‍ഗ്രസിന്റെയും മറ്റുള്ള പാര്‍ട്ടികളുടെയും സംഘടനാപ്രതിനിധികളാണ് അറസ്റ്റിലായ പലരുമെന്ന് സി.പി.എം കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെങ്കിലും അതിന് വേണ്ടത്ര പ്രാധാന്യം കിട്ടിയിട്ടുമില്ല. ഈ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലാണ് പ്രമുഖര്‍ എല്ലാം ഇടതുപക്ഷവുമായി ബന്ധപ്പെട്ടവര്‍ ആയതാണ് അവരെ വലയ്ക്കുന്നത്. പ്രത്യേകിച്ച് സി.പി.എമ്മിന്റെ മുന്‍ എം.എല്‍.എയും നിലവിലെ ജില്ലാകമ്മിറ്റി അംഗവുമായ എ.പത്മകുമാര്‍ അറസ്റ്റിലായതാണ് പാര്‍ട്ടിയെ വലയ്ക്കുന്നതും.
എന്നാലും നിരന്തരമുള്ള പ്രചരണത്തിലൂടെയും ഭവനസന്ദര്ശനപരിപാടികളിലൂടെയും ഒരുപരിധി വരെ അതില്‍ നിന്നും തലയൂരാനായി എന്ന് നേതൃത്വം വിലയിരുത്തുന്നുണ്ട്. അതിനിടയില്‍ ഉയര്‍ന്നുവരുന്ന ഇത്തരം ആരോപണങ്ങള്‍ അതിന് തന്നെ വലിയ തിരിച്ചടിയുണ്ടാക്കും. തുടര്‍ച്ചയായി ഒരേ വിഷയത്തില്‍ വിവിധ ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്നത് ഇതൊന്നും വിശ്വസിക്കാത്തവരില്‍ പോലും സംശയം ജനിപ്പിക്കുമെന്നും സി.പി.എം കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ എത്രയൂം വേഗം ഈ പ്രശ്നങ്ങളില്‍ നിന്ന് പുറത്തുവരുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് പാര്‍ട്ടി നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. അതിന്റെ ഭാഗമായി കൂടിയാണ് ഇന്നലെ മന്ത്രി വി.എന്‍. വാസവന് തന്നെ വിശദീകരണവുമായി രംഗത്ത് എത്തിയതും.


മുഖ്യമന്ത്രിയെ അപമാനിച്ച് പോസ്റ്റിട്ട പ്രിൻസിപ്പലിന്റെ സസ്പെൻഷൻ പിൻവലിക്കാൻ വി.ഡി. സതീശന്റെ നിർദ്ദേശം
തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ ‘തുണികെട്ടി’ നാറ്റിക്കരുത്! തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സര്‍ക്കാര്‍ ഉറക്കത്തില്‍; ഐസിയു ഇല്ലാതെ രോഗികള്‍ നരകിക്കുമ്പോള്‍ തിരുത്തലിന് ആരുമില്ല; ഇത് പാവങ്ങളോടുള്ള ക്രൂരത





