‘ആറ്റുകാൽ പൊങ്കാല മാർച്ച് മൂന്നിന്‌; ” ചന്ദ്രഗ്രഹണം” കാരണം ദർശന സമയം കുറയുന്നതിന് പരിഹാരം കാണാൻ നിർദേശം|Attukal Pongala 2026

 തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ദിവസം  ചന്ദ്രഗ്രഹണം അനുഭവപ്പെടുന്നത് ഭക്തർക്ക്  ക്ഷേത്രത്തിലെ ദർശന സമയം നാല് മണിക്കൂറോളം കുറയുന്ന സാഹചര്യത്തിൽ, തിരക്ക് നിയന്ത്രിക്കാനും ഭക്തരുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കാനുമുള്ള കർശന നടപടികൾ സ്വീകരിക്കാൻ മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. മാർച്ച് നാലിനാണ് ലോകപ്രശസ്തമായ ആറ്റുകാൽ പൊങ്കാല നടക്കുന്നത്. ദർശനത്തിനായി കാത്തുനിൽക്കുന്ന ഭക്തർക്ക് വെയിൽ ഏൽക്കാതിരിക്കാൻ അവിട്ടം തിരുനാൾ ലൈബ്രറി മുതൽ ക്ഷേത്ര കവാടം വരെ പ്രത്യേക പന്തൽ നിർമ്മിക്കണമെന്ന പൊലീസിന്റെ ആവശ്യം സർക്കാർ അംഗീകരിച്ചു. ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി ക്ഷേത്രപരിസരത്തെ 28 വാർഡുകളെ പ്രത്യേക ഉത്സവ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഭക്തരുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും മുൻഗണന നൽകിക്കൊണ്ട് വിപുലമായ പരിശോധനകളാണ് ഇത്തവണ ആസൂത്രണം ചെയ്തിരിക്കുന്നത്. പൊങ്കാലയുടെ ഭാഗമായി വിതരണം ചെയ്യുന്ന ശുദ്ധജലത്തിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യമുണ്ടോ എന്ന് കണ്ടെത്താൻ ഭക്ഷ്യസുരക്ഷാ-ആരോഗ്യ വിഭാഗങ്ങളുടെ സംയുക്ത പരിശോധനയുണ്ടാകും. ക്ഷേത്രപരിസരത്തെ കടകളിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ കർശന നിരീക്ഷണം നടത്തും. കച്ചവടത്തിനായി എത്തുന്നവർ കോർപ്പറേഷന്റെ രജിസ്ട്രേഷൻ എടുക്കണമെന്ന് നിർബന്ധമാക്കിയിട്ടുണ്ട്. കൂടാതെ, ഉത്സവത്തോടനുബന്ധിച്ച് പൊങ്കാലയുടെ തലേദിവസം വൈകുന്നേരം 6 മണി മുതൽ പിറ്റേന്ന് വൈകുന്നേരം 6 മണി വരെ നഗരത്തിൽ മദ്യനിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.
ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി കെഎസ്ആർടിസിയും പൊലീസും ചേർന്ന് പ്രത്യേക സർവീസ് ക്രമീകരണങ്ങൾ തയ്യാറാക്കും. തിരുവനന്തപുരം മേയർ വി.വി. രാജേഷ്, ദേവസ്വം സെക്രട്ടറി എം.ജി. രാജമാണിക്യം, സിറ്റി പോലീസ് കമ്മീഷണർ കെ. കാർത്തിക് എന്നിവർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. ലക്ഷക്കണക്കിന് സ്ത്രീകൾ എത്തുന്ന പൊങ്കാല മഹോത്സവം ഗ്രഹണ സമയത്തെ ദർശന നിയന്ത്രണങ്ങൾക്കിടയിലും സുരക്ഷിതമായി പൂർത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.