തിരുവനന്തപുരം: തിരുവനന്തപുരത്ത് കോവളത്തെ ബാര്‍ ഹോട്ടലില്‍ യൂണിഫോമിലെത്തി മദ്യസല്‍ക്കാരത്തില്‍ പങ്കെടുത്ത എക്സൈസ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെയുള്ള മൂന്ന് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത് തെളിവുകളുടെ അടിസ്ഥാനത്തില്‍. 2026 ജനുവരി 29-നാണ് എക്സൈസ് കമ്മീഷണര്‍ (ഭരണം) ജെ. കിഷോര്‍ കുമാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
എക്സൈസ് ഇന്‍സ്പെക്ടര്‍ വി.ജി. സുനില്‍കുമാര്‍, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ആശ ആര്.എസ്., അഞ്ജന ജി. നായര്‍ എന്നിവരാണ് നടപടി നേരിട്ടത്. കോവളത്തെ ഡയമണ്ട് പാലസ് (FL3-71) എന്ന ബാര്‍ ഹോട്ടലിലായിരുന്നു മദ്യസല്‍ക്കാരം നടന്നത്. തിരുവനന്തപുരം എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടറായിരിക്കെ വി.ജി. സുനില്‍കുമാറും മറ്റ് രണ്ട് വനിതാ ഓഫീസര്‍മാരും ഔദ്യോഗിക യൂണിഫോമില്‍ ഹോട്ടലിലെത്തുകയും ബാര്‍ ലൈസന്‍സി നല്കിയ മദ്യസല്‍ക്കാരത്തില്‍ പങ്കെടുക്കുകയും ചെയ്തുവെന്ന് എക്സൈസ് വിജിലന്‍സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
നിയമലംഘനം, കൃത്യനിര്‍വ്വഹണത്തിലെ വീഴ്ച, അധികാര ദുര്‍വിനിയോഗം, അച്ചടക്ക ലംഘനം എന്നിവ വഴി വകുപ്പിന്റെ സല്‍പ്പേരിന് ഉദ്യോഗസ്ഥര്‍ കളങ്കമുണ്ടാക്കിയെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. നിലവില്‍ വാടാനപ്പള്ളി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടറായി ജോലി ചെയ്തു വരികയായിരുന്നു വി.ജി. സുനില്‍കുമാര്‍. ഇവര്‍ക്കെതിരെ 1960-ലെ കേരള സിവില്‍ സര്‍വീസ് ചട്ടപ്രകാരമാണ് അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്. സല്‍ക്കാരത്തില്‍ ഇവര്‍ വൈന്‍ കഴിച്ചെന്നും നടപടി ഉത്തരവില്‍ പറയുന്നു.
2022ല്‍ ഇവര്‍ തിരുവനന്തപുരം റേഞ്ചില്‍ ജോലി ചെയ്യുമ്പോഴാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. കോവളത്തെ ഡയമണ്ട് പാലസ് എന്ന ബാര്‍ ഹോട്ടലില്‍ പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥര്‍ ബാറുടമ ഒരുക്കിയ മദ്യസല്‍ക്കാരത്തില്‍ പങ്കെടുക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ മദ്യസല്‍ക്കാരത്തില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ സഹിതമാണ് എക്സൈസ് കമ്മീഷണര്‍ക്ക് പരാതി ലഭിച്ചത്. ഉദ്യോഗസ്ഥരെ സല്‍ക്കരിച്ച വിവരം ബാര്‍ ഉടമയും സ്ഥിരീകരിച്ചിട്ടുണ്ട്.
തങ്ങളുടെ അധികാരപരിധിയിലുള്ള ബാറുകളില്‍ ഇത്തരം സല്‍ക്കാരങ്ങളില്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കാന്‍ പാടില്ലെന്ന വകുപ്പുതല ചട്ടം ഇവര്‍ ലംഘിച്ചു. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരെ സല്‍ക്കരിച്ച ബാര്‍ ഉടമയ്ക്കെതിരേയും കര്‍ശന നടപടിയുണ്ടാകും. സംഭവം നടന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്.
വകുപ്പുതല അന്വേഷണം ആരംഭിച്ചതിനെ തുടര്‍ന്നാണ് ഇന്‍സ്പെക്ടര്‍ സുനില്‍കുമാറിനെ വാടാനപ്പള്ളിയിലേക്ക് (തൃശ്ശൂര്‍) സ്ഥലം മാറ്റിയിരുന്നത്. വിജിലന്‍സ് റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് ഇപ്പോള്‍ മൂവരെയും സര്‍വീസില്‍ നിന്ന് നീക്കിയത്.


Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഇടിച്ചു വീഴ്ത്തിയിട്ടും ഥാര്‍ പിറകോട്ടെടുത്തു; കൊന്നത് മനപ്പൂര്‍വ്വം; കിളിമാനൂരില്‍ ഥാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരായ ദമ്പതികള്‍ മരിച്ച സംഭവത്തില്‍ വിഷ്ണുവിനെതിരെ കൊലക്കുറ്റം ചുമത്തും





