കൊച്ചി മെട്രോയില്‍ എഐ വിപ്ലവം കൊണ്ടു വരുന്ന മെട്രോയിലെ ‘സൂപ്പര്‍മാന്‍’; ബെഹ്റ മാജികില്‍ ഇനി പാത സ്മാര്‍ട്ട് സിറ്റിയിലേക്കും; വരുന്നു വിമാനത്താവള മെട്രോയെന്ന മൂന്നാം ഘട്ടം; തീവ്രാവാദികളെ വിറപ്പിച്ച അന്വേഷകന്‍ ഇന്ന് കൊച്ചിയുടെ പ്രിയങ്കരന്‍; ലോക്‌നാഥ് ബെഹ്‌റയെ കേരളം സല്യൂട്ട് ചെയ്യുമ്പോള്‍

കൊച്ചി: വിവാദങ്ങളുടെ കരിനിഴലില്ലാതെ, കൃത്യതയുടെയും വേഗതയുടെയും ‘പോലീസ് കണ്ണ്’ പതിഞ്ഞതോടെ കൊച്ചി മെട്രോ ലോകോത്തര നിലവാരത്തിലേക്ക് കുതിക്കുന്നു. മെട്രോ തലവനായി മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റ ചുമതലയേറ്റ ശേഷം കൊച്ചി മെട്രോ കൈവരിക്കുന്നത് സമാനതകളില്ലാത്ത നേട്ടങ്ങളാണ്. പാത നീട്ടലും വാട്ടര്‍ മെട്രോയുടെ വിജയവും കഴിഞ്ഞ് ഇപ്പോള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്  എന്ന പുതിയ വിപ്ലവത്തിലേക്കാണ് ബെഹ്റ മെട്രോയെ നയിക്കുന്നത്. ഐടി ഹബ്ബായ കാക്കനാട് മേഖലയുടെ വികസനത്തിന് പുത്തന്‍ ഉണര്‍വേകി, കൊച്ചി മെട്രോ രണ്ടാം ഘട്ടം ഇന്‍ഫോപാര്‍ക്കും കടന്ന് സ്മാര്‍ട്ട് സിറ്റിയിലേക്ക് നീട്ടാനുള്ള സര്‍ക്കാരിന്റെ നിര്‍ണ്ണായക അംഗീകാരവും ഇപ്പോള്‍ ലഭിച്ചു കഴിഞ്ഞു.

രണ്ടാം ഘട്ട പാതയ്ക്കായുള്ള സ്ഥലം കണ്ടെത്തല്‍ നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ഈ ഡിസംബറോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ജെഎല്‍എന്‍ സ്റ്റേഡിയം മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെയുള്ള പാത സ്മാര്‍ട്ട് സിറ്റി കൂടി ഉള്‍ക്കൊള്ളുന്നതോടെ പതിനായിരക്കണക്കിന് ഐടി ജീവനക്കാരുടെ യാത്രാദുരിതത്തിന് അറുതിയാകും. ഇതിനു പിന്നാലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തെ മെട്രോയുമായി ബന്ധിപ്പിക്കുന്ന മൂന്നാം ഘട്ടത്തിന്റെ വിശദമായ പദ്ധതി രേഖ (ഉജഞ) മാര്‍ച്ച് 14-ന് സമര്‍പ്പിക്കും. മൂന്നാം ഘട്ടത്തില്‍ എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനായി ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സുമായി കൈകോര്‍ത്ത് ബെഹ്റ വിസ്മയം തീര്‍ക്കുകയാണ്.

രാജഗിരി എഞ്ചിനീയറിംഗ് കോളേജിന്റെ സാങ്കേതിക സഹായവും പദ്ധതിക്കുണ്ടാകും. കൊച്ചി മെട്രോയുടെ വിജയകരമായ ഈ മാതൃക തിരുവനന്തപുരത്തും കോഴിക്കോട്ടും നടപ്പിലാക്കാനുള്ള ലക്ഷ്യത്തിലേക്കും ബെഹ്റയുടെ നേതൃത്വം വഴിതുറക്കുന്നു. വാട്ടര്‍ മെട്രോ കേരളത്തിന് അഭിമാനമായി മാറിയതുപോലെ, എഐ കൂടി എത്തുന്നതോടെ കൊച്ചി മെട്രോ പുതിയ തലത്തിലേക്ക് ഉയരും. ഒരു മുന്‍ പോലീസ് മേധാവിയുടെ കൃത്യനിഷ്ഠയോടെ ബെഹ്റ നടത്തുന്ന ഈ നീക്കങ്ങള്‍ കൊച്ചിയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുമെന്ന് ഉറപ്പാണ്. മെട്രോയിലെ വിസ്മയ കുതിപ്പിന് പിന്നില്‍ കൊച്ചി മെട്രോ എംഡി എന്ന നിലയില്‍ ബെഹ്റയുടെ പ്രവര്‍ത്തനം സമാനതകളില്ലാത്തതാണ്.

ഐടി ഹബ്ബായ കാക്കനാട് മേഖലയുടെ വികസനത്തിന് പുത്തന്‍ ഉണര്‍വേകി രണ്ടാം ഘട്ടം ഇന്‍ഫോപാര്‍ക്കും കടന്ന് സ്മാര്‍ട്ട് സിറ്റിയിലേക്ക് നീട്ടാനുള്ള സര്‍ക്കാരിന്റെ നിര്‍ണ്ണായക അംഗീകാരം അദ്ദേഹം നേടിയെടുത്തു. ഇതിനുപുറമെ, കൊച്ചി വിമാനത്താവളത്തെ മെട്രോയുമായി ബന്ധിപ്പിക്കുന്ന മൂന്നാം ഘട്ടത്തിന്റെ ഡിപിആര്‍ മാര്‍ച്ച് 14-ന് സമര്‍പ്പിക്കാനിരിക്കുകയാണ്. എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താന്‍ ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സുമായി കൈകോര്‍ക്കുന്ന ബെഹ്റ, കൊച്ചി മെട്രോയെ സാങ്കേതിക വിപ്ലവത്തിലേക്ക് നയിക്കുകയാണ്.

1985 കേഡര്‍ ഐപിഎസ് ഓഫീസറായ ബെഹ്റ, ഗ്രഹാം സ്‌റ്റൈനിന്റെ കൊലപാതകം, മുംബൈ ഭീകരാക്രമണം തുടങ്ങിയ അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിച്ച കേസുകള്‍ അന്വേഷിച്ച ഉദ്യോഗസ്ഥനാണ്. എന്‍ഐഎയുടെ രൂപീകരണ ഘട്ടത്തില്‍ ഓപ്പറേഷന്‍സ് മേധാവിയായിരുന്നു. ഗുജറാത്തിലെ ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഡേവിഡ് ഹെഡ്ലിയെ ചോദ്യം ചെയ്ത് ബെഹ്റ നല്‍കിയ റിപ്പോര്‍ട്ട് നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ക്ലീന്‍ ചിറ്റ് ലഭിക്കുന്നതില്‍ നിര്‍ണ്ണായകമായിരുന്നു. ഇതാണ് മോദി-അമിത് ഷാ കൂട്ടുകെട്ടും പിണറായി വിജയനും തമ്മിലുള്ള കണ്ണി ബെഹ്റയാണെന്ന ആരോപണത്തിന് പ്രതിപക്ഷം അടിസ്ഥാനമാക്കുന്നത്.

കെ. കരുണാകരന്റെ കാലം മുതല്‍ ഭരണനേതൃത്വവുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നതാണ് ബെഹ്റയുടെ രീതി. പിണറായി വിജയന്‍ മുഖ്യമന്ത്രിയായപ്പോള്‍ ടി.പി. സെന്‍കുമാറിനെ മാറ്റി ബെഹ്റയെ ഡിജിപിയാക്കിയതും, വിരമിച്ച ഉടന്‍ മെട്രോ എംഡി സ്ഥാനം നല്‍കിയതും ഈ വിശ്വാസത്തിന്റെ തെളിവാണ്. മോന്‍സന്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസില്‍ പ്രതിക്കൂട്ടിലായിട്ടും സര്‍ക്കാരിന്റെ സംരക്ഷണം അദ്ദേഹത്തിനുണ്ടായിരുന്നു. കൊച്ചി കമ്മീഷണറായിരുന്ന കാലം മുതല്‍ പത്മജ വേണുഗോപാലുമായുള്ള സൗഹൃദമാണ് പത്മജയുടെ രാഷ്ട്രീയ മാറ്റത്തിന് പിന്നിലെ പ്രധാന ഘടകമായി കോണ്‍ഗ്രസ് ചൂണ്ടിക്കാണിക്കുന്നത്.

പിണറായി വിജയന്‍ മുഖ്യമന്ത്രിയായപ്പോഴാണ് ബെഹ്‌റ സംസ്ഥാന പോലീസ് മേധാവിയുടെ കസേരയിലെത്തിയത്. അവിടെ നിന്ന് വിരമിച്ചപ്പോള്‍ കൊച്ചി മെട്രോ എംഡിയാക്കി. 1985 കേഡര്‍ ഐപിഎസ് ഓഫീസറായ ബെഹ്‌റ അന്വേഷണത്തിലും സംഘാടനത്തിലും മികവ് പുലര്‍ത്തുന്ന ഉദ്യോഗസ്ഥനായാണ് വിലയിരുത്തപ്പെടുന്നത്. കേരള പോലീസില്‍ എഎസ്പിയായാണ് തുടക്കം. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ കമ്മീഷണര്‍, വിജിലന്‍സ് ഡയറക്ടര്‍ ഇങ്ങനെ പടിപടിയായി ഉയര്‍ന്നാണ് പോലീസ് മേധാവി വരെയായത്.

പിണറായി വിജയന്‍ മുഖ്യമന്ത്രിയായി എത്തിയപ്പോള്‍ അന്നത്തെ പോലീസ് മേധാവിയായിരുന്ന ടി.പി.സെന്‍കുമാറിനെ മാറ്റി ബെഹ്‌റയെ ആ കസേരയില്‍ ഇരുത്തി. എന്നാല്‍ സെന്‍കുമാര്‍ കോടതിയില്‍ നിന്ന് അനുകൂല വിധി നേടി തിരികെയെത്തി. സെന്‍കുമാര്‍ വിരമിച്ചപ്പോള്‍ വീണ്ടും ബെഹ്‌റയെ തന്നെ ആ സ്ഥാനത്തേക്ക് പിണറായി മടക്കി കൊണ്ടുവന്നു. ഒപ്പം ചരിത്രത്തിലാദ്യമായി വിജിലന്‍സിന്റെ ചുമതല കൂടി കൊടുത്തു. കേന്ദ്ര ഏജന്‍സികളിലും ബെഹ്‌റയുടെ ടച്ച് ഉണ്ടായി. ഏറെ വിവാദമായ കേസുകളാണ് കേന്ദ്ര ഏജന്‍സിയുടെ ഭാഗമായിരുന്ന് ബെഹ്‌റ കൈകാര്യം ചെയ്തത്.

സിബിഐയില്‍ എസ്പിയായാണ് ഡല്‍ഹിയിലെ പ്രവര്‍ത്തനം തുടങ്ങിയത്. ഹിന്ദുത്വവാദികള്‍ ചുട്ടുകൊന്ന ക്രിസ്ത്യന്‍ മിഷ്ണറി ഗ്രഹാം സ്റ്റൈനിന്റെ കൊലപാതകം, മുംബൈയിലെ ഭീകരാക്രമണം തുടങ്ങിയ വലിയ കേസുകളാണ് ബെഹ്‌റ അന്വേഷിച്ചത്. 2009ല്‍ എന്‍ഐഎ എന്ന ദേശീയ അന്വേഷണ ഏജന്‍സി രൂപീകരിച്ചപ്പോള്‍ തന്നെ ഓപ്പറേഷന്‍സ് മേധാവിയായി ബെഹ്‌റ ഉണ്ടായിരുന്നു. തീവ്രവാദികള്‍ക്കുള്ള സാമ്പത്തിക സഹായം അന്വേഷിക്കുന്ന എന്‍ഐഎയിലെ വിഭാഗത്തെ നയിച്ചതും ബെഹ്‌റയായിരുന്നു.

2004ല്‍ നടന്ന് അഹമ്മദാബാദ് വ്യാജ ഏറ്റുമുട്ടല്‍ കേസ് ബെഹ്‌റയ്ക്ക് നിര്‍ണായകമായിരുന്നു. മുംബൈ സ്ഫോടനക്കേസില്‍ അമേരിക്കയില്‍ പിടിയിലായ ലഷ്‌കറെ തൊയ്ബ ഭീകരന്‍ ഡേവിഡ് ഹെഡ്‌ലിയെ അവിടെയെത്തി ചോദ്യംചെയ്യാന്‍ നിയോഗിക്കപ്പെട്ടത് ലോക്‌നാഥ് ബെഹ്‌റയായിരുന്നു. നേരത്തെ കൊച്ചി കമ്മിഷണറായിരുന്ന സമയത്ത് അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനുമായി ഏറ്റവും അടുപ്പമുള്ള ഉദ്യോഗസ്ഥനായിരുന്നു ബെഹ്‌റ.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.