തിരുവനന്തപുരം :ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അന്വേഷണം കൂടുതല്‍ ശക്തമാകുന്നു. യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന് പിന്നാലെ ആന്റോ ആന്റണി എം.പിയെയും ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു.
മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റിയുമായുള്ള ബന്ധം വ്യക്തമാക്കുന്നതിനാണ് ആന്റോ ആന്റണിയുടെ മൊഴി രേഖപ്പെടുത്തുന്നത്.സോണിയാ ഗാന്ധിയുമായുള്ള ഉണ്ണികൃഷ്ണന് പോറ്റിയുടെ കൂടിക്കാഴ്ചയില്‍ അടൂര്‍ പ്രകാശിനൊപ്പം ആന്റോ ആന്റണിയും പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഈ കൂടിക്കാഴ്ചയുടെ പശ്ചാത്തലമാണ് എസ്.ഐ.ടി പ്രധാനമായും പരിശോധിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന.
ശനിയാഴ്ച ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നടന്ന ചോദ്യം ചെയ്യലില്‍ അടൂര്‍ പ്രകാശിന്റെ മൊഴിയെടുത്തിരുന്നു. ഉണ്ണികൃഷ്ണന് പോറ്റിയുമായി തനിക്ക് യാതൊരുവിധ സാമ്പത്തിക ഇടപാടുകളുമില്ലെന്നാണ് അടൂര്‍ പ്രകാശ് മൊഴി നല്‍കിയത്.
സ്വന്തം വീട്ടിലും ബംഗളൂരുവിലും വെച്ച് പോറ്റിയെ കണ്ടിട്ടുണ്ട്. ഇതെല്ലാം പോറ്റിയുടെ ക്ഷണം സ്വീകരിച്ച് നടത്തിയ കൂടിക്കാഴ്ചകളായിരുന്നു. എന്നാല്‍ ഇതിന്റെ കൃത്യമായ തീയതികള്‍ ഓര്‍മ്മയില്ല. ഡല്‍ഹിയിലേക്ക് പോയതും സോണിയാ ഗാന്ധിയെ കണ്ടതും പോറ്റിയുടെ താല്പര്യപ്രകാരമായിരുന്നൂവെന്നാണ് മൊഴി.
യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ അന്വേഷണം നീങ്ങുന്നത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെക്കും. ഇതിനിടെ, മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റി ജയില്‍ മോചിതനായ സാഹചര്യത്തില്‍ അന്വേഷണം അട്ടിമറിക്കപ്പെടുന്നു എന്ന ആരോപണവുമായി പ്രതിപക്ഷം സമരരംഗത്തുണ്ട്.


2018ലേത് ‘മനുഷ്യനിര്‍മ്മിത’ പ്രളയം; മുന്മന്ത്രിയെ വെട്ടിലാക്കി മന്ത്രി കൃഷ്ണന്‍കുട്ടിയുടെ ശബ്ദരേഖ; കരിമണല്‍ ലോബിക്കായി അട്ടിമറിയെന്ന് ആരോപണം; ഓഡിയോയുമായി കുഴല്നാടന്
നേതൃത്വത്തിന് അണികളില്‍ നിന്നും പ്രാദേശിക നേതാക്കളില്‍ നിന്നും രൂക്ഷവിമര്‍ശനം; മികച്ച സംഘാടനം ഉണ്ടായിരുന്നെങ്കില്‍ പത്ത് സീറ്റുകള്‍ വരെ വിജയിക്കാവുന്ന സാഹചര്യം സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേട് മൂലം ഇല്ലാതായോ? ബിജെപി എത്ര സീറ്റില്‍ ജയിക്കും?





