തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് തൊട്ടുമുന്നില്‍ അനാശാസ്യവും ഭീഷണിയും നടന്നെന്ന ആക്ഷേപം ഉയര്‍ന്ന ‘സ്പര്‍ശന്‍ വെല്‍നസ് സ്പാ’ കോര്പ്പറേഷന് പൂട്ടിച്ചെങ്കിലും, സ്പാ ഉടമകളും രാഷ്ട്രീയ ബന്ധമുള്ളവരും സുരക്ഷിതരായി പുറത്തേക്ക്. സ്പാ നടത്തിപ്പിന്റെ പിന്നിലെ ദുരൂഹതകള്‍ നിലനില്‍ക്കെ, പരാതിക്കാരിയായ യുവതി പോലീസില്‍ പരാതി നല്കാന് തയ്യാറാകാത്തത് പലരെയും രക്ഷപ്പെടുത്താനുള്ള നീക്കമാണെന്ന സംശയം ശക്തമാക്കുന്നു.
പാങ്ങോട് സ്വദേശി മനോഹരന്റെ പേരിലാണ് സ്പായുടെ ലൈസന്‍സ് എന്നാണ് രേഖകള്‍ പറയുന്നത്. എന്നാല്‍ പരിശോധനയ്ക്കിടെ സ്പായിലെ ജീവനക്കാരോട് ചോദിച്ചപ്പോള്‍ ഇങ്ങനെയൊരാളെ കുറിച്ച് തങ്ങള്‍ക്ക് അറിയില്ലെന്നാണ് അവര്‍ മൊഴി നല്‍കിയത്. ലൈസന്‍സ് ഒരാളുടെ പേരിലും നടത്തിപ്പ് മറ്റൊരാളും എന്ന ഈ ‘ബെനാമി’ രീതിക്ക് പിന്നില്‍ ബിജെപിയിലെ ഒരു പ്രമുഖ നേതാവിന്റെ വിശ്വസ്തനാണെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ബിജെപിയിലെ പ്രധാന നേതാവിന്റെ വലംകൈയ്യായ നേതാവിനെ രക്ഷിക്കാന്‍ വേണ്ടിയാണോ കേസ് ഇല്ലാതാക്കുന്നതെന്ന ചോദ്യം ഇപ്പോള്‍ ഉയരുന്നുണ്ട്.
അഭിമുഖത്തിനെത്തിയ യുവതിയോട് ഇടപാടുകാരെ കാണിക്കാന്‍ ഫോട്ടോ ആവശ്യപ്പെട്ടെന്നും, വിസമ്മതിച്ചപ്പോള്‍ മര്‍ദ്ദിക്കാന്‍ ശ്രമിച്ചെന്നും യുവതി മേയര്‍ വി.വി. രാജേഷിനോട് ഫോണില്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ സ്പാ അടച്ചുപൂട്ടിയതോടെ തല്ക്കാലം നിയമനടപടികളില്‍ നിന്ന് യുവതി പിന്നാക്കം പോയിരിക്കുകയാണ്. പോലീസില്‍ പരാതി നല്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് യുവതി വ്യക്തമാക്കിയതോടെ സ്പാ ഉടമകള്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ വരാനുള്ള സാധ്യത മങ്ങി. ഇതോടെ സ്ഥാപനം പൂട്ടിയെന്നത് ഒഴിച്ചാല്‍ ഉടമകള്‍ക്കെതിരെ മറ്റ് നടപടികളൊന്നും ഉണ്ടാകില്ല.
രണ്ട് മുറികളുള്ള സ്പായില്‍ ഒരു ഭാഗത്തിന് മാത്രമാണ് ലൈസന്‍സ് ഉണ്ടായിരുന്നത്. പ്രീമിയം വിഭാഗം അനധികൃതമായാണ് പ്രവര്‍ത്തിച്ചിരുന്നത്. മസാജ് ചെയ്യുന്നവര്‍ക്ക് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളോ ജീവനക്കാരുടെ രേഖകളോ അവിടെ ഉണ്ടായിരുന്നില്ല. നഗരത്തിലെ പല സ്പാകളും ഗുണ്ടാസംഘങ്ങളുടെ സംരക്ഷണയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും, റെയ്ഡ് വന്നാല്‍ ഓടി രക്ഷപ്പെടാന്‍ പ്രത്യേക ‘എസ്കേപ്പ് റൂട്ടുകള്‍’ പോലും ഇവര്‍ സജ്ജമാക്കിയിട്ടുണ്ടെന്നും വിവരമുണ്ട്.
മേയര്‍ വി.വി. രാജേഷ് കര്‍ശന നടപടിക്ക് നിര്‍ദ്ദേശം നല്‍കുന്നുണ്ടെങ്കിലും, ബിജെപിക്കുള്ളിലെ ഗ്രൂപ്പ് പോരിന്റെ ഭാഗമായി പൂട്ടിച്ച സ്ഥാപനത്തിലെ ഉടമകളെ രക്ഷിക്കാന്‍ അണിയറയില്‍ ചരടുവലികള്‍ നടക്കുന്നുണ്ടെന്നാണ് സൂചന. പരാതിക്കാരി മൗനം പാലിക്കുന്നതോടെ ഈ വിവാദം സ്ഥാപനം പൂട്ടിയതില്‍ മാത്രം ഒതുങ്ങിത്തീരാനാണ് സാധ്യത.


കേരളത്തിൽ ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; അഞ്ച് ജില്ലകൾക്ക് പുതിയ കളക്ടർമാർ
സ്കൂള്‍ ടൂറിന് വിടാത്തതില്‍ പിണങ്ങി വീടുവിട്ടിറങ്ങി; ഓട്ടോയില്‍ തമ്പാനൂരില്‍ എത്തി; തിരുവനന്തപുരം കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ നടന്നത് ശാസ്ത്രീയ അന്വഷണം; കരമന കരിമുകളിലെ 14-കാരിയെ ഹൈദരാബാദില്‍ കണ്ടെത്തി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി: കേരളാ പോലീസിന് ബിഗ് സല്യൂട്ട്





