മുരാരി ബാബുവിന്റെ മൊഴി തള്ളി ഇഡി; പെരുന്നയിലെ ‘കൊട്ടാരം’ ഉയര്‍ന്നതെങ്ങനെ? വരുമാന സ്രോതസ്സില്‍ പൊരുത്തക്കേടുകള്‍; ശബരിമലയില്‍ ഇഡി രണ്ടും കല്‍പ്പിച്ച്

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്‍പില്‍ ഹാജരായ മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന്റെ മൊഴി തള്ളി അന്വേഷണ സംഘം. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍ നിന്ന് തനിക്ക് സാമ്പത്തിക നേട്ടമുണ്ടായിട്ടില്ലെന്നും അനധികൃതമായി ഒരു രൂപ പോലും സമ്പാദിച്ചിട്ടില്ലെന്നുമായിരുന്നു മുരാരി ബാബുവിന്റെ മൊഴി. എന്നാല്‍, ഈ അവകാശവാദങ്ങള്‍ പച്ചക്കള്ളമാണെന്ന് തെളിയിക്കുന്ന കണ്ടെത്തലുകളാണ് ഇഡിക്കുള്ളത്.
ദേവസ്വം ബോര്‍ഡിലെ ജോലിയില്‍ നിന്നുള്ള വരുമാനവും കുടുംബത്തിന്റെ സാമ്പത്തിക പശ്ചാത്തലവും പരിശോധിച്ച ഇഡിക്ക്, മുരാരി ബാബുവിന്റെ ആഡംബര ജീവിതവും കൊട്ടാരം പോലുള്ള വീടും തമ്മില്‍ പൊരുത്തപ്പെടുന്നില്ലെന്ന് ബോധ്യപ്പെട്ടു. മുരാരി ബാബുവിന്റെ കുടുംബത്തിന് അമിതമായ സാമ്പത്തിക സ്ഥിതി ഉണ്ടായിരുന്നില്ലെന്നിരിക്കെ, വലിയ മുതല്‍മുടക്ക് വേണ്ടിവന്ന സ്വത്തുക്കളുടെ ഉറവിടം വ്യക്തമാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. പെരുന്നയിലാണ് വീട്.
സ്വര്‍ണ്ണക്കൊള്ള നടന്നു എന്ന് സംശയിക്കുന്ന കാലയളവില്‍ തന്നെയാണ് ഈ സാമ്പത്തിക വളര്‍ച്ചയും ഉണ്ടായതെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. എസ്‌ഐടി രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം ലഭിച്ച മുരാരി ബാബു ഇന്നലെ രാവിലെ പത്തിനാണ് കടവന്ത്രയിലെ ഇഡി ഓഫീസില്‍ ഹാജരായത്. രേഖകള്‍ ഹാജരാക്കാന്‍ തയ്യാറാണെന്ന് അറിയിച്ചെങ്കിലും വീടിന്റെയും മറ്റു സ്വത്തുക്കളുടെയും നിര്‍മ്മാണത്തിന് ഉപയോഗിച്ച പണത്തിന്റെ സ്രോതസ്സ് വെളിപ്പെടുത്തുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു.
മറ്റൊരു മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ്. ശ്രീകുമാറിനും ഈയാഴ്ച ഹാജരാകാന്‍ ഇഡി നോട്ടീസ് നല്‍കിയിട്ടുണ്ട്.
പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്ന സാഹചര്യത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് ഇഡിയും പ്രത്യേക അന്വേഷണ സംഘവും. വിഎസ്എസ്സിയില്‍ നിന്നുള്ള ശാസ്ത്രീയ പരിശോധനാ ഫലം കൂടി ലഭിക്കുന്നതോടെ കൊള്ളയടിക്കപ്പെട്ട സ്വര്‍ണ്ണത്തിന്റെ കൃത്യമായ അളവ് വ്യക്തമാകുമെന്നും അതോടെ മുരാരി ബാബു ഉള്‍പ്പെടെയുള്ളവരുടെ പങ്ക് കൂടുതല്‍ വെളിപ്പെടുമെന്നുമാണ് സൂചന.
മുന്‍ മന്ത്രി കടകംപളളി സുരേന്ദ്രന്റെ ഇടപാടുകള്‍ അടക്കം പരിശോധിക്കുന്നുണ്ട് ഇഡി. ഈ സാഹചര്യത്തില്‍ ഗൗരവത്തിലൂടെ കാര്യങ്ങളെടുക്കുമെന്നാണ് സൂചന.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.