വെഞ്ഞാറമൂട് കൊലപാതകം: അകന്നകന്ന മകനെ അച്ഛന്‍ ഇനിയും ചേര്‍ത്തു പിടിക്കുമോ? സിനിമയ്‌ക്കെതിരായ നിയമപോരാട്ടം കുടുംബത്തിന്റെ തിരിച്ചറിവില്‍ നിന്ന്

kaalam paranja kadha
കൊച്ചി: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തെ ആസ്പദമാക്കി ചിത്രീകരിച്ചതാണെന്ന് ആരോപിക്കപ്പെടുന്ന ‘കാലം പറഞ്ഞ കഥ’ എന്ന സിനിമയുടെ റിലീസ് തടയാന്‍ കേരള ഹൈക്കോടതി വിസമ്മതിക്കുമ്പോള്‍ നിരാശയിലാകുന്നത് കുടുംബം. കേസില്‍ വിചാരണ നടക്കാനിരിക്കെ സിനിമ പുറത്തിറങ്ങുന്നത് മാധ്യമവിചാരണയ്ക്ക് വഴിതെളിക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രതിയുടെ പിതാവ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഈ തീരുമാനം.
കേസിലെ ഏക പ്രതിയായ അഫാന്റെ പിതാവ് അബ്ദുല്‍ റഹ്‌മാനാണ് കോടതിയെ സമീപിച്ചത്.  സിനിമയുടെ റിലീസ് നിഷ്പക്ഷമായ വിചാരണയെ ബാധിക്കുമെന്നും മാധ്യമങ്ങള്‍ ഇത് ചര്‍ച്ചയാക്കുമെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. സിനിമയുടെ റിലീസ് തല്‍ക്കാലം തടയാത്ത കോടതി, വിഷയത്തില്‍ സെന്‍സര്‍ ബോര്‍ഡിന്റെ വിശദീകരണം തേടിയിട്ടുണ്ട്. തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ വിചാരണ നടപടികള്‍ ആരംഭിക്കാനിരിക്കെയാണ് സിനിമയുമായി ബന്ധപ്പെട്ട ഈ തര്‍ക്കം കോടതിയിലെത്തിയത്. സെഷന്‍സ് കോടതിയിലെ വിചാരണ കാലത്തും അഫാന് പിന്തുണയുമായി കുടുംബം എത്തുമോ എന്നതാണ് ഉയരുന്ന ചോദ്യം.
വെഞ്ഞാറമൂട് അഞ്ചുപേര്‍ കൊല്ലപ്പെട്ട കേസിലെ ഏക പ്രതി അഫാനെ കുടുംബം തിരിച്ചറിഞ്ഞത് ജയിലിനുള്ളിലെ നിശബ്ദതയില്‍ നിന്നാണ്. കൊല നടത്തിയ മകനോട് പിതാവ് അബ്ദുല്‍ റഹ്‌മാന്‍ പുലര്‍ത്തിയത് കടുത്ത വിരോധമായിരുന്നു.  മകനെ കുടുംബത്തില്‍ നിന്ന് തന്നെ ഏതാണ്ട് മാറ്റിനിര്‍ത്തിയ അവസ്ഥ. എന്നാല്‍, അഫാന്‍ അഞ്ചുപേരുടെ ജീവനെടുത്ത ക്രൂരതയ്ക്ക് പിന്നില്‍ മാനസികമായ അസ്വാസ്ഥ്യങ്ങള്‍ കൂടി ഉണ്ടായിരുന്നു എന്ന ഡോക്ടര്‍മാരുടെ വെളിപ്പെടുത്തലിലാണ് കുടുംബം അവനെ വീണ്ടും ചേര്‍ത്തുപിടിക്കാന്‍ തീരുമാനിച്ചത്.
വിചാരണ തടവിലിരിക്കെ ആത്മഹത്യയ്ക്ക് ശ്രമിച്ച അഫാനെ മെഡിക്കല്‍ കോളേജില്‍ വെച്ച് കാണാന്‍ ആദ്യമൊന്നും പിതാവ് തയ്യാറായിരുന്നില്ല. ഒടുവില്‍ ഡോക്ടര്‍മാരുടെ നിര്‍ബന്ധത്തിന് വഴങ്ങി കണ്ടപ്പോഴാണ് അഫാന്റെ മാനസികാവസ്ഥ കുടുംബം തിരിച്ചറിഞ്ഞത്. ഇതോടെയാണ് അവനെ ഒറ്റപ്പെടുത്തി തെരുവിലേക്ക് എറിയാതെ, ചികിത്സയും നല്‍കി മകനെന്ന നിലയില്‍ കൂടെ നിര്‍ത്താന്‍ പിതാവ് തീരുമാനിച്ചത്. ഈ തിരിച്ചറിവില്‍ നിന്നാണ് ‘കാലം പറഞ്ഞ കഥ’ എന്ന സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതിയില്‍ എത്തിയത്.
വിചാരണ തുടങ്ങാനിരിക്കെ സിനിമ പുറത്തിറങ്ങുന്നത് മകന്റെ മാനസികാവസ്ഥയെക്കുറിച്ചുള്ള തെറ്റായ പൊതുബോധം നിര്‍മ്മിക്കുമെന്നും ഇത് നീതിപൂര്‍വ്വമായ വിചാരണയെ ബാധിക്കുമെന്നും കുടുംബം ആശങ്കപ്പെടുന്നു. സിനിമയിലൂടെയുള്ള മാധ്യമവിചാരണ മകനെ വീണ്ടും തളര്‍ത്തുമെന്ന ഭീതിയിലാണ് അബ്ദുല്‍ റഹ്‌മാന്‍ കോടതിയെ സമീപിച്ചത്. എന്നാല്‍, റിലീസ് തടയാനാവില്ലെന്ന ഹൈക്കോടതിയുടെ നിലപാട് ഈ കുടുംബത്തിന് പുതിയ തിരിച്ചടിയായി മാറുകയാണ്.
ഒരു കുടുംബത്തെ ഒന്നടങ്കം ഇല്ലാതാക്കിയ ക്രൂരതയുടെ പാപഭാരം പേറുന്ന മകനെ, അവന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞു കൊണ്ട് നിയമത്തിന് മുന്നില്‍ സംരക്ഷിക്കാനുള്ള ഒരു പിതാവിന്റെ അവസാന ശ്രമമാണ് ഈ ഹര്‍ജി. ഫെബ്രുവരി ആറിന് ചിത്രം റിലീസ് ചെയ്യാനിരിക്കെ, മകന് നീതി ലഭിക്കുമോ എന്ന ആശങ്കയിലാണ് വെഞ്ഞാറമൂട്ടെ ഈ കുടുംബം.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.