സുനില്‍ കുമാര്‍ എന്ന ‘പുലി’ ഇറങ്ങി; ശബരിമലയിലെ കൊള്ളപ്പണം പോസ്റ്റ് ഓഫീസ് വഴി കടത്തിയവർക്കും ദേവസ്വം ലോബിക്കും കുരുക്ക് മുറുകുന്നു; മറ്റൊരു തട്ടിപ്പൂ കൂടി പുറത്ത്

തിരുവനന്തപുരം: ശബരിമലയിലെ ‘സ്‌പോണ്‍സര്‍ കൊള്ള’യും കാണിക്കപ്പണം അടിച്ചുമാറ്റലും പുറത്തുകൊണ്ടുവന്ന ദേവസ്വം വിജിലന്‍സ് എസ്.പി. വി. സുനില്‍ കുമാര്‍ ഐ.പി.എസ് അന്വേഷണം പുതിയ തലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. സന്നിധാനത്ത് ഡ്യൂട്ടിക്കുണ്ടായിരുന്ന ദിവസവേതനക്കാര്‍ മുതല്‍ ദേവസ്വം ബോര്‍ഡിലെ ഉന്നതര്‍ വരെ സുനില്‍ കുമാറിന്റെ നിരീക്ഷണവലയത്തിലാണ്. വമ്പന്‍മാരെപ്പോലും വിശ്വസിക്കാതെ തനിച്ച് തെളിവ് ശേഖരിക്കുന്ന സുനില്‍ കുമാറിന്റെ ശൈലിക്ക് മുന്നില്‍ ദേവസ്വം ലോബിയുടെ കളി മാറുകയാണ്.

ശബരിമലയില്‍ കാണിക്ക പരിപാലനത്തിനും മറ്റുമായി നിയോഗിച്ച ദിവസവേതനക്കാരുടെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ പരിശോധന നടക്കുന്നത്. സീസണ്‍ കഴിഞ്ഞ് മാത്രം ശമ്പളം ലഭിക്കുന്ന ഇവര്‍, ഡ്യൂട്ടി സമയത്ത് ദിവസവും 6,000 രൂപ വരെ നാട്ടിലേക്ക് അയച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. സന്നിധാനത്തെ പോസ്റ്റ് ഓഫീസ് വഴി ഇത്തരത്തില്‍ വന്‍തോതില്‍ പണം അയച്ചിട്ടുണ്ട്. ഭസ്മവും കുങ്കുമവും കലര്‍ന്ന നോട്ടുകളാണ് ഇവര്‍ പോസ്റ്റ് ഓഫീസില്‍ നല്‍കിയിരുന്നതെന്ന ജീവനക്കാരുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. 1 ലക്ഷം മുതല്‍ 2 ലക്ഷം രൂപ വരെ ബാങ്ക് ഇടപാടുകള്‍ നടത്തിയവരുടെ പട്ടിക വിജിലന്‍സ് ശേഖരിച്ചു കഴിഞ്ഞു.

ശബരിമല ദ്വാരപാലക ശില്പങ്ങളില്‍ പൊതിഞ്ഞിരുന്ന ഒന്നര കിലോ സ്വര്‍ണ്ണത്തില്‍ ഒരു കിലോയോളം കാണാതായ സംഭവം പുറംലോകമറിഞ്ഞത് സുനില്‍ കുമാറിന്റെ പഴുതടച്ച നീക്കങ്ങളിലൂടെയാണ്. ദേവസ്വം ബോര്‍ഡിലെ കീഴ് ഉദ്യോഗസ്ഥരെപ്പോലും കൂട്ടുപിടിക്കാതെ അദ്ദേഹം നടത്തിയ രഹസ്യ അന്വേഷണമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വീട്ടില്‍ നിന്നും കാണാതായ ‘താങ്ങു പീഠം’ കണ്ടെത്തുന്നതിലേക്ക് നയിച്ചത്. സ്വന്തം റിപ്പോര്‍ട്ടുകള്‍ ആര്‍ക്കും വിട്ടുനല്‍കാരെ സ്വയം തയ്യാറാക്കുന്ന സുനില്‍ കുമാര്‍, ഹൈക്കോടതിയില്‍ നേരിട്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. ഇതോടെയാണ് മുന്‍ പ്രസിഡന്റ് വാസു അടക്കമുള്ളവര്‍ പ്രതിക്കൂട്ടിലായത്.

രാഷ്ട്രപതിയുടെ മെഡല്‍ ജേതാവായ സുനില്‍ കുമാര്‍, നാനോ എക്‌സല്‍ തട്ടിപ്പ്, സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസ് തുടങ്ങിയവയില്‍ നിര്‍ണ്ണായക ട്വിസ്റ്റുകള്‍ ഉണ്ടാക്കിയ ഉദ്യോഗസ്ഥനാണ്. സപ്ലൈകോയില്‍ ഇരിക്കെ ഐ.പി.എസ് ലഭിച്ച അദ്ദേഹം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെത്തിയതോടെ അഴിമതിക്കാര്‍ക്ക് ഉറക്കമില്ലാത്ത രാത്രികളാണ് സമ്മാനിക്കുന്നത്.
ബോര്‍ഡ് അധികൃതരുമായി ഒത്തുപോകാതെ നീതിക്ക് വേണ്ടി മാത്രം നിലകൊള്ളുന്ന സുനില്‍ കുമാറിന്റെ റിപ്പോര്‍ട്ടുകള്‍ ശബരിമലയിലെ അഴിമതിക്ക് അന്ത്യം കുറിക്കുമെന്നാണ് വിലയിരുത്തല്‍.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.